തിരുവനന്തപുരം: പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മാജിക് നിര്‍ത്തുന്നു. പ്രതിഫലം വാങ്ങി ഇനി മാജിക് പരിപാടികള്‍ നടത്തുന്നില്ലെന്ന് ഗോപിനാഥ് മുതുകാട് വ്യക്തമാക്കി. നാലര പതിറ്റാണ്ടോളം നീണ്ട ജാലവിദ്യാ പ്രകടനങ്ങളുടെ ജീവിതമാണ് അവസാനിപ്പിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.
”മാജികിലേക്ക് ഇനി ഒരു തിരിച്ച് വരവില്ല. ഇനി ഈ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വേണ്ടി ജീവിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭിന്നശേഷിയുളള മൂന്ന് ലക്ഷത്തിലധികം കുട്ടികള്‍ കേരളത്തിലുണ്ട്. അതില്‍ ഒരു നൂറിലധികം കുട്ടികളെ ചേര്‍ത്ത് നിര്‍ത്താന്‍ സാധിക്കുന്നുണ്ട്. ഒഴിഞ്ഞ വൈറ്റ് പേപ്പര്‍ പോലെ മനസ്സുളള കുട്ടികളാണ് അവര്‍…” മുതുകാട് വ്യക്തമാക്കി.
സ്വപ്‌നം കാണാന്‍ കഴിയാത്ത ആ കുട്ടികള്‍ക്ക് വേണ്ടി നമ്മള്‍ സ്വപ്‌നം കാണുക, ആ സ്വപ്‌നം സാര്‍ത്ഥകമാക്കുക എന്നതാണ് ആഗ്രഹിക്കുന്നത്. ഇനിയൊരു മാജികും ചെയ്യില്ല എന്നതല്ല തീരുമാനം. പ്രൊഫഷണല്‍ മാജിക് ഷോ ചെയ്യില്ല എന്നതാണ്. താനിപ്പോള്‍ ചെയ്യുന്നത് ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടിയുളള പ്രൊജക്ടാണ്. അതിലേക്ക് മുഴുവന്‍ ശ്രദ്ധയും കൊണ്ട് വരണം എന്നാണ് കരുതാണ്. 100 ശതമാനവും അതിലേക്ക് ഡെഡിക്കേറ്റ് ചെയ്യണം എന്ന് കരുതുന്നുവെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.
ജാലവിദ്യാ പ്രകടനത്തില്‍ കേരളത്തിന്റെ മുഖം എന്ന് വിളിക്കാവുന്ന മജീഷ്യനാണ് ഗോപിനാഥ് മുതുകാട്. 1985 മുതല്‍ ഇന്ന് വരെ സാഹസികവും അല്ലാത്തതുമായ നിരവധി മാജിക് പ്രകടനങ്ങളിലൂടെ കേരളത്തിന് അകത്തും പുറത്തമുളള ആസ്വാദകരെ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇനി പണം വാങ്ങിയുളള മാജിക് പ്രകടനങ്ങള്‍ക്ക് താനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട മജീഷ്യന്‍.
ഇനിയുളള തന്റെ ജീവിതം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി മാറ്റി വെയ്ക്കുന്നുമെന്ന് ഗോപിനാഥ് മുതുകാട് വ്യക്തമാക്കി. തനിക്ക് സ്‌റ്റേ്ജ് മിസ്സ് ചെയ്യുന്നുണ്ട്. മാജികിന് വേണ്ടിയുളള വിലപിടിപ്പുളള സാധനങ്ങളെല്ലാം കഴിഞ്ഞ നാല് വര്‍ഷമായി പൊടി പിടിച്ച് കിടക്കുകയാണെന്ന് അദ്ദേഹം പറയുന്നു. പുഴ വഴി മാറി ഒഴുകുന്നത് പോലെ ജീവിതം മാറുകയാണ്.
എഴാമത്തെ വയസ്സിലാണ് താന്‍ ആദ്യമായി മാജിക് പഠിക്കുന്നത്. പത്താമത്തെ വയസ്സിലാണ് ആദ്യമായി മാജിക് അവതരിപ്പിക്കുന്നത്. പിന്നീടുളള 45 വര്‍ഷം മാജികില്‍ മാത്രമാണ് ശ്രദ്ധിച്ചത്. പുതിയ വിദ്യകള്‍ കണ്ടെത്താനും മറ്റുമുളള ശ്രമങ്ങളില്‍ ആയിരുന്നു. ഒരു ജാലവിദ്യയ്ക്കിടെയുണ്ടായ സംഭവമാണ് മാജിക് നിര്‍ത്താനുളള തീരുമാനത്തിന് പിന്നിലെന്ന് ഗോപിനാഥ് മുതുകാട് പറയുന്നു.