എ.എസ് ശ്രീകുമാര്‍
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികള്‍ തുടരുകയാണ്. ഇന്ന് (ഒക്‌ടോബര്‍ 24) എയര്‍ ഇന്ത്യയുടെ 20 വിമാനങ്ങള്‍ക്കും അകാശ എയറിന്റെ 25 വിമാനങ്ങള്‍ക്കും വിസ്താരയുടെ 20 വിമാനങ്ങള്‍ക്കുമുള്‍പ്പടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 85 വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണിയില്‍ കേന്ദ്ര ഏജന്‍സികള്‍ സംയുക്തമായി അന്വേഷണം നടത്തുകയാണ് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. യാത്രക്കാര്‍ ഭയപ്പെടേണ്ടതില്ല. സ്ഥിതി നിയന്ത്രണവിധേയമാണ് ഭീഷണി സന്ദേശം ലഭിച്ച പല ഐ.പി അഡ്രസ്സുകളും വിദേശത്തുനിന്നുള്ളതാണെന്നും ഈ അക്കൗണ്ടുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെ പുതിയ പ്രോട്ടോക്കോള്‍ പുറത്തിറക്കിയിട്ടുണ്ട്. ഭീഷണികള്‍ ഉറപ്പാക്കാതെ വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കുകയോ, വഴിതിരിച്ചുവിടുകയോ ഇല്ല. ആശങ്ക പരത്തുക മാത്രമാണ് സൈബര്‍ കുറ്റവാളികളുടെ ലക്ഷ്യമെന്നാണ് നിഗമനം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നേരെയുണ്ടായ വ്യാജ ബോംബ് ഭീഷണികള്‍ യാത്രക്കാരുടെയും വിമാനക്കമ്പനികളുടെയുമെല്ലാം ഉറക്കം കെടുത്തിയിരിക്കുന്നു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ രാജ്യത്ത് ഇരുന്നുറിലധികം വിമാനസര്‍വീസുകളാണ് ബോംബ് ഭീഷണി മൂലം താറുമാറായത്. ഇതിലൂടെ വിമാന കമ്പനികള്‍ക്ക് 600 കോടി രൂപയോളം നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക കണക്കുകള്‍. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ബോംബ് ഭീഷണികളെല്ലാം വ്യാജമായിരുന്നുവെന്നതില്‍ തല്‍ക്കാലം ആശ്വസിക്കുകയേ നിവര്‍ത്തിയുള്ളൂ.
എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍, വിസ്താര, സ്‌പൈസ് ജെറ്റ്, സ്റ്റാര്‍ എയര്‍, അലയന്‍സ് എയര്‍ എന്നിവയുള്‍പ്പെടെയുള്ള നിരവധി ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കാണ് ബോംബ് ഭീഷണികള്‍ ലഭിച്ചത്. ഡല്‍ഹി-ഷിക്കാഗോ എയര്‍ ഇന്ത്യ വിമാനം, ജയ്പൂര്‍-ബെംഗളൂരു എയര്‍ ഇന്ത്യ എക്സ്പ്രസ്, ദമാം-ലഖ്നൗ ഇന്‍ഡിഗോ വിമാനം എന്നിങ്ങനെ ആഭ്യന്തര, അന്താരാഷ്ട്ര വ്യത്യാസമില്ലാതെയായിരുന്നു ഭീഷണി.
എല്ലാത്തവണയും ഇത്തരം ഭീഷണികള്‍ വ്യാജമാണെന്ന് വിചാരിക്കുന്നത് അപകടകരമാണ്. പ്രത്യേകിച്ചും ഒരു കനേഡിയന്‍ സിക്ക് ഭീകരന്റെ വധത്തോടെ ഇന്ത്യ-കാനഡ നയതന്ത്രബന്ധം തീര്‍ത്തും വഷളായ പശ്ചാത്തലത്തില്‍. നവംബര്‍ ഒന്നു മുതല്‍ 19 വരെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്ന താക്കീതുമായി അമേരിക്കയിലെ ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിംഗ് പന്നൂന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. സിഖ് വിരുദ്ധ കലാപത്തിന്റെ വാര്‍ഷികം ആയതിനാല്‍ ആക്രമണം ഉണ്ടാകുമെന്നാണ് പന്നൂനിന്റെ വീഡിയോ വഴിയുള്ള ഭീഷണി.
വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ വ്യോമയാന സുരക്ഷാ ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം തിരക്കിട്ട ആലോചനയിലാണ്. വ്യോമയാന സുരക്ഷാ ചട്ടത്തിലും 1982-ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള വ്യോമയാന സുരക്ഷാ നിയമത്തിലും ഭേദഗതി വരുത്താനാനുള്ള നീക്കം എന്തേ ഇത്രയും വൈകിയത് എന്നാണ് വിമാനയാത്രക്കരുടെ ഇപ്പോഴത്തെ ചിന്ത.
വിമാനത്തിനകത്തെ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് നിലവിലെ നിയമങ്ങള്‍ കൂടുതലും. ഇതിലെ പരമാവധി ശിക്ഷ അഞ്ചുവര്‍ഷം തടവാണ്. ഇത് ഭേദഗതി ചെയ്ത് വിമാനത്തിന് പുറത്തുനിന്നുള്ള കുറ്റകൃത്യങ്ങള്‍ക്കും കനത്ത ശിക്ഷ നല്‍കാനാണ് ആലോചന. ഭീഷണി മുഴക്കുന്നവരെ കരിമ്പട്ടികയില്‍ പെടുത്തുന്നതുള്‍പ്പെടെ കടുത്ത നടപടികളുണ്ടാകും.
ഒരു വ്യാജ ബോംബ് ഭീഷണി സന്ദേശം ഉണ്ടാക്കുന്ന പൊല്ലാപ്പുകളും മാനസിക സംഘര്‍ഷവും അതീവ ഗുരുതര സ്വഭാവമുള്ളതാണ്. എമര്‍ജന്‍സി ലാന്‍ഡിങ്, യാത്രക്കാരുടെ ഭക്ഷണം, താമസം ഉള്‍പ്പെടെ സമയ നഷ്ടവും ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടവും ഇതുമൂലമുണ്ടാവുന്നു. യാത്രക്കാര്‍ക്ക് യഥാസമയം ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. കണക്ഷന്‍ ഫ്‌ളൈറ്റ് കിട്ടാതെവന്നാല്‍ വിമാനക്കമ്പനിക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടി വരികയും ചെയ്യും.
ഇത്തരം ഭീഷണികള്‍ വരുത്തിവയ്ക്കുന്ന വിനയെന്താണെന്ന് നോക്കാം…യാത്രക്കാര്‍ വിമാനത്തില്‍ കയറിയ ശേഷമാണ് ഭീഷണിയെങ്കില്‍ എല്ലാവരെയും ഇറക്കി ഓരോരുത്തരെയായി വിശദമായി പരിശോധിക്കും. വിമാനം ഐസൊലേഷന്‍ പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റും. ബോംബ് കണ്ടുപിടിക്കാനും നിര്‍വീര്യമാക്കാനുമുള്ള സംഘത്തിന്റെ പരിശോധനയില്‍ ഒന്നുമില്ലെന്ന് ഉറപ്പായാല്‍ യാത്രക്കാരെ പ്രത്യേക സ്ഥലത്തേക്ക് മാറ്റും
യാത്രക്കാരെ പരിശോധിച്ച ശേഷം വിമാനത്തില്‍ നിന്ന് ബാഗേജുകളെല്ലാം താഴെയിറക്കി ഓരോന്നും പരിശോധിക്കും. ബോംബ് ഭീഷണിയുണ്ടായാല്‍ സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നാലു മണിക്കൂറെങ്കിലും എടുക്കും. ബോംബ് ഭീഷണി മുഴക്കിയ ആള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം. സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷം വിമാനത്തില്‍ പരിശോധന നടത്തും.
ടോയ്‌ലറ്റും സീറ്റുകളുമെല്ലാം നോക്കും. ഭീഷണി ഉണ്ടാകുമ്പോള്‍ തന്നെ എല്ലാ സുരക്ഷാ ഏജന്‍സികളുമുള്‍പ്പെടുന്ന ബോംബ് ത്രെട്ട് റിവ്യു കമ്മറ്റി യോഗം ചേരും. പരിശോധനകള്‍ക്കു ശേഷം ഭീഷണിയില്‍ കഴമ്പില്ലെന്ന് ഉറപ്പാക്കിയാല്‍ വിമാനത്തിന് യാതാനുമതി നല്‍കും. ആജീവനാന്തം വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഭീഷണികളുടെ ഉറവിടം കണ്ടുപിടിക്കുക പ്രയാസകരമാണ്. ഭീഷണി സന്ദേശമയയ്ക്കുന്നവര്‍ ഡാര്‍ക്ക് വെബ് പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതുമൂലമാണിത്. വേള്‍ഡ് വൈഡ് വെബിന്റെ ഭാഗം തന്നെയാണെങ്കിലും എല്ലാവര്‍ക്കും ആക്സസ് ചെയ്യാന്‍ കഴിയാത്ത ഒരു മേഖലയാണ് ഡാര്‍ക്ക് വെബ്. പ്രത്യേകമായി എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഈ ഭാഗത്തെ വിവരങ്ങള്‍ ഗൂഗിളിലോ മറ്റേതെങ്കിലും സെര്‍ച്ച് എന്‍ജിനുകളിലോ ഇന്‍ഡക്‌സ് ചെയ്യപ്പെടുന്നില്ല.