പാരീസ്: കാൽപന്തുകളിയിലെ ഫ്രഞ്ച് സുവർണ താരം കിലിയൻ എംബാപ്പെക്കെതിരെ ലൈംഗിക പീഡന പരാതി. സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നടത്തിയ രണ്ടു ദിവസത്തെ സന്ദർശനത്തിനിടെയാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വാർത്ത സ്വീഡിഷ് പ്രോസിക്യൂട്ടറും സ്ഥിരീകരിച്ചു. സ്വീഡിഷ് പത്രങ്ങളായ എക്സ്പ്രസ്സെനുംഅതോൻബ്ലേഡറ്റുമാണ് വാർത്ത പുറത്തുവിട്ടത്. ഒക്ടോബർ 10ന് ബാങ്ക് ഹോട്ടലിൽവെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായാണ് ഇര നൽകിയ പരാതി. എംബാപ്പെയും സുഹൃത്തുക്കളും ഈ ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഇരയുടെ പരാതിക്കു പിന്നാലെ പ്രോസിക്യൂട്ടർ അന്വേഷണം നടത്തി ക്രിമിനൽ റിപ്പോർട്ട് പൊലീസിന് സമർപ്പിച്ചതായി സ്വീഡൻ പ്രോസിക്യൂഷൻ അതോറിറ്റി പ്രസ്‌താവനയിൽ അറിയിച്ചു. എന്നാൽ, താരത്തിൻറെ പേരെടുത്ത് പറയുന്നില്ല. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഭവത്തിനു പിന്നാലെ എംബാപ്പെയും സംഘവും വെള്ളിയാഴ്ച തന്നെ മടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. വൈദ്യസഹായം തേടിയ ശേഷമാണ് ഇര പരാതി നൽകിയതെന്ന് സ്വീഡിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എംബാപ്പെക്കെതിരായ പീഡന പരാതി എ.എഫ്.പി വാർത്ത ഏജൻസി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, സ്വീഡിഷ് മാധ്യമ വാർത്തകൾ വ്യാജമാണെന്ന് എംബാപ്പെ പ്രതികരിച്ചു. സ്വീഡിഷ് മാധ്യമങ്ങളിൽ അപകീർത്തികരമായ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഈ ആരോപണങ്ങൾ പൂർണമായും തെറ്റാണെന്നും ആരോപണം അംഗീകരിക്കാനാവില്ലെന്നും എംബാപ്പെയുടെ മീഡിയ ടീം വ്യക്തമാക്കി