ദുബായ്: ഷാര്‍ജയിലും ദുബായിലും നേരിയ ഭൂചലനം. ഇറാനില്‍ ശക്തമായി രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നാണ് യുഎഇയിലും ചെറിയ തോതിലുള്ള പ്രകമ്പനങ്ങള്‍ ഉണ്ടായത്. ഇറാനിലുണ്ടായത് 6.2 തീവ്രത റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയ ഭൂകമ്പമാണ്. വൈകീട്ട് നാലിന് ശേഷമായിരുന്നു ഭൂമികുലുക്കം ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഗള്‍ഫ് മേഖലയില്‍ ഇതിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടത്.
4.08ന് മറ്റൊരു ഭൂമികുലുക്കവും രേഖപ്പെടുത്തിയതായി ഇറാന്‍ അധികൃതര്‍ അറിയിച്ചു. ഇത് 6.7 തീവ്രത രേഖപ്പെടുത്തിയിരുന്നു. ഇത് ദക്ഷിണ ഇറാനിലാണ് അനുഭവപ്പെട്ടത്. അതേസമയം ചെറിയ തോതില്‍ മാത്രമാണ് ഗള്‍ഫ് മേഖലയില്‍ ഭൂകമ്പം അനുഭവപ്പെട്ടതെന്ന് യുഎഇ അധികൃതര്‍ പറഞ്ഞു.
അതേസമയം ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, തുടങ്ങിയ ഇടങ്ങളിലെ ചിലയിടത്ത് നിന്ന് ആളുകളെ ബഹുനില കെട്ടിടങ്ങളില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ദുബായ് എക്‌സ്‌പോയിലെ ചില കെട്ടിടങ്ങളും ഇതില്‍ വരുന്നുണ്ട്. ട്വിറ്ററിലാകെ പ്രകമ്പനത്തെ തുടര്‍ന്ന് തെരുവില്‍ ഇറങ്ങിയവരുടെ ചിത്രങ്ങളാണ്.
വടക്ക്കിഴക്ക് മേഖലയിലാണ് ചെറിയ തോതില്‍ ഭൂകമ്പമുണ്ടായതെന്ന് യുഎഇ അധികൃതര്‍ പറയുന്നു. ഇറാനിയന്‍ മേഖലയുമായി അടുത്തിരിക്കുന്നത് കൊണ്ട് ഈ രണ്ടിടത്തും ഭൂകമ്പത്തിനുള്ള സാധ്യത ശക്തമാണന്ന് യുഎഇ ജിയോളജിസ്റ്റുകള്‍ പറയുന്നു. രണ്ട് ഭൂകമ്പത്തെ തുടര്‍ന്ന് ചെറിയ തോതിലുള്ള കുലുക്കമുണ്ടായതായി യുഎഇ നിവാസികളും പറയുന്നു.
വീട്ടിലുള്ള ലൈറ്റുകള്‍ വരെ ചെറുചലനത്തലില്‍ കുലുക്കിയിരുന്നു. ഈ സമയം തന്ന വീട്ടില്‍ നിന്ന് ഇറങ്ങിയെന്നും, പലരും ഈ സമയം വീടുകളില്‍ നിന്നോ കെട്ടിടത്തില്‍ നിന്നോ ഇറങ്ങി പുറത്തേക്ക് വന്നിരുന്നുവെന്ന് അബു ഷഗാര നിവാസി ഫൈസുള്ള ഖാന്‍ പറയുന്നു. പലരും ഇതേ അനുഭവമാണ് പങ്കുവെച്ചത്. കസേരകള്‍ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങിയെന്നും, കിടക്കകള്‍ ചെറിയ തോതില്‍ കുലുങ്ങിയെന്നും ദൃക്്‌സാക്ഷികള്‍ പറഞ്ഞു. പത്ത് മിനുട്ടോളം ഈ കുലുക്കം തുടര്‍ന്നുവെന്നാണ് യുഎഇ നിവാസികള്‍ പറയുന്നത്.
യുഎഇയില്‍ രണ്ട്് സുപ്രധാന കാര്യങ്ങള്‍ നടക്കുന്നതിനിടെയാണ് ഭൂകമ്പം നടന്നിരിക്കുന്നത്. ദുബായ് എക്‌സ്‌പോയ്ക്ക് പുറമേ ട്വന്റി ട്വന്റി ലോകകപ്പും ഇവിടെ നടക്കുന്നുണ്ട്. ടി20 ലോകകപ്പിന്റെ ഫൈനലിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ദുബായില്‍ അടക്കം ഭൂചലനമുണ്ടായത്. വൈകീട്ട് ഏഴ് മണിക്കായിരുന്നു ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നടക്കേണ്ടിയിരുന്നത്. ഇറാനിലെ ബാന്ദര്‍ അബ്ബാസ് സിറ്റിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
ഇത് ഇറാന്റെ ദക്ഷിണ മേഖലയാണ്. പത്ത് കിലോമീറ്ററോളം ഇതിന്റെ പ്രകമ്പനമുണ്ടാവാമെന്നാണ് ഇറാന്‍ അധികൃതര്‍ പറയുന്നത്. ഇത് യുഎഇയിലും പ്രകമ്പനമുണ്ടാവാന്‍ കാരണം. ജുമൈറ ലേക് ടവര്‍, നഹ്ദ, ദെയ്‌റ, ദുബായ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് പാര്‍ക്ക്, ഡിസ്‌കവറി ഗാര്‍ഡന്‍സ് എന്നിവ കുറച്ച് നേരത്തേക്ക് പ്രകമ്പനങ്ങള്‍ക്ക് സാക്ഷിയായിരുന്നു.