Tuesday, December 24, 2024

HomeMain Storyഅതിരുകളില്ലാത്ത ആകാശത്തേക്ക് പറന്നുയര്‍ന്ന ഗന്ധര്‍വ്വ നാദത്തിന് അറുപതാണ്ട്‌

അതിരുകളില്ലാത്ത ആകാശത്തേക്ക് പറന്നുയര്‍ന്ന ഗന്ധര്‍വ്വ നാദത്തിന് അറുപതാണ്ട്‌

spot_img
spot_img

ജോയ്‌സ് തോന്ന്യാമല

മലയാളികളുടെ മനസ്സിലേക്ക് അഭൗമ സംഗീതത്തിന്റെ മോഹ മന്ത്രാക്ഷരികളുമായി ഗാനഗന്ധര്‍വന്‍ യേശുദാസ് സ്ഥാനം പിടിച്ചിട്ട് ആറ് പതിറ്റാണ്ട് തികയുന്നു. മലയാളിയുടെ ജീവിതത്തില്‍ യേശുദാസിന്റെ സ്വരം കേള്‍ക്കാത്ത നിമിഷങ്ങള്‍ ഇല്ല. ഇന്ന് നവംബര്‍ 14, ഗാന ഗന്ധര്‍വ്വന്‍ യേശുദാസ് ആദ്യമായി ഒരു ഗാനം ആലപിച്ച ദിവസത്തിന്റെ 60-ാം വാര്‍ഷിക ദിനമാണിന്ന്. മാറുന്ന കാലത്തിനും അഭിരുചികള്‍ക്കും ആസ്വാദന ശീലങ്ങള്‍ക്കും സാങ്കേതികവിദ്യക്കും അപ്പുറത്തേക്ക് പറന്നുയര്‍ന്ന ആ ശബ്ദം സംഗീതാസ്വാദകരെ ഇന്നും ത്രസിപ്പിച്ച് കൊണ്ടേയിരിക്കുന്നു.

കെ.എസ് ആന്റണി എന്ന സംവിധായകന്റെ ‘കാല്‍പ്പാടുകള്‍’ എന്ന ചിത്രത്തിനു വേണ്ടി 1961 നവംബര്‍ 14-ാം തീയതി ‘ജാതി ഭേദം, മത ദ്വേഷം ഏതുമില്ലാതെ സര്‍വരും…’ എന്നു തുടങ്ങുന്ന ഗുരുദേവ കീര്‍ത്തനം ആലപിച്ച് സംഗീത ലോകത്ത് ഹരിശ്രീ കുറിച്ച ദാസേട്ടന്‍ പിന്നീട് മലയാള സിനിമയില്‍ സ്വര പ്രപഞ്ചം തീര്‍ക്കുകയായിരുന്നു.

ഇന്നും കാലത്തിനൊപ്പം അനസ്യൂതമായൊഴുകുന്ന ആ സ്വരരാഗ ഗംഗാ പ്രവാഹം ഉത്ഭവിച്ച ആദ്യ റിക്കോഡിംഗിന്റെ സുന്ദര സ്മരണകളിങ്ങനെ…ചെന്നൈ ആയി മാറിയ പഴയ മദ്രാസിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആ ഇതിഹാസം രചിക്കപ്പെട്ടത്. എം.ബി ശ്രീനിവാസനായിരുന്നു ‘കാല്‍പ്പാടുകളി’ലെ സംഗീത സംവിധായകന്‍. മുഴുവന്‍ പാട്ടുകളും ദാസേട്ടന്‍ തന്നെ പാടാനായിരുന്നു തീരുമാനം. ആദ്യകാല നടനും തിരക്കഥാകൃത്തും നിര്‍മാതാവുമായ രാമന്‍ നമ്പിയത്തിലാണ്, മീശ മുളയ്ക്കാത്ത കാലത്ത് യേശുദാസിനെ എം. ബി ശ്രീനിവാസന് പരിചയപ്പെടുത്തി കൊടുത്തത്. ഗന്ധര്‍വന്റെ ഇരുപത്തിയൊന്നാം വയസിലായിരുന്നു ആ ചരിത്ര മുഹൂര്‍ത്തമെന്നോര്‍ക്കുക.

സിനിമയില്‍ പാടാനുള്ള ഉള്‍ക്കട മോഹവുമായി തന്റെ ആദ്യ ഗുരുവായ പിതാവ് അഗസ്റ്റിന്‍ ജോസഫിനോടൊപ്പമെത്തിയ യേശുദാസിനെ നിരാശനാക്കി വിടാന്‍ കെ.എസ് ആന്റണിക്കും നമ്പിയത്തിലിനും മനസ്സു വന്നില്ല. പീച്ചി ഡാം ഹൗസില്‍ വച്ച് മുകേഷിന്റെ ‘ദോ രോസ് മേ പ്യാര്‍ കാ ആലം ഗുസര്‍ഗയാ…’ എന്ന ഗാനം യുവ ഗായകന്‍ പാടി കേള്‍പ്പിച്ചു. ആ സുന്ദരാലാപനം കേട്ട് എം.ബി.എസ് പുളകിതനായി. അന്ന് എം.ബി.എസ് നടത്തിയ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ സഫലമാവുകയായിരുന്നു. യേശുദാസിന്റെ മാസ്മരിക ശബ്ദത്തെക്കുറിച്ച് എം.ബി.എസ് അന്ന് പറഞ്ഞത് ”ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച കണ്ടുപിടിത്തം…” എന്നായിരുന്നു.

ആദ്യ ഗാനം പാടേണ്ട ദിവസം യേശുദാസിന് ജലദോഷം പിടിച്ചു. പക്ഷേ അത് വക വയ്ക്കാതെ അദ്ദേഹം ഭരണി സ്റ്റുഡിയോയിലെത്തി. ”പനി പിടിച്ച പയ്യനെക്കൊണ്ട് പാടിക്കണമോ…” എന്ന് പലരും ചോദിച്ചു. ദാസേട്ടന്റെ മനസ്സില്‍ അപ്പോള്‍ ഇഛാഭംഗത്തിന്റെ അപശ്രുതി പരന്നത് സ്വാഭാവികം. പക്ഷേ ഇത്രയും ആശ കൊടുത്തിട്ട് പാടിക്കാതിരിക്കുന്നത് ശരിയല്ല എന്ന ശക്തമായ അഭിപ്രായത്തിന്റെ മുഴക്കത്തില്‍ ഗന്ധര്‍വശബ്ദം റിക്കാര്‍ഡ് ചെയ്യപ്പെട്ടു. പിന്നെ സ്വപ്നസമാനമായ എത്രയെത്ര പാട്ടുകള്‍ ആയിരം പാദസരങ്ങള്‍ കിലുക്കി നമ്മുടെ കാതുകള്‍ക്കിമ്പമായി പിറന്നു…

സംഗീത പ്രേമികളുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത പേരാണ് ‘യേശുദാസ്’. ആസാമീസ്, കൊങ്കണി, കാശ്മീരി എന്നിവയിലൊഴികെ എല്ലാ ഇന്ത്യന്‍ ഭാഷകളിലും സംഗീതത്തിന്റെ രാജപ്രപഞ്ചം സൃഷ്ടിച്ചിട്ടുള്ള ദാസേട്ടന്റെ പാട്ടുകള്‍ റഷ്യന്‍, മലയ, അറബിക്, ലാറ്റിന്‍ തുടങ്ങിയ വിദേശ ഭാഷകളിലും കേള്‍ക്കാന്‍ നമുക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതേ, ഈ സംഗീത മാന്ത്രികനൊപ്പം സമകാലികരായി ജീവിക്കാന്‍ കഴിഞ്ഞുവെന്നത് മറ്റൊരപൂര്‍വ ഭാഗ്യം.

ഫോര്‍ട്ടുകൊച്ചിയിലെ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെ മകന് സംഗീതവും കഷ്ടപ്പാടുകളുമായിരുന്നു ഇളം പ്രായത്തിലെ കൂട്ടുകാര്‍. മുണ്ടു മുറുക്കിയുടുത്ത് ജന്മസിദ്ധമായ സംഗീതത്തെ കൈവെടിയാതെ തൃപ്പൂണിത്തുറ ആര്‍.എല്‍.വി സംഗീത കോളേജില്‍ ചേര്‍ന്ന് ശാസ്ത്രീയ സംഗീതം പഠിച്ചു. ഗാന ഭൂഷണം പാസായതിനു ശേഷം ആകാശ വാണിയില്‍ നടത്തിയ വോയ്‌സ് ടെസ്റ്റില്‍ പരാജയപ്പെട്ട ചരിത്രവും ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഇഷ്ട ശിഷ്യനായ ഗന്ധര്‍വ ഗായകന് പറയാനുണ്ട്.

ദാസേട്ടന്റെ കര്‍ണാടക സംഗീത കച്ചേരികള്‍ വേറിട്ടൊരനുഭവമാണ് പ്രദാനം ചെയ്യുക. സംഗീതത്തില്‍ താത്പര്യമില്ലാത്തവരെ ആസ്വാദകരാക്കി പുനര്‍ജനിപ്പിക്കുന്ന അമൃത് ആ ശബ്ദ വിന്യാസത്തിലടങ്ങിയിരിക്കുന്നു. ഇത്രയേറെ അംഗീകാരങ്ങളുടെയും ആദരവിന്റെയും കൊടുമുടികള്‍ കീഴടക്കിയ മറ്റൊരു സംഗീതജ്ഞനെ ഭൂമിയിലെവിടെ കാണാനാവും. അനേക നൂറ്റാണ്ടുകളുടെ ഇടവേളകളില്‍ പിറവിയെടുക്കുന്ന അപൂര്‍ പ്രതിഭാസമാണ് മറക്കാത്ത ഗാനങ്ങള്‍ സമ്മാനിച്ച ദാസേട്ടന്‍.

പത്മഭൂഷണും പത്മശ്രീയും നേടിയ, സൗമ്യ സംഗീതം പൊഴിക്കുന്ന ദാസേട്ടന്‍ എന്ന കേരളത്തിന്റെ ആസ്ഥാന ഗായകന് ഏഴു തവണ ഇന്ത്യയുടെ മികച്ച ചലചിത്ര പിന്നണി ഗായകനുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ അതിലുമെത്രയോ ഇരട്ടി തവണ അദ്ദേഹം കേരളത്തിന്റെ മികച്ച ഗായക പുരസ്‌കാരം നേടി. മറ്റു സംസ്ഥാനങ്ങളിലും ദാസേട്ടന്‍ സംഗീത മഴ പെയ്യിച്ചു. ബഹുമതികള്‍ ഏറെ വിനയാന്വികനാക്കിയ ഒരവസരത്തില്‍ യുവഗായകരെ പ്രോത്സാഹിപ്പിക്കാന്‍ കേരളത്തില്‍ നിന്ന് ഇനി പുരസ്‌കാരങ്ങള്‍ വേണ്ടെന്ന് അദ്ദേഹം അപേക്ഷിച്ചു. ഇതേ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ യേശുദാസിന്റെ ഗാനങ്ങള്‍ അവാര്‍ഡിനായി പരിഗണിക്കാതെയായതെന്നറിയുക.

ഏഴു സ്വരങ്ങളും ആവാഹിച്ച് കാലത്തിന്റെ എല്ലാ ഭൂപടങ്ങള്‍ക്കു മേലും ആ ഗന്ധര്‍വ ഗാനധാര ഇന്നും അലകളുയര്‍ത്തി പരന്നൊഴുകിക്കൊണ്ടിരുന്നു, സംഗീതം ഒരു കണ്ണാടി പോലെയാണ്. അതില്‍ ലയിച്ചിരിക്കുമ്പോള്‍ നമുക്ക് ലോകത്തെ തന്നെ കാണാനാകും. ദാസേട്ടന്‍ ഒരു കണ്ണാടിയാവുന്നു. സംഗീതത്തിന്റെ ചിന്തുകള്‍ സമാഹരിച്ച് പ്രതിഫലിപ്പിക്കുന്ന ഒരു ആറന്മുള കണ്ണാടി.

സ്വര്‍ഗീയ സംഗീതവും സ്വരമഴകളും തോണിപ്പാട്ടിന്റെ രാഗങ്ങളും ആസ്വാദക ഹൃദയങ്ങളില്‍ ധൂര്‍ത്തോടെ വാരിച്ചൊരിഞ്ഞ പ്രതിഭ. സംഗീത രാജാങ്കണത്തിലെ സമാനതകളില്ലാത്ത പ്രണയോപാസകന്‍. ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും എല്ലാ മതത്തേയും ഒരു പോലെ ആദരിക്കുന്ന തികഞ്ഞ മനുഷ്യ സ്‌നേഹി.

പാട്ടിന്റെ ഹരിത വഴികളിലൂടെ സഞ്ചരിക്കുന്ന ഈ ദാര്‍ശനികന് തത്വജ്ഞാനത്തിന്റെ മയൂര സിംഹാസനവും ചേരും. അള്ളാഹുവിനെ വാഴ്ത്തുമ്പോഴും അയ്യപ്പനെ ഭജിക്കുമ്പോഴും യേശുവിനെ സ്തുതിക്കുമ്പോഴും ദാസേട്ടനിലെന്നും പ്രകടമാവുന്നത് മനുഷ്യ സ്‌നേഹത്തിന്റെ ലയവിന്യാസമാണ്… താളമേളമാണ്… രാഗസങ്കലനമാണ്. ആത്മീയതയും വേദാന്തവും സമ്മോഹനമായി സംഗമിച്ച് അത് നാദസസരസായി ഒഴുകുന്നു.

ദാസേട്ടനുമായി വ്യക്തിപരമായ ഒരു ബന്ധം കൂടി എനിക്കുണ്ട്. ഈയിടെ റിലീസായ ‘പിപ്പലാന്ത്രി’ എന്ന സിനിമയില്‍ ഈ ലേഖകന്‍ എഴുതിയ ‘വാനം മേലെ കാറ്റ്, തുടികൊട്ടും പാട്ടിന്റെ ചേല്, ഓളം തുള്ളും തെളി നീരില്‍ നീന്തും ചെറുമീനിന്‍ ചന്തം…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് ഗാനഗന്ധര്‍വനാണ്. ഞാന്‍ എഴുതിയ വരികള്‍ക്കു വേണ്ടി പാടാന്‍ ദാസേട്ടന്‍ മനസ്സ് കാണിച്ചത് എന്റെ ചിര കാലാഭിലാഷ സാക്ഷാത്ക്കാരമാണ് എന്ന് ഇത്തരുണത്തില്‍ സൂചിപ്പിക്കട്ടെ.

ദാസേട്ടനൊപ്പം ലേഖകനും മകളും

അത്ഭുതങ്ങള്‍ വിശ്വസിക്കുകയെന്നത് ഒരു പക്ഷേ പ്രയാസകരമായിരിക്കും. കാലത്തിന്റെ അന്തതയിലും ആകാശത്തിന്റെ വിശാലതയിലും വ്യാപിച്ചു കിടക്കുന്ന അത്ഭുതമാണ് കാട്ടാശേരി ജോസഫ് യേശുദാസ് എന്ന നമ്മുടെ പ്രിയ ദാസേട്ടന്‍. വിസമയത്തിനു മേല്‍ അടുക്കി വച്ച വിസ്മയം… പകരം വയ്ക്കാത്ത ശബ്ദ സൗകുമാര്യം… കോടി ഹൃദയങ്ങളിലെ സൗമ്യഗീതം…

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments