പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ ഡോ.പി സരിന്‍ സി.പി.എം സ്വതന്ത്രനായി പാലക്കാട് മത്സരിക്കും. പാര്‍ട്ടി ചിഹ്നത്തിലായിരിക്കില്ല സരിന്‍ മത്സരിക്കുക. പൊതുവോട്ടുകള്‍ കൂടി നേടുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി ചിഹ്നം വേണ്ടെന്ന് വെക്കുന്നത്. ഇനി ഇടതുപക്ഷത്തിനൊപ്പമെന്നും സ്ഥാനാര്‍ത്ഥിത്വം വിഷയമല്ല സി.പി.എം ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും സരിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി സരിന്‍ എത്തിയിരുന്നു.
മണിയടി രാഷ്ട്രീയത്തിന്റെ വക്താവാണ് രാഹുലെന്നും വളര്‍ന്നു വരുന്ന കുട്ടി സതീശനാണ് രാഹുലെന്നും സരിന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും സരിന്‍ തുറന്നടിച്ചു. പിന്നാലെ ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് വിലയിരുത്തി പാര്‍ട്ടിയില്‍ നിന്നും സരിനെ പുറത്താക്കി.
സിവില്‍ സര്‍വീസ് സ്വപ്നം കണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ലക്ഷക്കണക്കിന് പേരില്‍ ചുരുക്കം ചിലര്‍ മാത്രമായിരിക്കും ലക്ഷ്യത്തില്‍ എത്തിച്ചേരുക. എന്നാല്‍ ഇപ്പറഞ്ഞ ബാലികേറാമല ആദ്യ പരിശ്രമത്തില്‍ തന്നെ മറികടന്ന ശേഷം രാജിവച്ച് പുറത്ത് കടന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശി ഡോ. പി സരിന്‍.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കിയ കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായിരുന്ന സരിനെ പാര്‍ട്ടി പുറത്താക്കിയതോടെ അദ്ദേഹത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചുള്ള തിരച്ചില്‍ സൂചകങ്ങളില്‍ വന്‍ കുതിപ്പാണ്.
തിരുവില്വാമല പകവത്ത് കുടുംബാംഗമായ സരിന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് 2007ലാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. 2008 ലാണ് സിവില്‍ സര്‍വീസ് പരീക്ഷ ആദ്യമായി എഴുതി 555 റാങ്ക് നേടി. ഇന്ത്യന്‍ അക്കൗണ്ടസ് ആന്‍ഡ് ഓഡിറ്റ് സര്‍വീസില്‍ ആദ്യ പോസ്റ്റിങ് തിരുവനന്തപുരത്ത്. പിന്നെ നാലു വര്‍ഷം കര്‍ണ്ണാടകത്തില്‍ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ ആയി.
2016-ലാണ് സരിന്‍ സിവില്‍ സര്‍വീസ് രാജിവെയ്ക്കുക എന്ന നിര്‍ണായക തീരുമാനം എടുക്കുന്നത്. എട്ടു വര്‍ഷത്തെ സര്‍വീസ് ജീവിതത്തിനൊടുവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന സരിന്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ (2021 ) ഒറ്റപ്പാലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി. സിപിഎമ്മിലെ പ്രേംകുമാറിനോട് 15,152 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.
തുടര്‍ന്ന് എല്‍.എല്‍.ബി പഠനത്തിനുള്ള പ്രവേശന പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ പത്താം റാങ്ക് നേടി സരിന്‍ എറണാകുളത്തെ സര്‍ക്കാര്‍ ലോ കോളജില്‍ 3 വര്‍ഷത്തെ പഠനത്തിനു ചേര്‍ന്നു. 2023-ല്‍ ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച അനില്‍ ആന്റണിക്കു പകരക്കാരനായാണ് കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ ചുമതലയില്‍ ഡോ.പി സരിനെത്തിയത്. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗത്തിലും ഐ.ടി സെല്ലിലും സരിന്‍ പ്രവര്‍ത്തിച്ചിരുന്നു.
കലാകാരി കൂടിയായ ഡോ. സൗമ്യയാണ് സരിന്റെ ജീവിതപങ്കാളി. സ്‌കൂള്‍ പഠന കാലത്ത് മൂന്ന് തവണ പാലക്കാട് ജില്ലാ കലാതിലകം ആയിരുന്നു. നൃത്തത്തിലും സംഗീതത്തിലും മികവ് തെളിയിച്ചിട്ടുണ്ട്. സി.എ.എ സമരകാലത്ത് ഡോ. സൗമ്യയും ഡോ. സരിനും ചേര്‍ന്ന് വീടിനു മുന്നില്‍ വെച്ച ബോര്‍ഡ് വൈറല്‍ ആയിരുന്നു. ഇരുവരുടെയും പേരിനൊപ്പം ‘പരിശോധനയും നിര്‍ദ്ദേശങ്ങളും ഭരണഘടനയിലുള്ള വിശ്വാസത്തിന് വിധേയമായിരിക്കും’ എന്നാണ് ബോര്‍ഡില്‍ എഴുതിയിരുന്നത്.
എന്നാല്‍ മെഡിക്കല്‍ എത്തിക്‌സിന് എതിരാണ് നെയിം ബോര്‍ഡിലെ പരാമര്‍ശങ്ങളെന്നും രാഷ്ട്രീയവും തൊഴിലും കൂട്ടിക്കുഴയ്ക്കരുതെന്നും വിമര്‍ശനം ഉയര്‍ന്നു. പൗരത്വ ഭേദഗതിയേയും എന്‍ആര്‍സിയേയും എതിര്‍ക്കുന്നവര്‍ക്കെ ചികിത്സ നല്‍കൂവെന്നാണ് ഇവര്‍ പറഞ്ഞതെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടന്നു. ഇപ്പോള്‍ യു.എ.ഇയില്‍ പ്രാക്റ്റീസ് ചെയ്യുകയാണ് ഡോ. സൗമ്യ.