കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ജയിലിലേക്ക് .മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ദിവ്യയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക് ദിവ്യയെ മാറ്റും. പോലീസിന്റെ നിരവധി നാടകങ്ങളാണ് ദിവ്യയുടെ അറസ്റ്റിനെ ചുറ്റിപ്പറ്റി നടന്നത്.യ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ നാടകീയമായി ദിവ്യയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പോലീസ് അറസ്റ്റ് ചെയ്ത പി.പി ദിവ്യയ്ക്കെതിരേ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയിരുന്നു. . ക്രൈം ബ്രാഞ്ച് ഓഫീസിനു മുന്നിലും വൈദ്യുപരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴുമാണ് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ദിവ്യയുമായി പോയ പോലീസ് വാഹനത്തിനു മുന്നിലേക്ക് ചാടിയാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ദിവ്യയെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടു തുടര്‍ച്ചയായുള്ള പോലീസിന്റെ നാടകങ്ങള്‍ ഇന്നും തുടര്‍ന്നു.
പോാലീസും ദിവ്യയും തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയത്. ദൃശ്യങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ പൊലീസും ശ്രദ്ധിച്ചു. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ സ്ഥലത്ത് നിന്നാണ് കീഴടങ്ങിയത്.
പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് വെളിപ്പെടുത്തിയ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി എവിടെ വെച്ചാണ് അറസ്റ്റ് ചെയ്തതെന്നടക്കം മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദിവ്യ നല്കിയ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് അധികം വൈകാതെ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കാനും പൊലീസിന് സാധിച്ചു. തുടര്‍ന്നാണ് കമ്മീഷണര്‍ ഓഫീസിലേക്ക് കൊണ്ടുപോയത്. മാധ്യമങ്ങള്‍ക്ക് ദിവ്യയുടെ ചിത്രം പകര്‍ത്താന്‍ കഴിയാത്ത രീതിയില്‍ വലയം തീര്‍ക്കാനും പോലീസ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താന്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ദിവ്യ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസും പ്രതിക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു. താന്‍ കീഴടങ്ങാന്‍ കോടതിയിലേക്ക് പോവുകയായിരുന്നുവെന്നാണ് ദിവ്യ പൊലീസിനെ അറിയിച്ചത്. ഇതോടെ വഴിയില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസില്‍ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതി തള്ളിയിരുന്നു. എഡിഎം നവീന്‍ ബാബുവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്. ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പൊലീസിനും ലഭിച്ചിരുന്നത്.