ചിക്കാഗോ: ഇന്ത്യാ പ്രസ്സ് ക്ലബിന്റെ മികച്ച ഓള്‍ റൗണ്ടര്‍ മാധ്യമപ്രവര്‍ത്തകനുള്ള പുരസ്‌കാരം അനില്‍ മറ്റത്തിക്കുന്നേലിന് കൊല്ലം എം പി എന്‍. കെ. പ്രേമചന്ദ്രന്‍ സമ്മാനിച്ചു. ഇന്ത്യാ പ്രസ്സ് ക്ലബ്ബ് നാഷണല്‍ പ്രസിഡന്റ് ബിജു കിഴക്കേകുറ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തിലാണ് അനില്‍ മറ്റത്തിക്കുന്നേലിന് മികവിനുള്ള അംഗീകാരം ലബിച്ചത്.
ടി.വി പ്രൊഡക്ഷന്‍ രംഗത്ത് ക്യാമറ, എഡിറ്റിങ്ങ്, പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ജോലികള്‍ ഒരേ സമയം തന്നെ ചെയ്യുന്നതിനോടൊപ്പം ഓണ്‍ലൈന്‍ & പ്രിന്റ് മീഡിയയ്ക്ക് വേണ്ടി വാര്‍ത്തകള്‍ തയ്യാറാക്കുകയും ചെയ്യുന്നതിലുള്ള വൈദഗ്ദ്യവും, ഇന്ത്യാ പ്രസ്‌ക്ലബ്ബിന്റെ ചിക്കാഗോ മീഡിയാ കോണ്‍ഫ്രന്‍സിന്റെ പി.ആര്‍.ഒ എന്ന നിലയില്‍ കാഴ്ചവെച്ച മികച്ച സേവനങ്ങളുമാണ് അനില്‍ മറ്റത്തിക്കുന്നേലിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
2006 ല്‍ ‘ക്‌നാനായ വോയിസ്’ എന്ന ഓണലൈന്‍ പത്രത്തിലൂടെയാണ് അനില്‍ മറ്റത്തിക്കുന്നേല്‍ മാധ്യമ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് കേരളവോയിസ്, കോട്ടയം വോയിസ് എന്നെ ഓണലൈന്‍ മാധ്യമങ്ങളും കെ.വി.ടി.വി എന്ന ഐ.പി.ടി.വി ചാനലും തുടങ്ങുന്നതില്‍ എക്‌സിക്യൂട്ടീവ് ന്യൂസ് എഡിറ്റര്‍ എന്ന നിലയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഓണലൈന്‍ ലൈവ് ടെലിക്കാസ്റ്റ് രംഗത്ത് വിപ്ലവകരമായ തുടക്കം കുറിക്കുന്നതില്‍ 2008 മുതല്‍ കെ.വി.ടി.വിക്ക് സാധ്യമായതില്‍ അദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു.
കൈരളി ടി.വി യുടെ ചിക്കാഗോ ബ്യൂറോ ചീഫ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നാലുവര്‍ഷങ്ങളായി ഏഷ്യനെറ്റ് യു.എസ് വീക്കിലി റൌണ്ട് അപ്പിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്ന നിലയിലും ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. ചിക്കാഗോയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി ഹോസ്പിറ്റലില്‍ നേഴ്‌സായി ജോലിചെയ്യുന്ന അദ്ദേഹം ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയിലെ ഗായക സംഘത്തിന് നേതൃത്വം വഹിക്കുകയും ചെയ്യുന്നു.