സിയോൾ: ആണവായുധങ്ങൾ ഉപയോഗിച്ച് സൈനിക ശക്തിയായി മാറുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ. ശത്രുക്കളുടെ ആക്രമണത്തിന് വിധേയമായാൽ അത് ഉപയോഗിക്കുമെന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും കിം പറഞ്ഞു.
ശരിയായ തന്ത്രപരമായ ആയുധങ്ങൾ പോലുമില്ലാത്ത ദക്ഷിണ കൊറിയൻ പ്രസിഡന്‍റ്, അമേരിക്കയുമായി ഒത്തുകളിച്ച് മേഖലയെ അസ്ഥിരപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂൻ സുക് യോൾ തന്‍റെ യജമാനന്‍റെ ശക്തിയിലുള്ള അന്ധമായ വിശ്വാസത്താൽ പൂർണമായും നശിച്ചിരിക്കുന്നുവെന്നും കിം പറഞ്ഞു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുക് യോളിന്‍റെ പേര് കിം പരാമർശിക്കുന്നത്.
സത്യം പറഞ്ഞാൽ, ദക്ഷിണ കൊറിയയെ ആക്രമിക്കാൻ ഞങ്ങൾക്ക് യാതൊരു ഉദ്ദേശവുമില്ല. പക്ഷേ, ശത്രുക്കൾ നമ്മുടെ രാജ്യത്തിനെതിരെ ബലപ്രയോഗം നടത്താൻ ശ്രമിച്ചാൽ, സൈന്യം മടികൂടാതെ എല്ലാ ആക്രമണ ശക്തിയും പ്രയോഗിക്കും. ആണവായുധം ഉപയോഗിക്കാൻ പോലും മടിക്കില്ല. ഒരു മഹാ സൈനിക ശക്തിയും ആണവശക്തിയും ആകാനുള്ള ചുവടുവെപ്പുകൾ കൂടുതൽ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.