ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ജലവിഭവവകുപ്പ് മന്ത്രി ദുരൈ മുരുകന്‍. ബേബി ഡാം ബലപ്പെടുത്തിയാല്‍ ഇതിനുള്ള നടപടി ആരംഭിക്കും. ബേബി ഡാം ബലപ്പെടുത്താന്‍ താഴെയുള്ള മൂന്ന് മരങ്ങള്‍ വെട്ടണം. ഇതിനുള്ള അനുമതി കേരള സര്‍ക്കാര്‍ നല്‍കണമെന്നും ദുരൈ മുരുകന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും അടുത്തദിവസം ചര്‍ച്ച നടത്തുന്നുണ്ട്. പിണറായിയുടെ ഭരണത്തില്‍ മാത്രമേ മുല്ലപ്പെരിയാറില്‍ ശ്വാശതപരിഹാരമുണ്ടാകൂയെന്നും മന്ത്രി ദുരൈ മുരുകന്‍ അഭിപ്രായപ്പെട്ടു.
പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്‌നാട് തള്ളി. സുപ്രീംകോടതി നിയോഗിച്ച എല്ലാ സമിതികളും ഡാം സുരക്ഷിതമാണെന്നാണ് കണ്ടെത്തിയത്. അതുകൊണ്ട് തന്നെ പുതിയ ഡാമിന്റെ ആവശ്യമില്ലെന്നും മന്ത്രി ദുരൈ മുരുകന്‍ പറഞ്ഞു. അതേസമയം, തമിഴ്‌നാട് മന്ത്രിയുടെ പരാമര്‍ശത്തെ തള്ളി ഡീന്‍ കുര്യാക്കോസ് എംപി രംഗത്തെത്തി.
വിഷയത്തെ നിസാരവത്കരിക്കുകയാണ് തമിഴ്‌നാട് ചെയ്തത്. പക്വതയില്ലാത്ത പ്രതികരണമാണ് മന്ത്രി നടത്തിയിരിക്കുന്നത്. ബേബി ഡാമിന് ബലകുറവുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ബലപ്പെടുത്തിയാല്‍ ജലനിരപ്പ് 152 അടിയാക്കാമെന്ന് തമിഴ്‌നാടിനെ ഉപദേശിച്ചത് ആരാണെന്ന് അറിയില്ലെന്ന് ഡീന്‍ കുര്യാക്കോസ് അഭിപ്രായപ്പെട്ടു.