Thursday, November 21, 2024

HomeMain Storyപെട്രോള്‍ പമ്പ് തുടങ്ങാന്‍ പ്രശാന്തന്‍ 2 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു

പെട്രോള്‍ പമ്പ് തുടങ്ങാന്‍ പ്രശാന്തന്‍ 2 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു

spot_img
spot_img

കണ്ണൂര്‍: സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ ജോലിയിലിരിക്കെ പെട്രോള്‍ പമ്പ് തുടങ്ങാന്‍ ശ്രമിച്ച പ്രശാന്തനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മടിച്ചു നില്‍ക്കുമ്പോള്‍ നടപടി കടുപ്പിച്ച് കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിനെതിരെ കൈക്കൂലിപരാതി ഉന്നയിച്ചത് പ്രശാന്തനായിരുന്നു.

കേവലമൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഇലക്ട്രീഷ്യനായി ജോലിചെയ്യുന്ന പ്രശാന്തന് പെട്രോള്‍ പമ്പ് തുടങ്ങാനാവശ്യമായ രണ്ടുകോടിരൂപ എങ്ങനെ കിട്ടി എന്നതില്‍ സംശയം ഉയര്‍ന്നിരുന്നു. പ്രശാന്തന്‍ ബിനാമിയാണെന്നും പമ്പ് തുടങ്ങാന്‍ കള്ളപ്പണം വിനിയോഗിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ വിഷയമാണ് ഇ ഡി അന്വേഷിക്കുന്നത്. പ്രാഥമിക വിവരങ്ങള്‍ ഏജന്‍സി ശേഖരിക്കുന്നതായാണ് വിവരം.

കൈക്കൂലി നല്‍കിയതിന് അഴിമതി നിരോധന നിയമത്തിന്റെ 13 ബി വകുപ്പ് പ്രകാരമാണ് പ്രശാന്തിനെതിരെ കേസെടുത്തിരിക്കുന്നത്. പി.എം.എല്‍.എ നിയമപ്രകാരം ഇത് ഷെഡ്യൂള്‍ഡ് കുറ്റകൃത്യമാണ്. ഈ കുറ്റകൃത്യത്തെ കുറിച്ച് അറിവുണ്ടായിരുന്നിട്ടും പുറത്തുപറയാതിരിക്കുന്നതും കുറ്റകൃത്യമാണ്. ഇതുപ്രകാരമാണ് പി.പി ദിവ്യയും പ്രതിയാകുക.

പ്രശാന്തന്റെ പെട്രോള്‍ പമ്പിനുള്ള അനുമതി അകാരണമായി വൈകിച്ചുവെന്നും ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ശേഷമാണ് എന്‍.ഒ.സി നല്കിയതെന്നുമാണ് എ.ഡി.എം നവീന്‍ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രെസിഡന്റായിരുന്ന പി.പി ദിവ്യ ആരോപണം ഉന്നയിച്ചത്. വിടപറയല്‍ ചടങ്ങിനെതിരെ സഹപ്രവര്‍ത്തകരുടെ മുന്നില്‍വച്ച് അപമാനിച്ചതിന് മനംനൊന്ത് നവീന്‍ബാബു ആത്മഹത്യ ചെയ്തിരുന്നു.

അതേസമയം പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിലപാട്. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന പ്രക്രിയ പൂര്‍ത്തിയായിട്ടില്ല. പ്രശാന്തന്റെ കാര്യത്തിലും ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. പെട്രോള്‍ പമ്പിന് പ്രശാന്തന്‍ അപേക്ഷിച്ച കാര്യം വകുപ്പിന് അറിയില്ലെന്നും ഇക്കാര്യം അന്വേഷിച്ച ശേഷം ക്രമക്കേട് കണ്ടെത്തിയാല്‍ പ്രശാന്തനെ വകുപ്പ് സ്ഥിരപ്പെടുത്തില്ലെന്നും വീണാ ജോര്‍ജ് അറിയിച്ചു.

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു കേസ് നേരിടുന്ന ദിവ്യയെ അറസ്റ്റു ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന ആക്ഷേപം ശക്തമായി. മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചു വരുന്ന ദിവ്യ മൂക്കിന് താഴെ തന്നെ ഉള്ളപ്പോള്‍ പോലീസ് യാതൊരു നടപടിയും എടുക്കുന്നില്ല. ദിവ്യ ഇപ്പോഴും ഒളിവിലാണ്.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് നീക്കം ഒഴിവാക്കാനായി പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് കോടതി മാറ്റിവെച്ചത്. 24-ന് വ്യാഴാഴ്ചയായിരിക്കും ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments