Monday, February 24, 2025

HomeMain Storyനവീന്‍ ബാബുവിന്റെ മരണം: ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

നവീന്‍ ബാബുവിന്റെ മരണം: ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

spot_img
spot_img

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തലശ്ശേരി ജില്ലാ കോടതിയിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നാണ് പറയുന്നത്. പ്രസംഗം സദുദേശ്യപരമായിരുന്നുവെന്നും ദിവ്യ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി നാളെ കോടതി പരിഗണിക്കും.

നവീന്‍ ബാബുനെതിരെ കൂടുതല്‍ ആരോപണങ്ങളാണ് പി.പി ദിവ്യ ഉന്നയിച്ചിരിക്കുന്നത്. നവീന്‍ ബാബു ഫയലുകള്‍ വെച്ച് താമസിപ്പിക്കുന്നു എന്ന് പരാതി നേരത്തെയുണ്ടായിരുന്നു. പ്രശാന്തന്‍ മാത്രമല്ല, ഗംഗാധരന്‍ എന്നയാളും തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്ന് ദിവ്യ പറയുന്നു. ഫയല്‍ നീക്കം വേഗത്തില്‍ വേണമെന്ന് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും പി.പി ദിവ്യ പറഞ്ഞു. ക്ഷണിക്കാതെയാണ് യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് എന്ന വാദം തെറ്റാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

യാത്രയയപ്പ് ദിവസം രാവിലെ ഒരു ഔദ്യോഗിക പരിപാടിയില്‍ വെച്ച് കളക്ടര്‍ ആണ് തന്നെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചത്. മൂന്നുമണിക്കായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. ഔദ്യോഗിക പരിപാടികളുടെ തിരക്കിലായതിനാല്‍ കൃത്യസമയത്ത് എത്താന്‍ സാധിച്ചില്ല. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി എന്ന നിലയിലാണ് ചടങ്ങില്‍ വെച്ച് കാര്യങ്ങള്‍ പറഞ്ഞത്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. പ്രായമായ മാതാപിതാക്കളും ഭര്‍ത്താവും ഒരു പെണ്‍കുട്ടിയും തനിക്കുണ്ട്. അതുകൊണ്ട് തനിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും പി.പി ദിവ്യ ആവശ്യപ്പെട്ടു.

ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നേരത്തെ പോലീസ് ചുമത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ദിവ്യ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ അറസ്റ്റിനുള്ള സാധ്യതയുണ്ട്. അതിനാല്‍ അറസ്റ്റ് തടയണമെന്നും ദിവ്യ ആവശ്യപ്പെടുന്നു. ഏതെങ്കിലും തരത്തില്‍ ആത്മഹത്യയിലേക്ക് തള്ളിവിടാനുള്ള ഒരു പ്രേരണയും തന്റെ സംസാരത്തില്‍ ഉണ്ടായിരുന്നില്ല. ഒരു അഴിമതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കുക മാത്രമാണ് ചെയ്തത്. പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇത് ജാമ്യമില്ലാ വകുപ്പാണ്.

എ.ഡി.എമ്മിന്റെ മരണം വിവാദമായതിന് പിന്നാലെ പിപി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സി.പി.എം മാറ്റിയിരുന്നു. അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ചിരുന്നു കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍. ഖേദം പ്രകടിപ്പിക്കുന്ന കത്ത് സബ് കളക്ടര്‍ വഴിയാണ് പത്തനംതിട്ട മലയാലപ്പുഴയിലെ നവീന്‍ ബാബുവിന്റെ കുടുംബത്തിന് കൈമാറിയത്. സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങളാണെന്നും താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കളക്ടര്‍ കത്തില്‍ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments