വാഷിംഗ്ടണ്‍: ലോകത്തിന്റെ വിവധയിടങ്ങളില്‍ ദീപാവലിയാഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്ന് പ്രസിഡന്റ് ജോ ബൈഡന്‍. പ്രകാശം പരത്തി അന്ധകാരം നീങ്ങുമ്പോള്‍ അവിടെ ജ്ഞാനവും അറിവും സത്യവുമാണ് ജ്വലിക്കുന്നതെന്ന് ആശംസകള്‍ അറിയിച്ച പ്രസിഡന്റ് പറഞ്ഞു. ഭിന്നതയില്‍ നിന്നും ഐക്യമുണ്ടാകുന്നുവെന്നും നിരാശയില്‍ നിന്നും പ്രതീക്ഷയുണ്ടാകുന്നുവെന്നും ബൈഡന്‍ ട്വീറ്റ് ചെയ്തു.
അമേരിക്കയില്‍ ദീപാവലിയാഘോഷിക്കുന്ന എല്ലാ ഹിന്ദു, സിഖ്, ജൈന, ബുദ്ധ മത വിശ്വാസികള്‍ക്കും ദീപാവലി ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ളവര്‍ക്കും ആശംസകള്‍ നേരുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്വിറ്ററിലൂടെ അറിയിച്ചു. ഒപ്പം ദീപങ്ങള്‍ തെളിയിക്കുന്ന ചിത്രവും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ദീപാവലിയാഘോഷങ്ങള്‍ അരങ്ങേറിയത്. ന്യൂയോര്‍ക്കില്‍ ഹഡ്‌സണ്‍ നദിക്ക് മുകളില്‍ കരിമരുന്ന് പ്രയോഗിച്ചായിരുന്നു ദീപാവലിയാഘോഷങ്ങള്‍. ഇതിനിടെ ദീപാവലി ഫെഡറല്‍ ഹോളിഡേ ആക്കുന്നതിനുള്ള നീക്കങ്ങളും ന്യൂയോര്‍ക്കില്‍ ആരംഭിച്ചു കഴിഞ്ഞു. ബില്ലിന് അംഗീകാരം ലഭിച്ചാല്‍ യുഎസിലെ 12ാമത്തെ ഫെഡറല്‍ അവധിയായിരിക്കും ദീപാവലി ദിനം.