ന്യൂഡല്‍ഹി: നാവിക സേനയ്ക്ക് മേധാവിയായി മലയാളി. വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാറാണ് പുതിയ നാവികസേന മേധാവി. തിരുവനന്തപുരം സ്വദേശിയാണ് അദ്ദേഹം. നിലവില്‍ വെസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡിംഗ് ഇന്‍ ചീഫാണ് ഹരികുമാര്‍. ഈ മാസം മുപ്പതിനാണ് അദ്ദേഹം ചുമതയേല്‍ക്കുക.
നിലവിലെ നാവിക സേന മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ് വിരമിക്കുന്ന ഒഴിവിലേക്കാണ് അദ്ദേഹത്തമെത്തുന്നത്. നാവികസ സേനയുടെ എയര്‍ക്രാഫ്റ്റ് കാരിയര്‍ ഐഎന്‍എസ് വിരാടിന്റെ കമാന്‍ഡറായും ഹരികുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിശിഷ്ട സേവാമെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, അടക്കമുള്ള ബഹുമതികള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
നേരത്തെ വെസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡില്‍ നിന്ന് ഹരികുമാര്‍ മാറുന്ന സാഹചര്യത്തില്‍ വൈസ് അഡ്മിറലായി കൃഷ്ണ സ്വാമിനാഥനെയും പ്രതിരോധ മന്ത്രാലയം നിയമിച്ചിരുന്നു. ഹരികുമാര്‍ മിസൈല്‍ പ്രതിരോധ കപ്പലായ ഐഎന്‍എസ് രണ്‍വീറിന്റെ അഡ്മിറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്‍ഡഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ചീഫായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് വെസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ചുമതല ഹരികുമാര്‍ ഏറ്റെടുത്തത്. നാവിക സേനയുടെ കേന്ദ്ര കമാന്‍ഡായി കാണുന്നതാണ് ഡബ്ല്യുഎന്‍സി. മുംബൈ ആസ്ഥാനമായിട്ടാണ് ഇതിന്റെ പ്രവര്‍ത്തനം.
തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍ 1983ലാണ് ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാകുന്നത്. പശ്ചിമഘട്ട നേവല്‍ കമാന്‍ഡിന്റെ ചീഫായി ഹരികുമാര്‍ ചുമതലയേറ്റെടുത്തതിന് പിന്നാലെ 39 വര്‍ഷത്തെ അനുഭവ പരിചയവുമായി നാവികസേനയുടെ തലപ്പത്തേക്ക് അദ്ദേഹമെത്തുന്നത്. അതേസമയം കൊച്ചി ആസ്ഥാനമായ ദക്ഷിണ മേഖല നേവല്‍ കമാന്‍ഡ് മേധാവി ചീഫ് വൈസ് അഡ്മിറല്‍ അനില്‍ ചാവ്‌ലയും സര്‍വീസില്‍ നിന്ന് വിരമിക്കുകയാണ്.