തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ എല്‍.ഡി.എഫിലെ ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനം പൂര്‍ത്തിയാവുന്നു. നിലവില്‍ ഐ.എന്‍.എല്ലിന് ലഭിച്ചിരുന്ന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ എല്‍.ഡി.എഫില്‍ ധാരണയായി. ഇതുള്‍പ്പടെ ആറ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളാണ് മുന്നണിയിലേക്ക് പുതുതായി എത്തിയ കേരള കോണ്‍ഗ്രസ് എമ്മിന് ലഭിച്ചിരിക്കുന്നത്.
എല്‍.ജെ.ഡിയും മുന്നണിയിലേക്ക് വന്നുവെങ്കിലും സി.പി.എമ്മിനും സി.പി.ഐക്കും കഴിഞ്ഞ തവണത്തെ അത്ര തന്നെ ബോര്‍ഡ് കോര്‍പ്പറേഷന്‍ പദവികള്‍ നിലനിര്‍ത്താന്‍ സാധിച്ചു. നഷ്ടമുണ്ടായിക്കുന്നത് പ്രധാനമായും ചെറു കക്ഷികള്‍ക്കാണ്. ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനം എല്‍.ഡി.ഫില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് ഇടം നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും വിഭജനം മാസങ്ങളോളം നീണ്ട് പോവുകയായിരുന്നു. 15 സീറ്റുകള്‍ ചോദിച്ച കേരള കോണ്‍ഗ്രസ് എമ്മായിരുന്നു മുന്നണിയെ പ്രധാനമായും കുഴക്കിയത്. ഒടുവില്‍ ആറ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നല്‍കാമെന്നുള്ള ധാരണയിലാണ് ഇപ്പോള്‍ അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നത്.
എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ ഐ.എന്‍.എല്ലും യു.ഡി.എഫ് ഭരിക്കുമ്പോള്‍ മുസ്ലിം ലീഗും വഹിച്ചിരുന്ന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാനുള്ള നടപടി രാഷ്ട്രീയമായ നയം മാറ്റം കൂടിയാണ്. ഇതിന് പുറമെ കഴിഞ്ഞ തവണ ജനതാദള്‍ എസ് കൈവശംവെച്ചിരുന്ന കേരളാ വനം വികസന കോര്‍പ്പറേഷനും കേരളാ കോണ്‍ഗ്രസ് എമ്മിന് ലഭിക്കും.
ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനം പൂര്‍ത്തിയാകുമ്പോള്‍ ഐ.എന്‍.എല്‍, ജനതാദള്‍, കോണ്‍ഗ്രസ് എസ് ഉള്‍പ്പടേയുള്ള കക്ഷികള്‍ വലിയ നഷ്ടം ഉണ്ടാവും എന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. അതേസമയം എല്‍.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ തങ്ങളുടെ ഒരു ബോര്‍ഡും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ തവണ തങ്ങള്‍ക്ക് ലഭിച്ച 17 സ്ഥാനങ്ങളും സി.പി.ഐ ഇത്തവണയും നിലനിര്‍ത്തി.