കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസെടുത്തു. പാല മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം കുറുവിലങ്ങാട് പൊലീസാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തുന്നു എന്ന കുറ്റം ചുമത്തിയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഓള്‍ ഇന്ത്യ ഇസ്ലാമിക് കൗണ്‍സിലിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കുറുവിലങ്ങാട് പൊലീസിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.
സെപ്റ്റംബര്‍ 24ന് ആണ് ഇതുമായി ബന്ധപ്പെട്ട് അബ്ദുള്‍ അസീസ് മൗലവി കേസെടുത്തണമെന്ന് ആവശ്യപ്പെട്ട് കുറുവിലങ്ങാട് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് എസ്പിക്കും പരാതി നല്‍കിയിരുന്നു. സെപ്റ്റംബര്‍ എട്ടിന് കുറുവിലങ്ങാട് മര്‍ത്ത് മറിയം ഫൊറോ പള്ളിയില്‍ വച്ചായിരുന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിവാദ പ്രസംഗം നടത്തിയത്. കത്തോലിക്കാ യുവാക്കളെയും ഹൈന്ദവ യുവാക്കളെയും ലക്ഷ്യംവെച്ചുകൊണ്ട് മയക്കുമരുന്നിലും മറ്റ് ലഹരിക്കും അടിമയാക്കുന്നതിനുവേണ്ടി പ്രത്യേക സംഘങ്ങള്‍ കേരളത്തില്‍ പലയിടത്തായി പ്രവര്‍ത്തിക്കുന്നുണ്ട്.
ആയുധം ഉപയോഗിച്ച് യുദ്ധംചെയ്യാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള കുതന്ത്രങ്ങളിലൂടെ മറ്റു മതങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇക്കൂട്ടര്‍ക്കുള്ളത്. മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും കൂടിവരികയാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടു കാര്യങ്ങളാണ് ലൗ ജിഹാദും നര്‍ക്കോട്ടിക് ജിഹാദും എന്നായിരുന്നു ബിഷപ്പിന്‍രെ വിവാദ പ്രസംഗം.
ഈ പ്രസ്താവനയെ ന്യായീകരിച്ച് ബിഷപ്പ് പിന്നീട് രംഗത്തെത്തിയിരുന്നു. ‘തുറന്ന് പറയേണ്ടപ്പോള്‍ നിശബ്ദനായിരിക്കരുത്’ എന്ന തലക്കെട്ടില്‍ ദീപികയില്‍ എഴുതിയ ലേഖനത്തിലാണ് ജോസഫ് കല്ലറങ്ങാട് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ നാം എത്തിപ്പെടുമോ എന്നതാണ് ഇന്നു നിലനില്ക്കുന്ന ആശങ്ക. മതേതരത്വത്തിന്റെയും പുരോഗമന ചിന്തയുടെയും വെളിച്ചത്തില്‍ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്നാണ് ചിലര്‍ ശഠിക്കുന്നത്.
സമുദായത്തെകാര്‍ന്നു തിന്നുന്ന തിന്മകളെക്കുറിച്ച് സംസാരിക്കാന്‍ പാടില്ലത്രേ! മതേതരത്വംകൊണ്ട് ആര്‍ക്കാണ് ഗുണമെന്ന ചോദ്യം പല കോണുകളില്‍നിന്നും ഉയരുന്നു. സെക്കുലറിസം എങ്ങനെയാണു തീവ്രവാദത്തിനു ജന്മം നല്‍കുന്നതെന്നു പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍നിന്ന് നാം പഠിക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.