പി.പി ചെറിയാൻ
അറ്റ്‌ലാന്റാ: ഇന്ത്യന്‍ അമേരിക്കന്‍ പോലീസ് ഓഫീസര്‍ പരംഹംസ ദേശായി(38) മരിച്ചു. ജോര്‍ജിയായിലെ മക്ക്‌ഡൊണാഫിലെ വീട്ടില്‍ നടന്ന ഗാര്‍ഹിക തര്‍ക്കത്തില്‍ ഇടപെട്ട ദേശായി അവിടെയുണ്ടായിരുന്ന അക്രമിയുടെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു.
നവംബര്‍ നാലിന് നടന്ന സംഭവത്തില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ദേശായി പിന്നീട് മരണത്തിന് കീഴടങ്ങി. ഗ്രാന്റ് മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ലൈഫ് സര്‍ഫോര്‍ട്ടില്‍ കഴിയുകയായിരുന്നു ദേശായി.
നവംബര്‍ 14ന് ഹെന്‍ട്രി കൗണ്ടി പെര്‍ഫോമിംഗ് ആര്‍ട്ട് സെന്ററില്‍ നടന്ന ഫ്യൂണറല്‍ സര്‍വീസിന് ശേഷം സംസ്‌ക്കാരം നടത്തി. കുട്ടികളുടെ ഭാവിയെ കരുതി ഗൊ ഫണ്ട് മീ അക്കൗണ്ട് തുറന്നിട്ടുണ്ട്.
ഭാര്യ അങ്കിത, പതിനൊന്നും, എട്ടും വയസായ രണ്ടു ആണ്‍കുട്ടികളും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ നെടുംതൂണായിരുന്നു പരഹംസ ദേശായി.
2020 മുതല്‍ ഹെന്‍ട്രി കൗണ്ടി പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ജോലിക്ക് ചേര്‍ന്ന ദേശായി കഴിഞ്ഞ 17 വര്‍ഷമായി ലൊ എന്‍ഫോഴ്‌സ്‌മെന്റില്‍ ജോലി ചെയ്തുവരികയായിരുന്നു.
മരണശേഷം തന്റെ അവയവങ്ങള്‍ ദാനം ചെയ്തും താന്‍ തുടര്‍ന്നിരുന്ന സാമൂഹ്യ സേവനത്തിന് ഉത്തമ മാതൃകയായി. അവയവദാനത്തിലൂടെ മറ്റു വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാന്‍ ഓഫീസര്‍ക്ക് കഴിഞ്ഞു.
ജോര്‍ദന്‍ ജാക്‌സണ്‍(22) എന്ന ചെറുപ്പക്കാരനാണ് ദേശായിക്കു നേരെ നിറയൊഴിച്ചത്. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിക്കുവേണ്ടി തിരച്ചില്‍ ശക്തിപ്പെടുത്തിയിരുന്നു. മൂന്നുദിവസത്തെ അന്വേഷണത്തിനൊടുവില്‍ റിവര്‍സൈഡിലുള്ള ഒരപ്പാര്‍ട്ട്‌മെന്റില്‍ പ്രതി ഉണ്ടെന്നറിഞ്ഞു, സ്വാറ്റ് ടീം വളഞ്ഞപ്പോള്‍ പ്രതി സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു.