അനിൽ മറ്റത്തികുന്നേൽ
ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക, അമേരിക്കയിലെ മാധ്യമ പ്രവർത്തകർക്ക് വേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന മീഡിയാ എക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. ചിക്കാഗോയിൽ ആരംഭിച്ച പ്രസ്ക്ലബ്ബ് അന്താരാഷ്‌ട്ര മീഡിയ കോൺഫ്രൻസിൽ അവാർഡുകൾ വിതരണം ചെയ്യും.
മീഡിയ എക്സലൻസ് അവാർഡ് ജേതാക്കൾ ഇവരാണ്: ഏഷ്യാനെറ്റ് ന്യൂസ് യു എസ എ ബ്യൂറോ ചീഫ് ഡോ. കൃഷ്ണ കിഷോർ (വാർത്ത അവതാരകൻ); ഏഷ്യാനെറ്റ് യു എസ് & കാനഡ പ്രോഗ്രാം ഡയറക്ടറും ഏഷ്യാനെറ്റ് യു എസ വീക്കിലി റൗണ്ടപ്പിന്റെ പ്രൊഡ്യൂസറുമായ രാജു പള്ളത്ത് (ടിവി പ്രൊഡക്ഷൻ); ഫ്‌ളവേഴ്‌സ് യു എസ എ യുടെ CEO ബിജു സഖറിയാ (ടിവി പ്രൊഡക്ഷൻ ആൻഡ് ടിവി മാനേജ്‌മെന്റ്)
ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ടപ്പ് എക്സിക്യൂട്ടീവ് എഡിറ്ററും പ്രസ് ക്ലബ് കോൺഫ്രൻസ് പി ആർ ഓ യുമായ അനിൽ മറ്റത്തികുന്നേലിനെ മീഡിയ ഓൾറൗണ്ടറാആയി ആദരിക്കും. ടെലിവിഷൻ പ്രൊഡക്ഷൻ രംഗത്തും പ്രിന്റ് & ഓൺലൈൻ മീഡിയകളിലെ റിപ്പോർട്ടിംഗിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണിത്.
ഏഷ്യാനെറ്റ് ന്യൂസിന്റെ അലൻ ജോർജ്ജാണ് മികച്ച ക്യാമെറാമാനായി തെരഞ്ഞെടുക്കപ്പെട്ടത്. വാർത്താ രചനകളുടെ വിഭാഗത്തിൽ പ്രത്യേക പുരസ്‌കാരത്തിന് അർഹനായിരിക്കുന്നത് അനിൽ ആറന്മുളയാണ്. മികച്ച ന്യൂസ് എഡിറ്റർ അവാർഡ് സൈമൺ വളാച്ചേരിലും (നേർക്കാഴ്ച) മികച്ച പ്രോഗ്രാം അവതരാകയായി കൈരളി ടിവി യുടെ സുധ പ്ലാക്കാട്ടും അർഹരായി.
ഞായറാഴ്ച വരെ നീണ്ടു നിൽക്കുന്ന മീഡിയ കോൺഫറൻസിന്റെ ഭാഗമായി മികച്ച പരിപാടികളാണ് തയ്യാറായിരിക്കുന്നത്. അവാർഡുകൾക്ക് അര്ഹരായ എല്ലാ മാധ്യമ പ്രവർത്തകരെയും അനുമോദിക്കുന്നതിനോടൊപ്പം എല്ലാവരെയും മീഡിയ കോണ്ഫറന്സിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്, സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രെഷറർ ജീമോൻ ജോർജ് എന്നിവർ പറഞ്ഞു.