കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരെ അദ്ദേഹത്തിന്റെ യാത്രയയപ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.വി ദിവ്യ രൂക്ഷമായ പ്രസ്താവന നടത്തിയത് സിപിഐ ഇടപെടലെന്ന് സൂചന. പെട്രോള്‍ പമ്പിന്റെ എന്‍ഓസിക്കായി സിപിഐ സഹായിച്ചെന്ന് ദിവ്യയോട് പറഞ്ഞിരുന്നതായി അപേക്ഷകന്‍ പ്രശാന്ത് വ്യക്തമാക്കി
വിജിലൻസിനും ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ക്കും നല്‍കിയ മൊഴികളിലാണ് സിപിഐ സഹായത്തെപ്പറ്റി പരാമര്‍ശമുള്ളത്. ഇത്തരത്തില്‍ സിപിഐ ബന്ധപ്പെട്ട ശേഷം എഡിഎം സ്ഥലം സന്ദര്‍ശിച്ചത് ദിവ്യയ്ക്ക് രൂക്ഷമായ പ്രകോപനത്തിന് ഇടയാക്കിയതായും സൂചനയുണ്ട്.
ഇതിനിടെ, പെട്രോള്‍ പമ്പ് വിഷയത്തില്‍ പ്രശാന്തിന്റെ ആവശ്യപ്രകാരം എഡിഎം നവീന്‍ ബാബുവിനെ വിളിച്ചിരുന്നുവെന്ന് സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സിപി സന്തോഷ് കുമാര്‍ സ്വകാര്യ വാര്‍ത്താ ചാനലിനോട് സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം, എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച വിവാദ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ മൊഴി നല്‍കി. സംഭവത്തില്‍ വകുപ്പ് തലത്തില്‍ വിശദമായ അന്വേഷണം നടത്തുന്ന ലാന്‍ഡ് റവന്യു വിഭാഗം ജോയിന്റ് കമ്മീഷണര്‍ക്കാണ് കളക്ടര്‍ മൊഴി നല്‍കിയത്. എഡിഎമ്മിന്റെ യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും കളക്ടറുടെ മൊഴിയിലുണ്ട്. ഇക്കാര്യം സ്റ്റാഫ് കൗണ്‍സിലും സ്ഥിരീകരിച്ചു. മുന്‍കൂട്ടി തീരുമാനിച്ച സമയത്താണ് യാത്രയയപ്പ് നടന്നതെന്നാണ് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളും എ ഗീതയോട് പറഞ്ഞത്.
എ ഗീത റിപ്പോര്‍ട്ട് നല്‍കിയാല്‍ കളക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ കളക്ടര്‍ പിണറായിയിലെ വീട്ടിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. രാത്രിയിലാണ് കൂടിക്കാഴ്ച നടന്നത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് വിവരം. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രയയപ്പ് യോഗത്തിലും അതിന് ശേഷവും നടന്ന കാര്യങ്ങള്‍, പെട്രോള്‍ പമ്പിന് അനുമതി നല്‍കിയതില്‍ ഫയല്‍ നീക്കം വൈകിയോ, കൈക്കൂലി ആരോപണത്തിന്റെ നിജസ്ഥിതി എന്നിവയാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. പെട്രോള്‍ പമ്പിന് അനുമതി നല്‍കിയതില്‍ പ്രശാന്തിന്റെ മൊഴിയുമെടുത്തു. കേസില്‍ പ്രതിയായ പി.പി.ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ പരിഗണിക്കുന്നുണ്ട്. അതേസമയം പ്രതിഷേധം കനക്കുന്നതിടെ ജില്ലാ കളക്ടര്‍ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി