കൊച്ചി: കൊച്ചിയില്‍ റോഡ് ഗതാഗതം തടഞ്ഞ് പ്രതിഷേധപരിപാടി നടത്തിയ സംഭവത്തില്‍ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ ഒന്നാം പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത കേസില്‍ വി.ജെ പൗലോസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.
വി.പി സജീന്ദ്രന്‍, ദീപ്തി മേരി വര്‍ഗീസ്, ടോണി ചമ്മിണി, ഡോമിനിക് പ്രസന്റേഷന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെ ആക്രമിച്ചതും മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ടോണി അടക്കം ഏഴ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ജോജുവിനെ കാറിന്റെ ഡോര്‍ വലിച്ചു തുറന്ന് ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഇതിനിടെ കണ്ടാലറിയാവുന്ന ഒരാള്‍ കാറിന്റെ ചില്ല് അടിച്ചു പൊട്ടിച്ചു. ജോജുവിന്റെ വാഹനത്തിന് 6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സ്വകാര്യ സ്വത്ത് നശിപ്പിച്ചാലും പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ കേസെടുക്കാമെന്ന് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
ഇന്നലെ രാവിലെയാണ് വൈറ്റില മുതല്‍ ഇടപ്പള്ളി വരെയുള്ള റോഡിലെ ഗതാഗതം തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ ജോജു പ്രതികരിച്ചത്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള തര്‍ക്കത്തിലേക്ക് നീങ്ങുകയായിരുന്നു.