Wednesday, October 16, 2024

HomeMain Storyഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ വീണു; നിജ്ജാര്‍ ചെറുപ്പത്തിലേ കുറ്റവാളി

ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ വീണു; നിജ്ജാര്‍ ചെറുപ്പത്തിലേ കുറ്റവാളി

spot_img
spot_img

നേര്‍കാഴ്ച ലേഖഖന്‍

ഇന്ത്യ-കാനഡ ബന്ധം കുടുതല്‍ മേശമായിരിക്കുകയാണ്. ഖാലിസ്ഥാന്‍ ഭീകരനും കൊടും കുറ്റവാളിയുമായ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കേസില്‍, ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിയാക്കാനുള്ള കാനഡ സര്‍ക്കാരിന്റെ നീക്കത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കുടുതല്‍ വഷളായിരിക്കുന്നത്.

കാനഡയ്ക്ക് ശക്തമായ മറുപടി നല്‍കുമെന്ന നിലപാടിലാണ് ഇന്ത്യ. ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കേസില്‍ പെടുത്താനുള്ള കനേഡിയന്‍ നീക്കം ശക്തമായി ചെറുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇന്ത്യ ആറ് കനേഡിയന്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ കാനഡയും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അടക്കമുള്ളവരോട് രാജ്യം വിടാന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

കാനഡയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ജസ്റ്റിന്‍ ട്രൂഡോ മുതിരുകയാണെന്നാണ് ഇന്ത്യയുടെ ആരോപണം. കുടിയേറ്റ നയത്തെ അനുകൂലിക്കുന്നവരാണ് ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി. സിഖുകാരുടെ പിന്തുണ പാര്‍ട്ടിക്ക് ആവശ്യമാണ്. പ്രത്യേകിച്ച് ജഗ്മിത് സിങ് നയിക്കുന്ന 24 അംഗങ്ങളുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി സെപ്റ്റംബറില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍. നിജ്ജാറിന്റെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കുന്നില്ലെന്നാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിക്കുന്നത്.

2023 ജൂണ്‍ 18-ന് ബ്രിട്ടീഷ് കൊളംബിയയില്‍ വെച്ച് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നാണ് കാനഡയുടെ ആരോപണം. പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ച ഖലിസ്ഥാന്‍ ഭീകരനാണ് ഹര്‍ദീപ് സിങ് നിജ്ജര്‍ (45). ഇയാളുടെ തലയ്ക്ക് ഇന്ത്യ 10 ലക്ഷം രൂപ വിലയിട്ടിരുന്നു. കാനഡ-യു.എസ് അതിര്‍ത്തിയിലെ സറെയില്‍ സിഖ് ഗുരുദ്വാരയ്ക്കു പുറത്തു നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലാണു ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് (കെ.ടി.എഫ്) കാനഡയിലെ തലവനായ നിജ്ജാറിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് ഇന്ത്യക്കാരായ കരന്‍പ്രീത് സിങ്, കമല്‍പ്രീത് സിങ്, കരന്‍ ബ്രാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

നിജ്ജാറിന് ദീര്‍ഘകാലത്തെ ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് ബന്ധപ്പെട്ട ഇന്ത്യന്‍ അധികൃതര്‍ തയ്യാറാക്കിയ കേസ് ഫയല്‍ വ്യക്തമാക്കുന്നു. എണ്‍പതുകള്‍ മുതല്‍ തന്നെ കുറ്റകൃത്യ ചരിത്രമുള്ള നിജ്ജാര്‍, ചെറുപ്പകാലത്തുതന്നെ പ്രാദേശിക ഗുണ്ടാസംഘങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നുവത്രേ. 1996-ല്‍ വ്യാജപാസ്പോര്‍ട്ടുമായി കാനഡയിലേക്ക് കടന്ന നിജ്ജാര്‍, കനേഡിയന്‍ പൗരത്വം നേടുകയായിരുന്നു.

അവിടെ ട്രക്ക് ഡ്രൈവറായി ജോലിചെയ്യുന്നതിനിടെ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിക്കുന്നതിന് പ്രായോഗിക പരിശീലനം നേടുന്നതിനായി പാകിസ്താനിലേക്ക് യാത്ര നടത്തിയിരുന്നു. കൂടാതെ, ഇന്ത്യയില്‍ നിരവധി കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും നിജ്ജര്‍ നിര്‍ദേശം നല്‍കിയിരുന്ന വിവരവും കേസ് ഫയലിലുണ്ട്. പഞ്ചാബ് ജലന്ധറിലെ ഭാര്‍ സിങ് പുര സ്വദേശിയായിരുന്ന നിജ്ജാറിനെ ഗുണ്ടാജീവിതത്തിലേക്ക് നയിച്ചത് നേക എന്നറിയപ്പെട്ടിരുന്ന ഗുര്‍നേക് സിങ്ങായിരുന്നു.

എണ്‍പതുകളിലും 90-കളിലും ഖലിസ്താന്‍ കമാന്‍ഡോ ഫോഴ്സുമായി (കെ.സി.എഫ്) നിജ്ജാര്‍ ബന്ധം പുലര്‍ത്തിയിരുന്നു. അനവധി ഭീകരപ്രവര്‍ത്തനകേസുകളില്‍ പേര് ഉള്‍പ്പെട്ടതോടെയാണ് നിജ്ജാര്‍ 1996-ല്‍ കാനഡയിലേക്ക് കടന്നത്. 2012 മുതല്‍ ഖലിസ്താന്‍ ടൈഗര്‍ ഫോഴ്സ് തലവന്‍ ജഗ്താര്‍ സിങ് താരയുമായി അടുത്ത ബന്ധത്തിലായി. 2012 ഏപ്രിലില്‍ ഒരു സാമുദായിക ജാഥയിലെ അംഗമായി വേഷം ധരിച്ച് പാകിസ്താന്‍ സന്ദര്‍ശിക്കുകയും രണ്ടാഴ്ചക്കാലം ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉപയോഗിക്കുന്നതില്‍ പരിശീലനം നേടുകയും ചെയ്തു.

കാനഡയിലേക്ക് മടങ്ങിയെത്തിയ നിജ്ജാറിന്റെ അടുത്ത ലക്ഷ്യം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണമായിരുന്നു. ഇതിനായി കാനഡയില്‍ മയക്കുമരുന്നും ആയുധവും കടത്തുന്ന സംഘവുമായി നിജ്ജാര്‍ സഹകരിച്ചു. ജഗ്താര്‍ സിങ് താരയുമായി ചേര്‍ന്ന് പഞ്ചാബില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി നിജ്ജാര്‍ തയ്യാറാക്കി. ഇതിനായി മന്‍ദീപ് സിങ് ധലിവാള്‍, സര്‍ബ്ജിത് സിങ്, അനൂപ് വീര്‍ സിങ്, ഫൗജി എന്നറിയപ്പെടുന്ന ദര്‍ശന്‍ സിങ് തുടങ്ങിയവരുള്‍പ്പെടുന്ന ഒരു സംഘവും കാനഡയില്‍ രൂപവത്കരിച്ചു. 2015-ല്‍ സംഘാംഗങ്ങള്‍ക്ക് ബ്രിട്ടീഷ് കൊളംബിയയില്‍ ആയുധപരിശീലനം ലഭിച്ചതായും കേസ് ഫയലില്‍ പറയുന്നു.

2014-ല്‍ ഹരിയാനയില സിര്‍സയിലുള്ള ദേര സച്ചാ സൗദയുടെ ആസ്ഥാനത്ത് ഭീകരാക്രമണം നടത്താനും നിജ്ജാര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ നിജ്ജറിന് ഇന്ത്യയിലെത്താന്‍ സാധിക്കാത്തതിനാല്‍ ആക്രമണ പദ്ധതിയില്‍ മാറ്റംവരുത്തി. മുന്‍ ഡി.ജി.പി മുഹമ്മദ് ഇസാര്‍ ആലം, പഞ്ചാബിലെ ശിവസേന നേതാവ് നിഷാന്ത് ശര്‍മ, ബാബ മന്‍ സിങ് പെഹോവ വാവാലെ എന്നിവരെ ആക്രമിക്കാനായിരുന്നു നിജ്ജാറിന്റെ പദ്ധതി. പഞ്ചാബില്‍ ഭീകരാക്രമണങ്ങള്‍ നടത്താനായി പഞ്ചാബിലെ ഗുണ്ടാത്തലവനായ അര്‍ഷ്ദീപ് ഗില്ലുമായും നിജ്ജാര്‍ ബന്ധം പുലര്‍ത്തിയിരുന്നു. സിഖ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോപണവിധേയരായ മനോഹര്‍ ലാല്‍ അറോറ, മകന്‍ ജതീന്ദര്‍ബിര്‍ സിങ് അറോറ എന്നിവരെ കൊലപ്പെടുത്താന്‍ അര്‍ഷ്ദീപിനെ ചുമതലപ്പെടുത്തിയത് നിജ്ജറായിരുന്നു.

അതേസമയം നിജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞ ട്രൂഡോയുടെ ആരോപണങ്ങള്‍ ഇന്ത്യ പൂര്‍ണമായും തള്ളിയിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും പരസ്പരം നയതന്ത്രജ്ഞരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ രൂക്ഷമായ ഭാഷയിലാണ് വാക്കേറ്റമുണ്ടായത്. നിലവില്‍ ഇന്ത്യ-കാനഡ ബന്ധം ഏറ്റവും മോശമായ അവസ്ഥയിലാണ്.

ബന്ധം സാധാരണ നിലയിലാക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കാനഡയില്‍ സ്ഥിര താമസമാക്കിയ ചില കനേഡിയന്‍ സിഖുകാര്‍ ഇന്ത്യയ്ക്കുള്ളില്‍ ഒരു പ്രത്യേക സിഖ് രാഷ്ട്രം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അക്രമാസക്തമായ ഖാലിസ്ഥാനി പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ഇന്ത്യയുടെ പക്ഷം. ഇതു ഒരു പരിധിവരെ ശരിയാണെന്ന് അടുത്തിടെയുണ്ടായ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇക്കാര്യങ്ങളാണ് തര്‍ക്കത്തിന്റെ പ്രധാന പോയിന്റായി കരുതുന്നത്. ഏകദേശം 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ സൈന്യം അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രം ആക്രമിക്കുകയും തുടര്‍ന്ന് 1984 ഒക്ടോബറില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ രണ്ട് സിഖ് അംഗരക്ഷകര്‍ കൊലപ്പെടുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍, ഖാലിസ്ഥാന്‍ അനുകൂലികളെന്ന് ഇന്ത്യ ആരോപിക്കുന്ന ചിലര്‍ക്കെതിരെ കാനഡയില്‍ നിന്ന് നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയുടെ ഇത്തരം അഭ്യര്‍ത്ഥനകള്‍ കാനഡ ഇതുവരെ പരിഗണിച്ചിട്ടില്ല. ഹര്‍ദീപ് സിംഗ് നിജ്ജാറിനെ ഖാലിസ്ഥാന്‍ ഭീകരന്‍ എന്നാണ് ഇന്ത്യ വശേഷിപ്പിക്കുന്നത്. ജസ്റ്റിന്‍ ട്രൂഡോ അവിടെ ‘സിഖ് വോട്ട് ബാങ്ക്’ ആകര്‍ഷിക്കുകയാണെന്നും ഖാലിസ്ഥാനി അനുകൂലികള്‍ക്കെതിരെ നടപടി വേണമെന്ന ഇന്ത്യയുടെ ആവശ്യം അദ്ദേഹത്തിന്റെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ഇന്ത്യ പരസ്യമായി പറഞ്ഞു. കാനഡ സിക്കുകാരുടെ ഏറ്റവുംവലിയ കുടിയേറ്റ രാജ്യമാണ്. ഇന്ത്യാ വിരുദ്ധ ഭകരത വളര്‍ത്താന്‍ സിഖ് ഭീകരര്‍ക്ക് കാനഡ വളംവയ്ക്കുകയാണോ എന്ന സംശയത്തിന് കരുത്തുനല്‍കുന്നതാണ് ആനുകാലിക സംഭവവികാസങ്ങള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments