തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് കേസന്വേഷിക്കുക. കണ്ണൂര്‍ റേഞ്ച് ഡിഐജിക്കാണ് മേല്‍നോട്ട ചുമതല. ഉത്തരമേഖലാ ഐജിയാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. രണ്ടാഴ്ച്ച കൂടുമ്പോൾ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാനും നിർദേശമുണ്ട്.
കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 29 ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. അതേസമയം റവന്യൂ വകുപ്പിൻ്റെ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കി വ്യാഴാഴ്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു.