വാഷിങ്ടണ്‍: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ ഭാവി വിലകള്‍ നാല് ശതമാനം വരെ ഉയര്‍ന്നു. മില്‍ട്ടണ്‍ ചുഴലിക്കാറ്റിന് മുമ്പുണ്ടായ എണ്ണ ഉപഭോഗത്തിലെ വര്‍ധനയാണ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് ഓയിലിന്റെ വില കൂടുന്നതിനുള്ള കാരണങ്ങളിലൊന്നായി വിലയിരുത്തുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ ഭാവി വിലകള്‍ 2.82 ഡോളര്‍ ഉയര്‍ന്നു. 3.7 ശതമാനം ഉയര്‍ച്ചയാണ് ബ്രെന്റ് ക്രൂഡിന് ഉണ്ടായത്. 79.40 ഡോളറായാണ് ബാരലിന് എണ്ണവില ഉയര്‍ന്നത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് ഓയിലിന്റെ വില 3.6 ശതമാനം കൂടി 75.85 ഡോളറിലെത്തി.
ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാജ്യങ്ങളിലൊന്നും ഉപഭോക്താവുമായ യു.എസില്‍ വീശിയടിച്ച മില്‍ട്ടണ്‍ ചുഴലിക്കാറ്റ് എണ്ണവിലയെ സ്വാധീനിച്ചു. ചുഴലിക്കാറ്റ് മൂലം എണ്ണവിതരണത്തിലും പല തടസ്സങ്ങളും നേരിടുന്നുണ്ട്. ഇത് വിലയില്‍ പ്രതിഫലിക്കുന്നു.
ഇറാന്റെ ഇസ്രായേല്‍ ആക്രമണമാണ് ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ഭാവി വില വര്‍ധിക്കാനുള്ള കാരണം. ഇറാന് ഇസ്രായേല്‍ തിരിച്ചടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. അതേസമയം, ഇറാന്റെ എണ്ണപ്പാടങ്ങളെ ഇസ്രായേല്‍ ആക്രമിച്ചാല്‍ അത് വലിയ പ്രത്യാഘതങ്ങള്‍ സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ ഇറാന്റെ എണ്ണപ്പാടങ്ങളെ ആക്രമിക്കരുതെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.