പാട്‌ന: മാധ്യമപ്രവര്‍ത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ 22കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡരികില്‍ തള്ളി. ബിഹാറിലെ മധുബനി ജില്ലയിലാണ് സംഭവം. പ്രാദേശിക വാര്‍ത്താ പോര്‍ട്ടല്‍ നടത്തുന്ന ബുദ്ധിനാഥ് ഝാ എന്നയാളാണ് കൊല്ലപ്പെട്ടത്.
പ്രദേശത്ത് നിരവധി വ്യാജ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ ബുദ്ധിനാഥ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ കുറിച്ച് ഫേസ്ബുക് പോസ്റ്റിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഇയാളെ കാണാതായത്. ബുദ്ധിനാഥിന്റെ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഏതാനും വ്യാജ ക്ലിനിക്കുകള്‍ അടച്ചുപൂട്ടുകയും ചിലതിന് വലിയ പിഴ ചുമത്തുകയും ചെയ്തിരുന്നു.
വ്യാജ ക്ലിനിക്കുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ശേഷം ലക്ഷങ്ങളുടെ വാഗ്ദാനവും ഭീഷണി സന്ദേശങ്ങളും ഇയാള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍, ഇവയൊന്നും ബുദ്ധിനാഥിനെ പിന്തിരിപ്പിച്ചില്ല.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ബുദ്ധിനാഥിനെ കാണാതായത്. ബേനിപാട്ടിയിലെ വീട്ടിലായിരുന്നു ഇയാള്‍ ഉണ്ടായിരുന്നത്. ടൗണ്‍ പൊലീസ് സ്റ്റേഷന് 400 മീറ്റര്‍ അകലെയാണ് ബുദ്ധിനാഥിന്റെ വീട്.
ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ ബുദ്ധിനാഥിനെ കണ്ടെത്താനായില്ല. മൊബൈല്‍ ഫോണും ഓഫായ നിലയിലായിരുന്നു. വെള്ളിയാഴ്ചയാണ് ബുദ്ധിനാഥിന്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിക്കുന്നത്.
ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം റോഡരികില്‍ തള്ളിയ നിലയിലായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ സംസ്‌കരിച്ചു.
മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രദേശത്ത് വന്‍ ജനരോഷം ഉയര്‍ന്നിരിക്കുകയാണ്. പൊലീസ് സ്റ്റേഷന് 400 മീറ്റര്‍ മാത്രം അകലെയുള്ള വീട്ടില്‍ നിന്ന് എങ്ങനെയാണ് മാധ്യമപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയതെന്ന ചോദ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്.