ദുബായ്: ടി-20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനെ തകര്‍ത്ത് ടീം ഇന്ത്യ ഇടംപിടിച്ചത് റെക്കോര്‍ഡ് ബുക്കില്‍. വിരാട് കോലിയും സംഘവും 81 പന്ത് ബാക്കിനില്‍ക്കേ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ ഇരട്ട റെക്കോര്‍ഡാണ് ബുക്കില്‍ എഴുതപ്പെട്ടത്.
അവശേഷിക്കുന്ന പന്തുകളുടെ എണ്ണത്തില്‍ ടി20യില്‍ ടീം ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വിജയമാണ് ഇന്ന് പിറന്നത്. ഇതോടൊപ്പം പന്തുകളുടെ എണ്ണത്തില്‍ ടി20 ലോകകപ്പ് ചരിത്രത്തിലെ മൂന്നാമത്തെ മികച്ച വിജയവും കോലിപ്പടയുടെ പേരിലായി.
സ്‌കോട്ട്‌ലന്റ് ഉയര്‍ത്തിയ 86 റണ്‍സ്, എട്ട് വിക്കറ്റും 13.3 ഓവറും ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. കെ എല്‍ രാഹുലിന്റെയും രോഹിത്തിന്റെയും ബാറ്റിങ് മികവില്‍ സ്‌കോട്ട്‌ലന്റ് ചാരമായി. 19 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 50 റണ്‍സാണ് രാഹുല്‍ അടിച്ചു കൂട്ടിയത്. 16 പന്തില്‍ ആഞ്ച് ഫോറും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 30 റണ്‍സാണ് രോഹിത്തിന്റെ സംഭാവന.
കോലിയും (2) സൂര്യകുമാറും (6) പുറത്താവാതെ നിന്നു. ഈ വിജയത്തോടെ ഇന്ത്യ നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാനിസ്താനെ മറികടന്ന് ഗ്രൂപ്പ് രണ്ടില്‍ മൂന്നാം സ്ഥാനത്തെത്തി. 7.1 ഓവറിനുളളില്‍ വിജയം നേടിയാല്‍ അഫ്ഗാനിസ്താനെ നെറ്റ് റണ്‍ റേറ്റില്‍ മറികടക്കാനാകും എന്നതിനാലാണ് രാഹുലും രോഹിത്തും ആക്രമിച്ച് കളിച്ചത്.
ടോസ് നേടിയ ഇന്ത്യ സ്‌കോട്ട്‌ലന്റിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സെമി പ്രതീക്ഷകള്‍ക്ക് അല്‍പമെങ്കിലും സാധ്യത കാണുന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ തനി സ്വരൂപം കാണിച്ചപ്പോള്‍ സ്‌കോട്‌ലാന്റ് 85 റണ്‍സിന് പുറത്ത്. ബാറ്റിങ്ങില്‍ ആര്‍ക്കും തിളങ്ങാനായില്ല. ജോര്‍ജ്ജ് മ്യൂന്‍സിയും (24) മിച്ചല്‍ ലീസ്‌ക്ക്(21) എന്നിവര്‍ മാത്രമാണ് സ്‌കോട്‌ലാന്റ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.
ജഡേജയും ഷമിയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കൊടുങ്കാറ്റായതോടെയാണ് സ്‌കോട്ടിഷ് പട തകര്‍ന്നടിഞ്ഞത്. അശ്വിന്‍ ഒന്നും ബുംറ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മികച്ച റണ്‍റേറ്റോടെ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.