Tuesday, December 24, 2024

HomeMain Storyപാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഓസ്‌ട്രേലിയ ലോകകപ്പ് ടി-20 ഫൈനലില്‍

പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഓസ്‌ട്രേലിയ ലോകകപ്പ് ടി-20 ഫൈനലില്‍

spot_img
spot_img

ദുബായ്: ഷഹീന്‍ അഫ്രിഡിയെ ഹാട്രിക് സിക്‌സടിച്ച് മാത്യു വെയ്ഡ് പാകിസ്താന്റെ ചിറകരിഞ്ഞു. ലോകകപ്പ് ടി-20 സെമിഫൈനലില്‍ തകര്‍പ്പന്‍ ജയത്തോടെ ഓസ്‌ട്രേലിയ ഫൈനലില്‍. തോല്‍വിയറിയാതെ മുന്നേറിയ പാകിസ്താനെ അഞ്ച് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തകര്‍ത്തത്. ആറാം വിക്കറ്റില്‍ മാത്യു വെയ്ഡും മാര്‍കസ് സ്‌റ്റോയിനിസും നടത്തിയ പോരാട്ടത്തിലാണ് പാകിസ്താന്‍ തകര്‍ന്നടിഞ്ഞത്.

പാകിസ്താന്‍ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കി നില്‍ക്കെ ഓസ്‌ട്രേലിയ അടിച്ചെടുത്തു. ഇടം കയ്യന്‍ ബാറ്റര്‍ മാത്യു വെയ്ഡിന്റെ തകര്‍പ്പനടികളാണ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്. 17 പന്തില്‍ 41 റണ്‍സുമായി വെയ്ഡ് പുറത്താകാതെ നിന്നു. ഒരു ഘട്ടത്തില്‍ പതറിയ ടീമിനെ വിജയത്തിലേക്കെത്തിക്കുന്നതില്‍ ഓള്‍ റൗണ്ടര്‍ മാര്‍കസ് സ്‌റ്റോയിനിസും നിര്‍ണായക പങ്കു വഹിച്ചു. സ്‌റ്റോയിനിസ് 31 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരിട്ട ആദ്യ പന്തില്‍ തന്നെ ആരോണ്‍ ഫിഞ്ച് അഫ്രിഡിക്ക് മുന്നില്‍ കീഴടങ്ങിയെങ്കിലും മൂന്നാമനായെത്തിയ മിച്ചല്‍ മാര്‍ഷിനൊപ്പം ഡേവിഡ് വാര്‍ണറാണ് ഓസ്‌ട്രേലിയയ്ക്ക് പൊരുതാനുള്ള അടിത്തറയിട്ടത്. ഇരുവരും ചേര്‍ന്ന് അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഏഴാം ഓവറില്‍ ലെഗ് സ്പിന്നര്‍ ഷദാബ് ഖാന്‍ മാര്‍ഷിനെ ആസിഫ് അലിയുടെ കയ്യിലെത്തിച്ചു.

സ്‌കോര്‍ 77 ലെത്തിയപ്പോള്‍ പരിചയ സമ്പന്നനായ സ്റ്റീവ് സ്മിത്തിനേയും ഷദാബ് മടക്കിയയച്ചു. നല്ല ഫോമില്‍ കളിച്ചു വരികയായിരുന്ന ഡേവിഡ് വാര്‍ണറിനെ പതിനൊന്നാം ഓവറില്‍ ഷദാബ് വിക്കറ്റ് കീപ്പര്‍ മൊഹമ്മദ് റിസ്വാന്റെ കൈകളിലെത്തിച്ചതോടെ പാകിസ്താന്‍ വിജയം മണത്തു. പതിമൂന്നാം ഓവറില്‍ ഷദാബിന്റെ ഉജ്ജ്വല ബൗളിംഗ് മാക്‌സ്‌വെല്ലിനേയും പുറത്താക്കി ഓസ്‌ട്രേലിയയെ വരിഞ്ഞു മുറുക്കി.

തുടര്‍ന്നായിരുന്നു ആവേശകരമായ സ്‌റ്റോയിനിസ് – വെയ്ഡ് കൂട്ടുകെട്ട് പിറന്നത്. ഒരറ്റത്ത് സ്ഥിരതയോടെ നിന്ന സ്‌റ്റോയിനിസാണ് ആദ്യം ആക്രമണത്തിന് തുടക്കമിട്ടത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ പുറത്താക്കി ആഘോഷിച്ച ഷദാബിനെ തൊട്ടടുത്ത പന്തില്‍ ഡീപ് മിഡ്‌വിക്കറ്റിലേക്ക് സ്‌റ്റോയിനിസ് സിക്‌സറിന് പറത്തി.

16 ഓവറുകള്‍ അവസാനിച്ചപ്പോള്‍ 24 പന്തില്‍ 50 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഹാരിസ് റൗഫ് എറിഞ്ഞ പതിനേഴാം ഓവറിലെ മൂന്നാം പന്തില്‍ മിഡ്‌വിക്കറ്റിനു മുകളിലൂടെ തകര്‍പ്പന്‍ സിക്‌സറടിച്ച സ്‌റ്റോയിനിസ് തൊട്ടടുത്ത പന്ത് ബൗളറുടെ മുകളിലൂടെ പായിച്ച് ബൗണ്ടറിയും നേടി.

പതിനെട്ടാം ഓവറില്‍ ഹസന്‍ അലിയെ സിക്‌സറിനും ഫോറിനും തൂക്കിയ വെയ്ഡ് 12 പന്തില്‍ 22 റണ്‍സെന്ന നിലയിലേക്ക് കളിയെത്തിച്ചു. ടൂര്‍ണമെന്റിലെ സ്റ്റാര്‍ ബൗളര്‍ ഷഹീന്‍ ഷാ അഫ്രിഡി മാത്രമായിരുന്നു ബാബര്‍ അസമിന്റെ അവസാന പ്രതീക്ഷ. ആദ്യ പന്തില്‍ സ്‌റ്റോയിനിസിന് റണ്ണെടുക്കാന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത പന്തില്‍ ലെഗ് ബിഫോറിനെ അതിജീവിച്ച സ്‌റ്റോയിനിസ് ഒരു ലെഗ് ബൈ നേടി നോണ്‍ സ്‌െ്രെടക്ക് എന്‍ഡിലെത്തി. അടുത്ത പന്ത് വൈഡ് ബോളായി. മൂന്നാം പന്തില്‍ മാത്യു വെയ്ഡ് ഉയര്‍ത്തിയടിച്ച പന്ത് ഡീപ് മിഡ് വിക്കറ്റില്‍ ഹാസന്‍ അലിയുടെ കയ്യില്‍ നിന്ന് വഴുതി.

രണ്ട് റണ്‍സ് കൂടി നേടിയ വെയ്ഡ് പക്ഷേ വിശ്വരൂപം കാണിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ലെഗ് സ്റ്റമ്പ് ലൈനിലെത്തിയ അടുത്ത പന്ത് ഓഫിലേക്ക് കയറി പിന്നോട്ട് സ്‌കൂപ്പ് ചെയ്ത വെയ്ഡിനെപ്പോലും അത്ഭുതപ്പെടുത്തി കീപ്പര്‍ക്ക് പിന്നിലായി പന്ത് ഗ്യാലറി കടന്നു. അടുത്ത പന്ത് ഡീപ് മിഡ്‌വിക്കറ്റിലേക്ക് തൂക്കിയടിച്ച വെയ്ഡ് അവസാന പന്ത് കീപ്പര്‍ക്ക് മുകളിലൂടെ ഗ്യാലറിയിലെത്തിച്ചതോടെ പാകിസ്താന്റെ കഥ കഴിഞ്ഞു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 20 ഓവറില്‍ 4 വിക്കറ്റുകള്‍ നഷ്ടപ്പെട്ട് 176 റണ്‍സ് ആണ് നേടിയത്. പാകിസ്താനു വേണ്ടി ഫക്കര്‍ സമാനും അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയപ്പോള്‍ ക്യാപ്ടന്‍ ബാബര്‍ അസം 39 റണ്‍സുമായി പിന്തുണ നല്‍കി. അവസാന ഓവറുകളില്‍ കൂറ്റനടികളിലൂടെ റണ്‍സ് വാരാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടത് പാകിസ്താന് തിരിച്ചടിയായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments