വാഷിങ്ടണ്‍ ഡി.സി: ഫൈസര്‍ ബയോണ്‍ടെക്കിന്റെ കുട്ടികള്‍ക്കായുള്ള കോവിഡ് പ്രതിരോധ വാക്‌സിന് അമേരിക്ക അനുമതി നല്‍കി. അഞ്ച് മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുക.
ഫൈസര്‍ വാക്‌സിന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അതോറിറ്റി (സി.ഡി.സി) അംഗീകാരം നല്‍കിയത് കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പ്രധാന വഴിത്തിരിവാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. ഈ തീരുമാനം രക്ഷിതാക്കള്‍ക്ക് കുട്ടികളെ കുറിച്ചുള്ള ആശങ്കകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും ഇത് കോവിഡ്19ന് എതിരെയുള്ള രാജ്യത്തിന്റെ പ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികളില്‍ നവംബര്‍ എട്ടിന് തന്നെ പൂര്‍ണ തോതില്‍ വാക്‌സിനേഷന്‍ ആരംഭിക്കുമെന്നും ഇതിനായി വാക്‌സിനുകളുടെ വിതരണം ആരംഭിച്ചെന്നും സി.ഡി.സി പറഞ്ഞു. കുട്ടികളുടെ ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍, ഫാര്‍മസികള്‍, അംഗീകാരം നേടിയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വാക്‌സിനുകള്‍ ലഭ്യമാക്കുമെന്നും സി.ഡി.സി അധികൃതര്‍ വ്യക്തമാക്കി.
രാജ്യം കോവിഡ് 19നെതിരെ മറ്റൊരു സുപ്രധാന ചുവടുവെയ്പ്പ് നടത്തുകയാണെന്ന് സി.ഡി.സി മേധാവി റോഷെല്‍ വാലെന്‍സി അഭിപ്രായപ്പെട്ടു. കുട്ടികള്‍ വാക്‌സിന്‍ എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ശിശുരോഗ വിദഗ്ധരോടും സ്‌കൂള്‍ നഴ്‌സുമാരോടും ഫാര്‍മസിസ്റ്റുമാരോടും ചോദ്യങ്ങള്‍ ചോദിക്കാനും സംസാരിക്കാനും രക്ഷിതാക്കളെ പ്രോത്സാഹിപ്പിക്കുകയാണെന്നും റോഷെല്‍ വാലെന്‍സി പറഞ്ഞു.
ക്ലിനിക്കല്‍ പരിശോധനകളില്‍ വാക്‌സിന്‍ 91ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ കുറവായിരിക്കുമെന്നും സി.ഡി.സി അറിയിച്ചു.
മുതിര്‍ന്നവരില്‍ പ്രയോഗിച്ച ഫൈസര്‍ വാക്‌സിന്റെ മൂന്നിലൊന്ന് ഡോസേജ് മാത്രമാണ് കുട്ടികളില്‍ പ്രയോഗിക്കുക. മൂന്ന് ആഴ്ചയുടെ ഇടവേളയിലായിരിക്കും ഡോസേജ് നല്‍കുകയെന്നും അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.