ന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പടെ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. വയനാട്, ലോക് സഭാ മണ്ഡലം പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലം എന്നിവിങ്ങളില്‍ നവംബര്‍ 13-നാണ് വോട്ടെടുപ്പ്. മഹാരാഷ്ട്രയില്‍ നവംബര്‍ 20-നും ഝാര്‍ഖണ്ഡില്‍ നവംബര്‍ 13, 20 തീയതികളിലും വോട്ടെടുപ്പ് നടക്കും. എല്ലായിടത്തും നവംബര്‍ 23നാണ് വോട്ടെണ്ണലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 25 ആണ്. സൂക്ഷ്മ പരിശോധന 28-ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 30 ആണ്. 47 നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട്, മഹാരാഷ്ട്രയിലെ നന്തേഡ് ലോക്സഭാ മണ്ഡലത്തിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നന്തേഡില്‍ നവംബര്‍ 20നും വയനാടും മറ്റ് 47 നിയമസഭാ മണ്ഡലങ്ങളിലും നവംബര്‍ 13നുമാണ് വോട്ടെടുപ്പ് നടക്കുക.
വയനാട് എം.പിയായിരുന്ന രാഹുല്‍ ഗാന്ധി രാജിവെച്ചതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അമേഠിയിലും വയനാടിലും മത്സരിച്ച് വിജയച്ച രാഹുല്‍ തന്റെ മുന്‍ മണ്ഡലമായ അമേഠി നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. രാഹുലിന് പകരക്കാരിയായി സഹോദരി പ്രിയങ്ക ഗാന്ധിയാണ് വയനാട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എത്തുക. രാഹുലിനെ പോലെ തന്നെ കൂറ്റന്‍ ഭൂരിപക്ഷത്തില്‍ പ്രീയങ്കയുടെ വിജയം ഉറപ്പാക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ 647,445 വോട്ടുകള്‍ക്കായിരുന്നു രാഹുലിന്റെ വിജയം. യു.ഡി.എഫിന്റെ കുത്തക മണ്ഡലമായ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പില്‍ യാതൊരു അത്ഭുതവും സൃഷ്ടിക്കാനാകില്ലെങ്കിലും ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്ന തിരഞ്ഞെടുപ്പില്‍ ആവേശത്തോടെ ഇറങ്ങാന്‍ തന്നെയാണ് എല്‍.ഡി.എഫിലേയും എന്‍.ഡി.എയിലേയും ആലോചന. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ രാഹുലിന് എതിരായി ആനി രാജെയെ ആയിരുന്നു സി.പി.ഐ ഇറക്കിയത്. ഇത്തവണ മുന്‍ പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോളുടെ പേര് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
അതേസമയം പാലക്കാട് എം.എല്‍.എ ആയിരുന്ന ഷാഫി പറമ്പില്‍ വടകരയില്‍ നിന്നും ലോക്സഭയിലേക്ക് വിജയിച്ചതിനാലാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ യുവ നേതാവിനെ തന്നെ മത്സരിപ്പിക്കാനുള്ള സാധ്യതയാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തലിന്റെ പേരിനാണ് മണ്ഡലത്തില്‍ മുന്‍തൂക്കം.
ബി.ജെ പി.രണ്ടാം സ്ഥാനത്ത് നില്ക്കുന്ന മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്റേയും ബി.ജെ.പി ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റേയും പേരുകളാണ് പരിഗണിക്കുന്നത്. സി.പി.എം ആകട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരെന്നതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാമെന്ന നിലപാടിലാണ്. സ്വതന്ത്രരെ പരിഗണിക്കുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. മന്ത്രിയായ കെ രാധാകൃഷ്ണന് ലോക്സഭയിലേക്ക് ജയിച്ചതിനാലാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാധാകൃഷ്ണന് പകരക്കാരനായി മുന്‍ എം.എല്‍.എ യു പ്രദീപിനെയാണ ്സി.പി.എം പരിഗണിക്കുന്നത്. മുന്‍ എം.പി രമ്യ ഹരിദാസിന്റെ പേരാണ് കോണ്‍ഗ്രസില്‍ ചര്‍ച്ചയാകുന്നത്.
മഹാരാഷ്ട്രയിലെ 288 സീറ്റുകളില്‍ ജനറല്‍ വിഭാഗം 234 സീറ്റുകളിലും എസ്.സി വിഭാഗം 29 സീറ്റുകളിലും എസ്.ടി വിഭാഗം 25 സീറ്റുകളിലും മത്സരിക്കും. ഝാര്‍ഖണ്ഡില്‍ 81 സീറ്റുകളില്‍ 44 എണ്ണം ജനറല്‍ വിഭാഗത്തിനും എസ്.ടി വിഭാഗത്തിന് 28ഉം എസ് സി വിഭാഗത്തിന് 9 സീറ്റുകളിലുമായി മത്സരിക്കും. കഴിഞ്ഞതവണ മഹാരാഷ്ട്രയില്‍ ഒറ്റ ഘട്ടമായും ജാര്‍ഖണ്ഡില്‍ 5 ഘട്ടമായുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
മഹാരാഷ്ട്രയില്‍ എക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം വീണ്ടും അധികാരത്തില്‍ വരുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുമ്പോള്‍ കോണ്‍ഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), എന്‍.സി.പി (ശരദ് പവാര്‍) എന്നിവരടങ്ങിയ മഹാവികാസ് അഘാഡി സഖ്യം അധികാരത്തില്‍ തിരിച്ചെത്തുമെന്ന കണക്കുകൂട്ടലിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം തുണയാകുമെന്നും മഹാവികാസ് അഘാഡി സഖ്യം കണക്ക് കൂട്ടുന്നു.
ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഝാഖണ്ഡ് മുക്തി മോര്‍ച്ചയാണ് നിലവിലെ ഭരണകക്ഷി. 2019 ലെ തെരഞ്ഞെടുപ്പില്‍ ജെ.എം.എം 30 സീറ്റുകള്‍ നേടുകയും 16 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയുമായിരുന്നു. ജനുവരിയില്‍ ഭൂമി കുംഭകോണക്കേസില്‍ സോറന് അറസ്റ്റിലായതോടെ രാജിവച്ച് മുതിര്‍ന്ന ജെ.എം.എം മുതിര്‍ന്ന നേതാവായ ചമ്പായ് സോറനെ മുഖ്യമന്ത്രിയാക്കി.
ജയില്‍ മോചിതനായതോടെ ഹേമന്ത് സോറന് തന്നെ അധികാരത്തിലെത്തി. പിന്നാലെ ചമ്പായ് സോറന് ബിജെപിയിലെത്തി. ഇത്തവണ ബിജെപിക്കും ജെ.എം.എമ്മിനും അഭിമാനപ്പോരാട്ടമാണ്. അധികാരം നിലനിര്‍ത്താനാകുമെന്ന് സോറനും തിരിച്ചുപിടിക്കാനാകുമെന്ന് ബി.ജെ.പിയും കണക്ക് കൂട്ടുന്നു. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബര്‍ 26-ന് അവസാനിക്കുമ്പോള്‍ ഝാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി അടുത്ത വര്‍ഷം ജനുവരി 5-നാണ് അവസാനിക്കുക.