ദുബായ്: 2015 ഏകദിന ലോകകപ്പ് ഫൈനലിന്റെ ചരിത്രം വീണ്ടും ആവര്‍ത്തിച്ചു. ചിരവൈരികളായ കിവീസിനെ പരാജയപ്പെടുത്തി കംഗാരുകള്‍ ആദ്യമായി ടി 20 ലോകകപ്പില്‍ മുത്തമിട്ടു. ന്യൂസിലാന്റിനെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഓസീസ് ദുബായിയില്‍ വിജയം ആഘോഷിച്ചത്.
മെല്‍ബണില്‍ നടന്ന 2015 ഏകദിന ലോകപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്റിനെ മുട്ടുകുത്തിച്ചാണ് ഓസീസ് കിരീടം നേടിയത്. ദുബായിയിലും അതിന്റെ തനിയാവര്‍ത്തനമാണ് കണ്ടത്. തുടര്‍ച്ചയായി രണ്ട ലോകകപ്പ് ഫൈനലുകളിലാണ് കിവീസ് പരാജയം രുചിക്കുന്നത്. 2019 ഏകദിന ലോകകപ്പിന്റെ ഫൈനലിലും കറുത്ത കുപ്പായക്കാര്‍ പരാജിതരായിരുന്നു. അന്ന് ഇംഗ്ലണ്ട് ആയിരുന്നു എതിരാളികള്‍. അഞ്ച് തവണ കിരീടം നേടിയ കംഗാരുകള്‍ക്ക് ടി 20 കിട്ടാക്കനിയായിരുന്നു. അതിനാണ് യുഎഇയിലെ മണ്ണില്‍ പരിസമാപ്തി കുറിച്ചത്.
ന്യൂസിലാന്റ് ഉയര്‍ത്തിയ 173 റണ്‍സിന്റെ വിജയലക്ഷ്യം ഓസ്‌ത്രേല്യ ഏഴ് പന്തുകള്‍ അവശേഷിക്കെ അനായാസം മറികടന്നു. ക്യാപ്റ്റന്‍ ആരണ്‍ ഫിഞ്ച് (5) തുടക്കത്തില്‍ പോയെങ്കിലും ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും നടത്തിയ കരുത്തുറ്റ പ്രകടനമാണ് കംഗാരുകളെ വീണ്ടും വിശ്വവിജയികളാക്കിയത്. ഡേവിഡ് വാര്‍ണര്‍ (53) റണ്‍സ് നേടിയപ്പോള്‍, മിച്ചല്‍ മാര്‍ഷ് 77 റണ്‍സുമായി പുറത്താവാതെ നിന്നു.
വാര്‍ണര്‍ 38 പന്തുകളില്‍ നിന്നാണ് ഇത്രയും സ്‌കോര്‍ നേടിയത്. മൂന്ന് സിക്‌സറും നാല് ബൗണ്ടറിയും ഈ ഇടുകൈയ്യന്‍ അടിച്ചെടുത്തു. അപരാജിതനായ മിച്ചല്‍ മാര്‍ഷ് (77) 50 പന്തുകള്‍ നേരിട്ടപ്പോള്‍ നാല് സിക്‌സറുകളും ആറ് ബൗണ്ടറികളും ഉതിര്‍ത്തു. നാലാമനായി ഇറങ്ങിയ ഓള്‍റൗണ്ടര്‍ ഗ്ലന്‍ മാക്‌സ്‌വല്‍ പുറത്താവാതെ ഓസീസിന്റെ വിജയം വരെ ക്രീസില്‍ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. നായകന്‍ കെയ്ന്‍ വില്യംസന്റെ വെടിക്കെട്ട് പ്രകടനമാണ് കിവീസിവനെ ഭേദപ്പെട്ട സ്‌കാറിലേക്ക് നയിച്ചത്. വില്യംസണ്‍ 48 പന്തുകളില്‍ നിന്ന് 10 ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 85 റണ്‍സ് നേടി. നേരത്തേ ടോസ് നേടിയ ഓസീസ് ബൗളിങ് തെരഞ്ഞെടുത്തു. തുടര്‍ന്ന് ബാറ്റിങ് തുടങ്ങിയ കിവീസിന് സ്‌കോര്‍ 28ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഡാരില്‍ മിച്ചല്‍ (11) ആണ് പുത്തായത്.
പകരം ക്രീസിലെത്തിയ കെയ്ന്‍ വില്യംസണ്‍, മാര്‍ട്ടിന്‍ ഗുപ്തിലുമായി ചേര്‍ന്ന് റണ്‍റേറ്റ് മെല്ലെ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ ഇരുവരും 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മാര്‍ട്ടിന്‍ ഗുപ്തില്‍ (28) സ്‌കോര്‍ 76ല്‍ നില്‍ക്കെ പുറത്തായി. 28 റണ്‍സ് ആയിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഗ്ലന്‍ ഫിലിപ്പ്‌സ് (18), ജയിംസ് നീഷാം(13), ടിം സീഫെര്‍ട്ട് (8) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പാണ് മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കീവിസിനെ പ്രാപ്തമാക്കിയത്.