Saturday, March 15, 2025

HomeNewsKeralaആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ കടുത്ത ശിക്ഷ, ഒരു കോടി രൂപ വരെ പിഴയും 10 വര്‍ഷം...

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ കടുത്ത ശിക്ഷ, ഒരു കോടി രൂപ വരെ പിഴയും 10 വര്‍ഷം തടവും

spot_img
spot_img

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ ഒരു കോടി രൂപ വരെ പിഴ ഈടാക്കാന്‍ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിക്ക് (യു.ഐ.ഡി.എ.ഐ) അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് യു.ഐ.ഡി.എ.ഐ(പിഴചുമത്തല്‍) നിയമം 2021 കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. 2019ല്‍ പാര്‍ലമെന്റ് പാസാക്കിയ ആധാര്‍ നിയമത്തിന് അനുസൃതമായാണ് കേന്ദ്ര ഐ.ടി മന്ത്രാലയം നവംബര്‍ രണ്ടിന് വിജ്ഞാപനം പുറപ്പെടുവിച്ചത്.

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും പിഴ ചുമത്താനുമായി കേന്ദ്ര സര്‍ക്കാറിലെ ജോ.സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും. നിയമം, മാനേജ്മെന്റ്, ഐ.ടി, വാണിജ്യം എന്നീ വിഷയങ്ങളിലൊന്നിലെങ്കിലും മൂന്നു വര്‍ഷത്തെ പരിചയവും 10വര്‍ഷം സര്‍വിസും ഉള്ളവരെയാണ് നിയമിക്കുന്നത്. ആധാര്‍ ചട്ടലംഘനം സംബന്ധിച്ച പരാതികളില്‍ പ്രസ്തുത ഉദ്യോഗസ്ഥന് തെളിവ് ശേഖരണത്തിനുള്‍പ്പെടെ ആരെ വേണമെങ്കിലും വിളിച്ചു വരുത്താനുള്ള അധികാരം നല്‍കും. പിഴ അടക്കാത്തവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നിര്‍ദേശിക്കാമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. പിഴയായി ഈടാക്കുന്ന തുക യു.ഐ.ഡി.എ.ഐ ഫണ്ടില്‍ നിക്ഷേപിക്കും.

പരാതി പരിഹാര തീരുമാനങ്ങളില്‍ എതിര്‍പ്പുണ്ടെങ്കില്‍ ടെലികോം തര്‍ക്കപരിഹാരസമിതിയെയോ അപ്പലേറ്റ് ട്രൈബ്യൂണലിനെയോ സമീപിക്കാം. നിയമലംഘനം സംബന്ധിച്ചു പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കുറ്റാരോപിതര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം. ലംഘനം എന്താണെന്ന് നോട്ടീസില്‍ വിശദീകരിക്കണം. ചുമത്താവുന്ന പരമാവധി പിഴത്തുകയും ഇതില്‍ വ്യക്തമാക്കണം. കാരണം കാണിക്കല്‍ നോട്ടീസിനു നല്‍കിയ മറുപടിയില്‍ ചട്ടലംഘനം നടത്തി എന്നു സമ്മതിച്ചിട്ടുണ്ടെങ്കില്‍ വിചാരണ നടപടികള്‍ ആവശ്യമില്ലാതെ പിഴ ചുമത്താം.

വ്യക്തിയോ സ്ഥാപനമോ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയില്ലെങ്കില്‍ അവരുടെ അസാന്നിധ്യത്തില്‍ തിരിച്ചറിയല്‍ അതോറിറ്റി അധികൃതരുടെ വാദം കേട്ട് പരാതി പരിഹാര ഉദ്യോഗസ്ഥന് കുറ്റക്കാര്‍ക്കെതിരെ പിഴ ചുമത്താം.

ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചു വെച്ചിരിക്കുന്ന സി.ഐ.ഡി.ആറില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നത് 10 വര്‍ഷം തടവും ഒരു കോടി രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റകൃത്യമാണ്. സി.ഐ.ഡി.ആര്‍ വിവരങ്ങള്‍ നശിപ്പിച്ചാല്‍ 10 വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.

മറ്റൊരു വ്യക്തിയുടെ ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നത് മൂന്നു വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ചുമത്താവുന്ന കുറ്റമാണ്. തെറ്റായ ബയോമെട്രിക് വിവരങ്ങള്‍ നല്‍കിയാലും മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. ആധാറിനെന്ന വ്യാജേന വിവരങ്ങള്‍ ശേഖരിക്കുന്ന വ്യക്തികള്‍ക്ക് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയും ചുമത്തും. ഇതേ തട്ടിപ്പ് നടത്തുന്ന കമ്പനികള്‍ക്ക് ഒരു ലക്ഷം രൂപയാണ് പിഴ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments