അമേരിക്കയിലെയും കാനഡയിലെയും മലയാള മാധ്യമ പ്രവര്‍ത്തകരുടെ സംഘചേതനയുടെ പ്രതീകമായ ബൃഹദ് കൂട്ടായ്മയാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ). ന്യൂയോര്‍ക്ക് കേന്ദ്രമാക്കി 2006ലാണ് ഇന്ത്യാ പ്രസ് ക്ലബ് സ്തുത്യര്‍ഹമായ പ്രവര്‍ത്തനം ആരംഭിച്ചത്. അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ പ്രമുഖരാണ് ഇതിലെ അംഗങ്ങള്‍. വടക്കേ അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച ഐ.പി.സി.എന്‍.എയുടെ ലക്ഷ്യം മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയ സംവാദങ്ങളും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുകയെന്നതാണ്.
പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡന്റ്, ജോയിന്റ് ട്രഷറര്‍, ഓഡിറ്റര്‍ എന്നിവര്‍ അടങ്ങുന്ന സെന്‍ട്രല്‍ കമ്മിറ്റിയാണ് ഭരണം നടത്തുന്നത്. മുന്‍ കാല പ്രസിഡന്റ്, സെക്രട്ടറി എന്നിവരടങ്ങുന്ന അഡൈ്വസറി ബോര്‍ഡും പ്രവര്‍ത്തിച്ചു വരുന്നു. പ്രമുഖ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, യു.എസ്.എയ്ക്കു പുറമേ മറ്റ് വിദേശ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍, പ്രമുഖ പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിക്കുന്ന ദേശീയ സമ്മേളനം രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്താറുണ്ട്. സംഘടന ഏറ്റവും മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക്”‘മാധ്യമ ശ്രീ’ അവാര്‍ഡ് നല്‍കുന്നു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് ഈ അവാര്‍ഡ് ദാന ചടങ്ങ് നടത്തുന്നത്. ഇക്കുറി ഈ പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ പ്രശാന്ത് രഘുവംശം ആണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഒട്ടേറെ മറ്റ് അവാര്‍ഡുകളും ഈ സംഘടന ഏര്‍പ്പെടുത്തിയിരിക്കുന്നു. അമേരിക്കയിലെയും കേരളത്തിലെയും പ്രമുഖരായിട്ടുള്ള സാമൂഹിക, രാഷ്ട്രീയ, പത്ര, ദൃശ്യ, മാധ്യമ പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഐ.പി.സി.എന്‍.എയുടെ ദേശീയ കോണ്‍ഫറന്‍സുകള്‍ വളരെ പ്രശംസ പിടിച്ചു പറ്റിയിട്ടുള്ള ഒന്നാണ്.
കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇതുവരെ എട്ട് നാഷണല്‍ കോണ്‍ഫറന്‍സുകള്‍ നടത്തി. 2007ല്‍ ന്യൂയോര്‍ക്കിലാണ് ആദ്യ കോണ്‍ഫറന്‍സ് നടന്നത്. പിന്നീട് 2008ല്‍ ചിക്കാഗോയില്‍ നടന്നു. മൂന്നാമത് കോണ്‍ഫറന്‍സ് ന്യൂജേഴ്‌സിയില്‍ 2009ല്‍ നടന്നു. 2010ല്‍ ന്യൂയോര്‍ക്കില്‍ നടന്ന പ്രഥമ പത്രപ്രവര്‍ത്ത അവാര്‍ഡ് ദാന ചടങ്ങ് ഒരു ദേശീയ കോണ്‍ഫറന്‍സിന്റെ പരിവേഷവുമായാണ് സമാപിച്ചത്. 2011 ല്‍ നാലാമത് കോണ്‍ഫറന്‍സ് ന്യൂജേഴ്‌സിയില്‍ നടന്നു.
2012ല്‍ കൊച്ചിയില്‍ വെച്ച് നടന്ന രണ്ടാമത് ‘മാധ്യമ ശ്രീ’അവാര്‍ഡ് അച്ചടക്കം കൊണ്ടും അവതരണ രീതി കൊണ്ടും മാധ്യമ ലോകത്ത് ഒരു പുതുമയായിരുന്നു. അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും പങ്കെടുത്ത പരിപാടിയിലേക്ക് സാംസ്‌കാരിക കേരളവും മാധ്യമ ലോകവും ഒഴുകിയെത്തുകയായിരുന്നു. വിവിധ വിഭാഗങ്ങലിലായി അഞ്ച് ലക്ഷം രൂപയിലധികം ക്യാഷ് അവാര്‍ഡായി നല്‍കിയപ്പോള്‍ മാധ്യമ രംഗത്തെ ഏറ്റവും വലിയ അവാര്‍ഡ് ആയി ‘മാധ്യമശ്രീ’ മാറുകയായിരുന്നു.
കെ.എം റോയി, ഡോ. ബാബു പോള്‍, ലീല മേനോന്‍, ഡോ. എം.വി പിള്ള എന്നിവരടങ്ങിയ ജൂറി അവാര്‍ഡിന് കൂടുതല്‍ തിളക്കമേറി. കഴിഞ്ഞ കോണ്‍ഫറന്‍സ് 2015 നവംബര്‍ 20, 21, 22 തീയതികളില്‍ ചിക്കാഗോയില്‍ അരങ്ങേറുകയുണ്ടായി. അമേരിക്കയിലെയും കേരളത്തിലെയും പ്രമുഖ പത്രപ്രവര്‍ത്തകര്‍ പങ്കെടുത്തു. 1017ല്‍ ചിക്കാഗോയും 2019ല്‍ ന്യൂജേഴ്‌സിയും തുടര്‍ന്നുള്ള കേണ്‍ഫറന്‍സുകള്‍ക്ക് ആതിഥേയത്വം വഹിച്ചു. 2019 ജനുവരിയില്‍ കൊച്ചിയിലെ ബോല്‍ഗാട്ടി പാലസില്‍ വച്ച് നടന്ന സമ്മേളനത്തില്‍ കേരളത്തിലെ മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് നല്‍കി.
ജനാധിപത്യത്തിന്റെ നാലു തൂണുകളിലൊന്നായ മാധ്യമം ലോകത്തിനു നല്‍കുന്ന സേവനം വാക്കുകള്‍ക്കതീതമാണ്. ഒരു പരിധി വരെ ജനാധിപത്യം എന്ന സ്വാതന്ത്ര്യം നാം അനുഭവിക്കുന്നതും മാധ്യമങ്ങളുടെ തുറന്ന കണ്ണുകള്‍ നല്‍കുന്ന സംരക്ഷണം കൊണ്ട് തന്നെയാണ്. മാധ്യമങ്ങളുടെ നിതാന്തമായ ജാഗ്രത ഇതിനടിവരയിടുന്നു. ലോകമെമ്പാടും സാഹസികമായി സ്വജീവന്‍ തന്നെ അപകടപ്പെടുത്തി മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതും നിത്യ കാഴ്ചയാണ്.
യുദ്ധരംഗങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പ്രഭവ കേന്ദ്രങ്ങള്‍, മാഫിയാ താവളങ്ങള്‍, രാഷ്ട്രീയ ഇടനാഴികള്‍ അങ്ങനെ സര്‍വ രംഗങ്ങളിലും നമുക്കവരെ കാണാം. വാര്‍ത്തകള്‍ ലോകത്തെ അറിയിക്കുന്നതിനിടയില്‍ ജീവന്‍ വെടിഞ്ഞവര്‍ നിരവധി. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ പുറം ലോകമറിയുന്നതും ഇതേ മാധ്യമ പ്രവര്‍ത്തകരിലൂടെ തന്നെ.
മലയാള ഭാഷയ്ക്കും കേരളീയ സംസ്‌കാരത്തിനും മലയാളി പ്രസിദ്ധീകരണങ്ങള്‍ നല്‍കുന്ന സേവനങ്ങളും പ്രശംസനീയമാണ്. നമ്മുടെ ഭാഷയുടെ നിലനില്‍പ്പു തന്നെ ഒരു പരിധി വരെ വാര്‍ത്താ മാധ്യമങ്ങളിലൂടെയാണ് എന്നതും വസ്തുതയാണ്. കേരളത്തിനു പുറത്തും വിദേശങ്ങളിലുമുള്ള മലയാളികള്‍ നമ്മുടെ അച്ചടി ദൃശ്യമാധ്യമങ്ങളിലൂടെ മലയാള ഭാഷയെ നിത്യവും ആവോളം കണ്ടും കേട്ടും അറിയുന്നു. ഇതു കേരളീയരുടെ തങ്ങളുടെ ഭാഷയോടുള്ള സ്‌നേഹം വിളിച്ചോതുന്നു.
അമേരിക്കയില്‍ തന്നെ 90 കളുടെ ആരംഭം മുതല്‍ തന്നെ മലയാള വാര്‍ത്താ പ്രസിദ്ധീകരണങ്ങള്‍ ചുവടുറപ്പിച്ചു കഴിഞ്ഞിരുന്നു. ഇപ്പോള്‍ നിരവധി പ്രസിദ്ധീകരണങ്ങള്‍ അവിടെ തന്നെ അച്ചടിച്ച് വിതരണം ചെയ്തുകൊണ്ടിരിക്കുന്നു. അമേരിക്കന്‍ മലയാളി സഹോദരര്‍ വാര്‍ത്താ പ്രസിദ്ധീകരണങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും എടുത്തു പറയേണ്ട കാര്യം തന്നെ. നാടിന്റെ വികസനത്തിനായുള്ള ശ്രദ്ധേയമായ ഇടപെടലുകള്‍ മാധ്യമങ്ങള്‍ കൃത്യതയോടെ നിറവേറ്റുന്നു.
മലയാളി സമൂഹത്തെ ജന്മനാടായ കേരളവുമായി കോര്‍ത്തിണക്കുവാനും അമേരിക്കയിലെ മലയാളി പ്രസിദ്ധീകരണങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ കേരളീയര്‍ നന്ദിയോടെ സ്മരിക്കുന്നു. കേരളത്തില്‍ നിന്നും സംപ്രേക്ഷണം ചെയ്യുന്ന ഏതാണ്ട് എല്ലാ ചാനലുകളും തങ്ങളുടേതായ പങ്ക് നിര്‍വഹിക്കുന്നു എന്നതും വസ്തുതയാണ്. ഒഴിവു നേരങ്ങളില്‍ അമേരിക്കന്‍ മലയാളികള്‍ തങ്ങളുടെ വീടുകളിലിരുന്നുകൊണ്ട് നിത്യേനയെന്നോണം നേരില്‍ കാണുന്നു. ഇതു മാധ്യമങ്ങളുടെ അത്ഭുത വളര്‍ച്ചയുടെയും സ്വാധീനത്തിന്റെയും സമാനതകളില്ലാത്ത യാഥാര്‍ഥ്യമാണ്.
മാധ്യമങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരവും തങ്ങളുടെ വളര്‍ച്ചയ്ക്ക് ഉപകരിക്കും എന്നതും സത്യമാകുന്നു. വാര്‍ത്തകളും വിശകലനങ്ങളും വീക്ഷണങ്ങളും ഓരോ മാധ്യമത്തെയും വേറിട്ടു നിര്‍ത്തുന്നു. അറിവിന്റെ വിതരണക്കാരായിരിക്കണം മാധ്യമങ്ങള്‍. നാടിന്റെ ആവശ്യങ്ങള്‍, ആഗ്രഹങ്ങള്‍, വളര്‍ച്ചയ്ക്കാധാരമായ പദ്ധതികള്‍, നെറികേടുകള്‍ക്കെതിരെയുള്ള വിരല്‍ ചൂണ്ടലുകള്‍, പ്രവാസികളുടെ പ്രശ്‌നങ്ങള്‍, ആകാംക്ഷകള്‍, അവരുടെ സാംസ്‌കാരിക നിലപാടുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍, നമ്മുടെ തനതു പാരമ്പര്യങ്ങളിലധിഷ്ഠിതമായ ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും പ്രചാരണങ്ങള്‍ തുടങ്ങിയവ മാധ്യമങ്ങളുടെ ധര്‍മ്മം തന്നെയാകുന്നു.
ഇവ ഏറ്റെടുത്തു വായനക്കാരില്‍ ഒരു കടമ എന്ന പോലെ ചടുലതയോടെ എത്തിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ തീര്‍ച്ചയായും മുന്നിലെത്തുകയും അവ വായനക്കാരന്‍ ആവേശത്തോടെ സ്വീകരിക്കപ്പെടുകയും ചെയ്യുമെന്നതില്‍ രണ്ടു പക്ഷമില്ല. എപ്പോള്‍ പ്രസിദ്ധീകരണം ആരംഭിച്ചു എന്നതിലല്ല എങ്ങനെ പ്രസിദ്ധീകരിക്കുന്നു എന്നതാണ് ഒരു മാധ്യമത്തിന്റെ വളര്‍ച്ച എന്നതും വസ്തുത തന്നെ.
ചോദ്യം ചെയ്യപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമായ അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള തൂലിക ചലിപ്പിക്കല്‍ അത്തരക്കാരെ വെറുപ്പിക്കുമോ എന്ന ഭയം മാധ്യമങ്ങള്‍ക്ക് പാടില്ല. തീര്‍ച്ചയായും മാധ്യമങ്ങള്‍ തിരുത്തല്‍ ശക്തികള്‍ തന്നെയായിരിക്കണം. ലോകമാധ്യമ ചരിത്രം തന്നെ ഇത്തരം തിരുത്തലുകളുടെ കഥകളാല്‍ നിറഞ്ഞിരിക്കുന്നു.
സങ്കീര്‍ണവും വിഷാദമയവും അതിജീവനത്തിനു വേണ്ടിയുള്ള യാത്രകളാലും നിറഞ്ഞ മനുഷ്യന്റെ മനസ്സിനു പ്രത്യാശയുടെയും കൃത്യമായ വഴികാട്ടിയായും മാതൃകകളായിരിക്കണം മാധ്യമങ്ങള്‍ എന്നതും നമുക്കറിയാം. ഇവിടെയാണ് മാധ്യമ കൂട്ടായ്മയുടെ പ്രസക്തിയും. ഇതിനുള്ള ഉത്തമ ഉദാഹരമാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക.
അതിവിശാലമായ അമേരിക്കയിലെ ചിതറിക്കിടക്കുന്ന മലയാളി സമൂഹത്തിന്റെ വാര്‍ത്താ പ്രചാരകരായ മാധ്യമപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ഒത്തു ചേര്‍ന്നിരിക്കുകയാണ് ഈ മഹാപ്രസ്ഥാനത്തില്‍. ഈ ആശയത്തിനു രൂപവും ഭാവവും കൊടുത്തവരെയും ഇവിടെ അഭിനന്ദിക്കട്ടെ. ഇതു തീര്‍ച്ചയായും ഒരു ഭാഷയുടെയും സംസ്‌കാരത്തിന്റെയും സംഘടനയായി നമുക്കു കാണാം.
ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ പ്രസ് ക്ലബ് കേരളത്തിലും പ്രശസ്തമായിരിക്കുന്നു. കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെ അമേരിക്കന്‍ മലയാളി സമൂഹത്തിനു മുന്നില്‍ ക്ഷണിച്ചു വരുത്തി ആദരിക്കുന്നതും സംവദിക്കുന്നതും സന്തോഷകരമാണ്.