കൊച്ചി: ഇന്ന് പുലര്‍ച്ചെ ഇടപ്പള്ളി-വൈറ്റില ബൈപാസില്‍ ഉണ്ടായ കാറപകടത്തില്‍ കൊല്ലപ്പെട്ട 2019 മിസ് കേരള ആന്‍സി കബീര്‍, റണ്ണര്‍ അപ് അഞ്ജന ഷാജന്‍ എന്നിവരുടെ അപ്രതീക്ഷിത വിയോഗം ബന്ധുമിത്രാദികള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഉള്‍ക്കൊള്ളാനാവുന്നില്ല.
സൗന്ദ്യമത്സര വേദികളിലും മോഡലിംഗ് രംഗത്തും തിളങ്ങി നില്‍ക്കുന്നതിനിടെയാണ് അന്‍സി കബീറിനെയും, ഡോ. അഞ്ജനയെയും അപകടം തട്ടിയെടുത്തത്.
2019 മിസ് കേരളയാണ് ആന്‍സി കബീര്‍, അഞ്ജന ഷാജന്‍ റണ്ണറപ്പും. 2019 ലെ മിസ് കേരള മത്സരങ്ങളിലടക്കം നിരവധി മത്സരത്തില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ സുഹൃത്തുക്കളായ ഇരുവരും പങ്കിട്ടിട്ടുണ്ട്. ബൈപാസ് റോഡില്‍ ഹോളി ഡേ ഇന്‍ ഹോട്ടലിനു സമീപത്താണ് അപകടമുണ്ടായത്. ഇതിനിടെ അന്‍സിയുടെ മരണവാര്‍ത്തയില്‍ മനംനൊന്ത് ആന്‍സി കബീറിന്റെ അമ്മ റസീന വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. റസീനയെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അടുത്ത 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ആന്‍സി ഏക മകളാണ്.
അപകടത്തിന് രണ്ട് ദിവസം മുന്‍പ് അന്‍സി പങ്കുവെച്ച വീഡിയോയിലെ വാക്കുകള്‍ അറംപറ്റിയോ..? ‘പോകാന്‍ സമയമായി’ എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. ടൈം ടു ഗോ എന്ന ഇംഗ്ലീഷ് ഗാനത്തിന്റെ പാശ്ചത്തലത്തില്‍ താഴ്‌വരയിലേക്ക് നടന്നു മറയുന്ന അന്‍സിയെ വീഡിയോയില്‍ കാണാം. അടുത്തിടെ നടത്തിയ യാത്രയ്ക്കിടെ അന്‍സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച ഈ ഒറ്റവരി അറം പറ്റിയ വാക്കായി എന്നാണ് ഇപ്പോള്‍ അതേ വീഡിയോക്ക് കീഴില്‍ സുഹൃത്തുക്കള്‍ വേദനയോടെ കുറിക്കുന്നത്
ഇരുവരുടേയും അപ്രതീക്ഷിതമായ അപകടമരണം മോഡലിംഗ് രംഗത്തുള്ള സുഹൃത്തുക്കള്‍ക്ക് വലിയ ഞെട്ടലാണുണ്ടാക്കിയത്. വര്‍ഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമാണ് ഇരുവരും. തിരുവനന്തപുരം സ്വദേശി അന്‍സിയും, തൃശ്ശൂര്‍ സ്വദേശി അഞ്ജനയും. അന്‍സിയ്‌ക്കൊപ്പം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് ആയുര്‍വേദ ഡോക്ടര്‍കൂടിയായ അഞ്ജന. 2019ലെ മിസ് കേരള മത്സരത്തില്‍ അന്‍സി ഒന്നാം സ്ഥാനവും അ!ഞജന രണ്ടാം സ്ഥാനവും നേടി. 2021ലെ മിസ് സൗത്ത് ഇന്ത്യ ആയും അന്‍സി വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു.
നിരവധി പരസ്യ ചിത്രത്തിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. സൗന്ദര്യ മത്സരരംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു ഇരുവരും. ഇതിനിടെയാണ് വിധി തട്ടിയെടുത്തത്. തിരുവനന്തപുരം ആലങ്കോട് അബ്ദുള്‍ കബീര്‍ റസീന ബിവി ദമ്പതികളുടെ ഏക മകളാണ് അന്‍സി. തൃശ്ശൂര്‍ ആളൂരിലെ എ.കെ ഷാജന്റെ മകളാണ് അഞ്ജന.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ഫോര്‍ട്ട് കൊച്ചിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ എറണാകുളം ബൈപ്പാസില്‍ വൈറ്റിലയ്ക്ക് അടുത്താണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പെട്ടവര്‍ സഞ്ചരിച്ച കാര്‍ മുന്നില്‍ പോകുകയായിരുന്ന ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് തലകീഴായിമറിഞ്ഞ് മരത്തില്‍ ഇടിച്ച് തകരുകയായിരുന്നു.
അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു പോയി. അപകട സ്ഥലത്ത് വെച്ച് തന്നെ അന്‍സി കബീറും, അഞ്ജന ഷാജനും മരിച്ചു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖ്, അബ്ദുള്‍ റഹ്മാന്‍ എന്നിവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പരുക്കേറ്റവരുടെ നിലയും ഗുരുതരമാണ്. ഇവരില്‍ നിന്നും മൊഴിയെടുക്കാന്‍ സാധിക്കാത്തതിനാല്‍ അപകടത്തില്‍പെട്ട ബൈക്ക് യാത്രക്കാരന് നിസ്സാര പരുക്ക് മാത്രമാണുള്ളത്.