ന്യൂഡല്‍ഹി: രാജ്യം ഇന്ന് ശിശു ദിനം ആഘോഷിക്കുന്നു. ഇന്ത്യയുടെ പ്രഥമ പ്രധനമമന്ത്രി ജവഹര്‍ലാല്‍നെഹ്രുവിന്റെ ജന്മദിനമായതിനാലാണ് നവംബര്‍ പതിനാല് ശിശു ദിനമായി ആചരിക്കുന്നത്. കുട്ടികളെ വളരെയധികം സ്‌നേഹിച്ചിരുന്ന വ്യക്തി എന്ന നിലയില്‍ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു.
വിദ്യാലയങ്ങള്‍ അവധിയാണെങ്കിലും സ്‌കൂളുകളും അംഗന്‍വാടികളും കേന്ദ്രീകരിച്ച് ശിശുദിന ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. അതേസമയം തന്നെ രാഷ്ട്ര പുനഃര്‍നിര്‍മ്മാണത്തില്‍ ഏറ്റവും വലിയ പങ്കുവഹിച്ചവരില്‍ പ്രധാനിയായ നെഹ്‌റു ഓര്‍മ്മിക്കപ്പെടേണ്ടത് ശിശു ദിനത്തിന്റെ പേരില്‍ മാത്രമല്ലെന്ന് അഭിപ്രായവും ശക്തമാണ്.
ഇന്ത്യയില്‍ നവംബര്‍ 14 നാണ് ശിശുദിനമെങ്കില്‍ നവംബര്‍ 20 നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത്. മോത്തിലാല്‍ നെഹ്രുവിന്റേയും, ഭാര്യ സ്വരുപ്‌റാണി തുസ്സുവിന്റേയും മകനായി 1889 ലാണ് നെഹ്‌റു ജനിക്കുന്നത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായ മോത്തിലാല്‍ നെഹ്രുവിന്റെ പാത പിന്തുടര്‍ന്നാണ് ജവഹര്‍ലാല്‍ നെഹ്രു സ്വാതന്ത്ര സമര പോരാട്ട രംഗത്തേക്ക് എത്തുന്നത്. 1947 ആഗസ്റ്റ് 15 ന് ജവഹര്‍ലാല്‍ നെഹ്രു സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത അധികാരമേറ്റു. 1964ല്‍ മരിക്കുന്നത് വരെ ആ പദവിയില്‍ തുടര്‍ന്നു.
1964 ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരണത്തിന് ശേഷമാണ് പാര്‍ലമെന്റ് അദ്ദേഹത്തിന്റെ ജന്മദിന ദിവസമായ നവംബര്‍ 14 ശിശുദിനമായി പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയത്. ബാലാവകാശങ്ങളെ കുറിച്ച് അവബോധം വളര്‍ത്താന്‍ കൂടിയാണ് നമ്മുടെ രാജ്യം ഈ ദിനം ഉപയോഗിക്കുന്നത്.
കുട്ടികളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന നെഹ്‌റു അവര്‍ക്കിടയില്‍ ചാച്ചാ നെഹ്‌റു എന്ന് അറിയപ്പെട്ടിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളും അത് ലഭ്യമാക്കാനും നെഹ്‌റു ഏറെ പരിശ്രമിച്ചിരുന്നു . ഭാവിയില്‍ മെച്ചപ്പെട്ട സമൂഹം കെട്ടിപ്പടുക്കുന്ന കുട്ടികളുടെ സമഗ്രമായ വിദ്യാഭ്യാസത്തിനായി അദ്ദേഹം പ്രേയ്ത്‌നിച്ചിരുന്നു .
ജവഹര്‍ലാല്‍ നെഹ്‌റു കുട്ടികളെ ഒരു രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തിയും സമൂഹത്തിന്റെ അടിത്തറയും ആയി കണക്കാക്കിയിരുന്നു. പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ മരണത്തിന് മുമ്പ്, നവംബര്‍ 20 ന് ആയിരുന്നു ഇന്ത്യ ശിശുദിനം ആചരിച്ചിരുന്നത്. ഐക്യരാഷ്ട്രസഭ ലോക ശിശുദിനമായി ആചരിച്ച ദിവസമായിരുന്നു അത്.
എന്നാല്‍ അദ്ദേഹത്തിന്റെ മരണ ശേഷം ജന്മദിനം ശിശുദിനമായി ആചരിക്കുകയായിരുന്നു. ശിശുദിനം ആഘോഷിക്കുന്നതിനായി സ്‌കൂളുകള്‍ കായിക പരിപാടികളും ക്വിസ് മത്സരങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും നടത്താറുണ്ട്. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍, മധുരപലഹാരങ്ങള്‍, സമ്മാനങ്ങള്‍ എന്നിവ സമ്മാനിക്കുന്നത് അവര്‍ക്ക് ഈ ദിവസം പ്രത്യേകമാക്കുന്നു.
തൊപ്പിയും നീണ്ട ജുബ്ബയും ഒപ്പം ചുവന്ന റോസാപ്പൂവും ധരിച്ച്, സദാ പുഞ്ചിരിക്കുന്ന മുഖവുമായിട്ടാണ് നെഹ്‌റു എല്ലാവരെയും കണ്ടിരുന്നത്. അധിക സമയവും കുട്ടികള്‍ക്കൊപ്പം ചെലവിടാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. കുട്ടികളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഓരോ കുടുംബത്തിനും സമൂഹത്തിനും പങ്കുണ്ട്.
അതുകൊണ്ട് അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനും, പോസിറ്റീവായ പിന്തുണ നല്‍കാനും രക്ഷിതാക്കള്‍ക്ക് സാധിക്കണമെന്ന സന്ദേശം കൂടി ഈ ദിനം നല്‍കുന്നുണ്ട്. അതേസമയം, ഈ വര്‍ഷത്തെ ശിശുദിന ആഘോഷങ്ങള്‍ കൊവിഡും കൂടി കണക്കിലെടുത്തായിരിക്കും, നീണ്ട ഇടവേളകള്‍ക്ക് ശേഷം ദിവസങ്ങള്‍ക്ക് മുമ്പാണ് സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.