ചിക്കാഗോ: വിന്‍സി സിറ്റിയിലെ റിനൈസന്‍സ് ഹോട്ടലില്‍ മൂന്ന് ദിനരാത്രങ്ങളെ സമ്പന്നമാക്കിയ മാധ്യമോത്സവത്തിന് കൊടിയിറങ്ങി. രണ്ടു വര്‍ഷത്തിനു ശേഷം ഫ്‌ളോറിഡയിലെ മയാമിയില്‍ വീണ്ടും സംഗമിക്കാമെന്ന ഉപചാരവാക്കുകള്‍ മുഴങ്ങിക്കേട്ട അന്തരീക്ഷത്തിലാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) ഒന്‍പതാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സിന് തിരശീല വീണത്. സൗഹൃദം പൂത്തുലഞ്ഞ ഈ കോണ്‍ഫറന്‍സ് ജനപങ്കാളിത്തം കൊണ്ടും ഫലവത്തായ ചര്‍ച്ചകളുടെ പേരിലും അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ മാധ്യമ പ്രബുദ്ധതയുടെ ചരിത്ര പുസ്തകത്തില്‍ രേഖപ്പെടുത്തും.
കോണ്‍ഫറന്‍സ് നടത്തിപ്പിന്റെ ശൈലിയും പുത്തന്‍ അറിവ് പകര്‍ന്ന ചര്‍ച്ചകളും എല്ലാം വേറിട്ട അനുഭവമാണ് പകര്‍ന്ന് തന്നതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ”ആഴവും പരപ്പും ഉള്ള ചര്‍ച്ചകള്‍ ഉള്ളടക്കത്തിന്റെ പ്രസക്തികൊണ്ട് ആരെയും പിടിച്ചിരുത്തുന്നതായിരുന്നു. അമേരിക്കന്‍ മലയാളികള്‍ കേരളത്തെപ്പറ്റി കാട്ടുന്ന ഉത്സുകതയും അവിടുത്തെ പ്രശ്‌നങ്ങളെപ്പറ്റിയുള്ള ആകുലതയും പങ്കുവെച്ചപ്പോള്‍ പുതിയ ഒട്ടേറെ ആശയങ്ങളാണ് ഉരുത്തിരിഞ്ഞുവന്നത്. കേരളത്തില്‍ നിന്നു വന്ന ഞങ്ങള്‍ക്ക് ഏറെ പഠിക്കാനുള്ള കാര്യങ്ങള്‍…” അദ്ദേഹം പറഞ്ഞു
വിവിധ ലോകരാജ്യങ്ങളില്‍ ജീവിക്കുന്ന പ്രവാസി മലയാളികളുടെ സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ അവിസ്മരണീയമായ ഒരനുഭവം ഉണ്ടായിട്ടില്ല. ചര്‍ച്ചാ വേദികളില്‍ രാഷ്ട്രീയ പ്രതിനിധികളും ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയവയും ഒത്തുചേര്‍ന്ന് പുതിയ തലത്തിലേക്കുയര്‍ത്തുന്ന കാഴ്ചയാണ് കണ്ടതെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു.
വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. ജനാധിപത്യത്തിന്റെ സ്വത്വം ഉള്‍ക്കൊണ്ട് നടത്തിയ ചര്‍ച്ച ഐപിസിഎന്‍എയുടെ ഉജ്വലവിജയമാണ്. പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റേയും ജനറല്‍ സെക്രട്ടറി സുനില്‍ െ്രെടസ്റ്റാറിന്റേയും, ട്രെഷറര്‍ ജീമോന്‍ ജോര്‍ജിന്റെയും നേതൃത്വത്തില്‍ സൗഹൃദത്തിന്റെ പുതിയ കൂട്ടായ്മയാണ് ഉടനീളം കണ്ടത്. മനം മടുപ്പിച്ച കോവിഡിനുശേഷം ഏറെ ഊര്‍ജം പകരുന്നതായിരുന്നു സമ്മേളനമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പഴയ തലമുറയാണ് ഇപ്പോള്‍ പ്രവാസി സംഘടനകളില്‍ കൂടുതല്‍ കാണുന്നതെന്നും പുതിയ തലമുറ കൂടി രംഗത്തുവരണമെന്നും അഭിപ്രായപ്പെട്ടു. നിങ്ങളുടെയൊക്കെ മാധ്യമ രംഗത്തോടുള്ള താല്പര്യം ആണ് ഈ സമ്മേളനത്തിലും പ്രതിഫലിക്കുന്നത്. അഭിവാദ്യത്തോടും ആശംസകളോടും വിലയ പ്രതീക്ഷകളോടുംകൂടിയാണ് നാട്ടിലേയ്ക്ക് മടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മാതൃകാപരമായി കോണ്‍ഫറന്‍സ് നടത്തിയ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിനും, മറ്റു ഭാരവാഹികള്‍ക്കും പാലാ എം.എല്‍.എ മാണി സി. കാപ്പന്‍ അഭിവാദ്യമര്‍പ്പിച്ചു. സമ്മേളനം പകര്‍ന്നുതന്നത് പോസിറ്റീവ് എനര്‍ജിയാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ഉല്‍പ്പെടെയുള്ള പ്രതിസന്ധികള്‍ കണക്കിലെടുക്കാതെ ഇത്തരമൊരു സമ്മേളനം സമ്മേളനം സംഘടിപ്പിച്ചത് വിസ്മയിപ്പിക്കുന്നുവെന്നും തികച്ചും ഊര്‍ജസ്വലനായാണ് താനും നാട്ടിലേക്ക് മടങ്ങുന്നതെന്നും അങ്കമാലി എം.എല്‍.എ റോജി ജോണ്‍ പറഞ്ഞു.
നീണ്ട ആറ് മാസത്തെ സംഘര്‍ഷ ഭരിതമായ കാത്തിരിപ്പിന് ശേഷം ചരിത്രപരമായ ഒരു വേദിയായി ഈ സമ്മേളനം മാറിയെന്ന് പ്രസ് ക്ലബ് ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍ വ്യക്തമാക്കി. അമേരിക്കന്‍ കോണ്‍സുലേറ്റ് തുറന്നത് നവംബര്‍ എട്ടിന് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കെല്ലാം അന്ന് തന്നെ വിസ കിട്ടിയെന്നുള്ള അതിശയകരമായ സംഭവവും നടന്നു. അതിഥികളായി എത്തിയവര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും പ്രസ് ക്ലബിന്റെ അഭിവാദ്യങ്ങള്‍. സ്‌പോണ്‍സര്‍മാരായി തുണച്ചവരോടുള്ള നന്ദി നിസീമമാണ് സുനില്‍ ട്രൈസ്റ്റാര്‍ കൂട്ടിച്ചേര്‍ത്തു,
സമാപന സമ്മേളനത്തില്‍ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് സ്വാഗതമാശംസിച്ചു. ഇന്ത്യ പ്രസ് ക്ലബിന്റെ ഒന്‍പതാമത് കോണ്‍ഫറന്‍സിന്റെ കൊടി ഇറങ്ങുകയാണ്. എല്ലാവര്ക്കും ഈ മൂന്നു ദിവസങ്ങള്‍ വിനോദവും വിജ്ഞാനവും നല്‍കിയ നല്ല ദിവസങ്ങളായിരുന്നു എന്ന് ഞാന്‍ കരുതുന്നു. പങ്കെടുത്ത എല്ലാവരോടും നന്ദി പറയുന്നു…” ബിജു കിഴക്കേക്കുറ്റ് തുടര്‍ന്നു.
”ഓരോ കോണ്‍ഫറന്‍സും ഒന്നിനൊന്നു മെച്ചം എന്നതാണ് നമ്മുടെ ചരിത്രം. ആ ചരിത്രം ഇവിടെയും ആവര്‍ത്തിച്ചുവോ എന്ന് നിങ്ങളാണ് പറയേണ്ടത്. എന്തായാലും കോണ്‍ഫറന്‍സ് വിജയിപ്പിക്കാന്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചു എന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ സമ്മേളനം വിജയിപ്പിച്ചതിനു ഒട്ടേറെ പേരോട് നന്ദി പറയാനുണ്ട്. പ്രസ് ക്ലബ് എക്‌സിക്യൂട്ടിവ്, പ്രത്യേകിച്ച് ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജോര്‍ജ് എന്നിവര്‍ ഓരോ കാര്യത്തിനും എന്നോടൊപ്പം അടിയുറച്ച് നിന്നു. അഡൈ്വസറി ബോര്‍ഡും ചെയര്‍മാന്‍ മധു രാജനും വിലപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കി. സ്‌പോണ്‍സര്‍മാരെ പ്രത്യേകം സ്മരിക്കുന്നു. സംഭാരം നന്നായാല്‍ സദ്യ നന്നാകുമെന്ന ചൊല്ല് ആവര്‍ത്തിക്കുന്നു. സമ്മേളനം അവസാനിക്കുമ്പോള്‍ പ്രസ് ക്ലബ് ഉയരങ്ങളിലേക്ക് പോകും എന്ന ശുഭപ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്. ഇനി വരുന്ന ഭാരവാഹികളുടെ നേതൃത്വത്തില്‍ സംഘടന കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ…” ബിജു കിഴക്കേക്കുറ്റ് പറഞ്ഞു
ഏമേരിക്കന്‍ മലയാളി മാധ്യമ ചരിത്ര പുസ്തകത്തില്‍ ഐ.പി.സി.എന്‍.എയുടെ ഒന്‍പതാമത് സമ്മേളനം സുവര്‍ണ ലിപികളില്‍ എഴുതപ്പെടാവുന്ന ഏടാണെന്ന് അഡൈ്വസറി ബോര്‍ഡ് ചെയര്‍ മധുരാജന്‍ പറഞ്ഞു. ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ സംഘടനയാണിത്. മുന്‍കാലങ്ങളില്‍ ഐ.പി.സി.എന്‍.എ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്ത പല വിശിഷ്ടാതിഥികള്‍ ഉന്നത സ്ഥാനങ്ങളിലേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. മാധ്യമശ്രീ നേടിയ വീണ ജോര്‍ജ് മന്ത്രിയായി. കെ.എന്‍ ബാലഗോപാല്‍ മന്ത്രിയും എം.ബി രാജേഷ് സ്പീക്കറുമൊക്കെയായി. ചുരുക്കത്തില്‍ ഈ സമ്മേളനം വിജയത്തിലേക്കുള്ള ഒരു ചൂണ്ടുപലകയാണ്. ഇപ്പോള്‍ പങ്കെടുക്കുന്നവര്‍ക്കും അതു സംഭവിക്കട്ടെ എന്നു ആശംസിക്കുന്നു. വീണാ ജോര്‍ജിനെ പോലെ മാധ്യമരത്‌ന നേടിയ നിഷാ പുരുഷോത്തമനും മുന്നോട്ടു വരട്ടെ അദ്ദേഹം പറഞ്ഞു. ഈ സംഘടനയുടെ പ്രഥമ സാരഥികളായ ജോര്‍ജ് ജോസഫും റെജി ജോര്‍ജും മികച്ച അടിത്തറയില്‍ നല്ല മാതൃക കാട്ടിയതാണ് പ്രസ് ക്ലബിന്റെ വിജയത്തിന് കാരണമെന്ന് കരുതുന്നുവെന്ന് മധു രാജന്‍ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ രംഗത്ത് ഉണ്ടാകുന്ന നേട്ടങ്ങള്‍ മാത്രമാണ് വലിയ കാര്യമെന്ന തെറ്റായ ചിന്താഗതി നമ്മുടെ ഇടയില്‍ ഇല്ലാതാകണമെന്ന് മനോരമ ടി.വി ഡയറക്ടര്‍ ജോണി ലൂക്കോസ് പറഞ്ഞു. ”എനിക്ക് രാഷ്ട്രീയത്തില്‍ താത്പര്യമില്ല. ഓരോ വാക്കും കീറി മുറിച് പരിശോധിക്കാന്‍ സോഷ്യല്‍മീഡിയ എതിര്‍പ്പിന്റെ കുന്തമുനയുമായി കാത്തിരിക്കുന്നു. അതിനാല്‍ മാധ്യമ പ്രവര്‍ത്തനം ഇന്ന് എളുപ്പമുള്ള കാര്യമല്ല…” മനോരമ ടി.വി ന്യൂസ് എഡിറ്റര്‍ നിഷ പുരുഷോത്തമന്‍ പറഞ്ഞു. അതിസാഹസികമായാണ് തങ്ങളെ ഇവിടെ എത്തിച്ചതെന്ന് ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ചാനല്‍ ഗ്രൂപ്പ് പ്രോഗ്രാം മേധാവി പ്രതാപ് നായര്‍ പറഞ്ഞു. എട്ടാം തീയതി കോണ്‍സുലേറ്റ് തുറന്നു. ഒമ്പതാം തീയതി വിസ കിട്ടി. പത്തിനു അമേരിക്കയിലേക്ക് വിമാനം കയറി. ഇതൊരു അപൂര്‍വ്വ സംഭവം തന്നെ.
ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് പറഞ്ഞു. ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സുധീര്‍ നമ്പ്യാര്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു. കെരളി ടി.വിയുടെ ശരത് ചന്ദ്രന്‍ എസ്, മാതൃഭൂമി ടി.വി ഡെപ്യൂട്ടി എഡിറ്റര്‍ സി പ്രമേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഐ.പി.സി.എന്‍.എ പ്രസിഡന്റായി സുനില്‍ തൈമറ്റം ചാര്‍ജെടുക്കുന്നതിന്റെ സൂചനയായി സമാപനത്തില്‍ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് ദീപം കൈമാറുകയും, സുനില്‍ തൈമറ്റം അത് നിലവിളക്കില്‍ തെളിയിക്കുകയും ചെയ്തു. 2022-23ല്‍ പുതിയ ഭാരവാഹികള്‍ അധികാരമേല്‍ക്കും.