പാരിസ്: ഗസ്സ-ലബനാൻ ആക്രമണം അവസാനിപ്പിക്കാതെ ഇസ്രായേലിനോടുള്ള നിലപാട് മയപ്പെടുത്തില്ലെന്നു വ്യക്തമാക്കി ഫ്രാൻസ്. അടുത്ത മാസം പാരിസിൽ നടക്കാനിരിക്കുന്ന പ്രതിരോധ വ്യാപാര പ്രദർശനത്തിൽ ഇസ്രായേൽ കമ്പനികൾക്കു വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഫ്രാൻസ്. ലോകത്തെ മുൻനിര പ്രതിരോധ എക്‌സിബിഷനുകളിലൊന്നായ ‘യൂറോനേവൽ 2024’ ട്രേഡ് ഷോയിലാണ് ഇസ്രായേൽ കമ്പനികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
യൂറോനേവൽ ഷോയുടെ 29-ാമത് എഡിഷനാണ് പാരിസിലെ നോർഡ് വില്ലെപിന്റ് കൺവെൻഷൻ സെന്ററിൽ നവംബർ നാലു മുതൽ ഏഴുവരെ നടക്കാനിരിക്കുന്നത്. പ്രദർശനത്തിൽ ഇസ്രായേൽ പ്രതിനിധികൾക്കു പങ്കെടുക്കാം. എന്നാൽ, ഇസ്രായേൽ കമ്പനികൾക്കും കോൺട്രാക്ടർമാർക്കും തങ്ങളുടെ ആയുധങ്ങളും പ്രതിരോധസന്നാഹങ്ങളും പ്രദർശിപ്പിക്കാനാകില്ലെന്ന് ഫ്രഞ്ച് മാധ്യമമായ ‘പൊളിറ്റികോ’ റിപ്പോർട്ട് ചെയ്തു.
ഏതാനും മാസങ്ങൾക്കിടെ ഇതു രണ്ടാം തവണയാണ് ഇസ്രായേൽ ആയുധ കമ്പനികൾക്കെതിരെ ഫ്രാൻസിന്റെ നടപടിയുണ്ടാകുന്നത്. കഴിഞ്ഞ ജൂണിൽ നടന്ന ലോകത്തെ തന്നെ ഏറ്റവും വലിയ ആയുധ പ്രദർശനങ്ങളിലൊന്നായ ‘യൂറോസാറ്ററി’യിലും ഇസ്രായേൽ കമ്പനികൾക്ക് ഫ്രാൻസ് വിലക്കേർപ്പെടുത്തിയിരുന്നു. നടപടി അവസാനനിമിഷം ഫ്രഞ്ച് കോടതി സ്‌റ്റേ ചെയ്‌തെങ്കിലും കമ്പനികൾക്ക് എക്‌സ്ബിഷനിൽ പങ്കെടുക്കാനായില്ല.
യൂറോപ്പിലെ ഏറ്റവും വലിയ നാവിക പ്രതിരോധ വ്യാപാര പ്രദർശനമാണ് യൂറോനേവൽ. പ്രതിരോധ നിക്ഷേപരംഗത്തെ പുതിയ സാധ്യതകൾ തുറക്കുന്നതിനൊപ്പം ആഗോള പ്രതിരോധ-ആയുധ കമ്പനികൾക്കു ശക്തിപ്രകടനത്തിനുള്ള വേദി കൂടിയാണിത്. ബ്രിട്ടീഷ് ബഹുരാഷ്ട്ര ബഹിരാകാശ, പ്രതിരോധ കമ്പനിയായ ബിഎഇ സിസ്റ്റംസ്, ഫ്രാൻസിലെ ഏറ്റവും വലിയ നാവിക പ്രതിരോധ കമ്പനിയായ നേവൽ ഗ്രൂപ്പ്, ഇറ്റലിയിലെ ട്രിസ്റ്റെ ആസ്ഥാനമായുള്ള കപ്പൽ നിർമാണ കമ്പനിയായ ഫിൻകാന്റിയേരി, നെതർലൻഡ്‌സിലെ ആംസ്റ്റർഡാം ആസ്ഥാനമായുള്ള യൂറോപ്യൻ പ്രതിരോധ വ്യവസായ കമ്പനിയായ കെഎൻഡിഎസ് തുടങ്ങി ലോകത്തെ മുൻനിര കമ്പനികൾ പ്രദർശനത്തിന്റെ ഭാഗമാകുന്നുണ്ട്.
പ്രമുഖ ഇസ്രായേൽ പ്രതിരോധ കമ്പനികളും യൂറോനേവലിൽ പങ്കെടുക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്രായേലി പ്രതിരോധ സാങ്കേതിക കമ്പനികളായ റാഫേൽ, എൽബിറ്റ് സിസ്റ്റംസ്, ഇസ്രായേലിലെ ഏറ്റവും പ്രധാന ബഹിരാകാശ-വ്യോമയാന കമ്പനിയായ ഇസ്രായേൽ എയറോസ്‌പേസ് ഇൻഡസ്ട്രീസ് ഉൾപ്പെടെ പ്രദർശനത്തിന്റെ ഭാഗമാകുമെന്ന് വെബ്‌സൈറ്റിൽ അറിയിച്ചിരുന്നു. ഫ്രഞ്ച് ഭരണകൂടത്തിന്റെ പുതിയ വിലക്ക് ഈ കമ്പനികൾക്കെല്ലാം വലിയ തിരിച്ചടിയാകും.
ഗസ്സയിലും ലബനാനിലും ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഫ്രാൻസ്. ആക്രമണം നിർത്തി വെടിനിർത്തലിന് തയാറാകണമെന്ന് ഫ്രാൻസ് പലതവണ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലിന് ആയുധം നൽകുന്നത് അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിവിധ രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഭിസംബോധന ചെയ്തും മാക്രോൺ കടുത്ത പരാമർശങ്ങൾ നടത്തി. യുഎൻ പ്രമേയത്തിലൂടെ രൂപംകൊണ്ട രാജ്യമാണ് ഇസ്രായേൽ എന്ന കാര്യം നെതന്യാഹു മറക്കരുതെന്നായിരുന്നു മാക്രോൺ പറഞ്ഞത്. പരാമർശത്തിനെതിരെ രൂക്ഷമായ ഭാഷയിൽ നെതന്യാഹുവും പ്രതികരിച്ചു. ഏകപക്ഷീയമായ വെടിനിർത്തലിന് തങ്ങൾ ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ലബനാൻ വിഷയം ചർച്ച ചെയ്യാനായി പാരിസിൽ ഫ്രാൻസ് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇസ്രായേലിനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര കോടതിയെ സമീപിച്ച ദക്ഷിണാഫ്രിക്ക, യുഎന്നിൽ കടുത്ത നിലപാടെടുത്ത അൾജീരിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണു വിവരം. സ്വയം പ്രതിരോധമെന്ന ഇസ്രായേലിന്റെ മൗലികാവകാശം നിഷേധിക്കാനുള്ള നീക്കമാണിതെന്നാണ് ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്.