ന്യൂഡല്‍ഹി: ഭൂട്ടാനിലും കടന്നുകയറ്റം നടത്തി ചൈന ഗ്രാമങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്. ദോക്?ലാമില്‍ ഭൂട്ടാന്റെ ഭാ?ഗത്ത് ചൈന നാല് ഗ്രാമങ്ങള്‍ പണികഴിപ്പിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ പ്രകാരം 100 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഗ്രാമങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.
2017ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷമുണ്ടായ ദോക്ലാമിനു സമീപത്താണ് ചൈനീസ് കടന്നുകയറ്റം എന്നതും നിര്‍ണായകമാണ്. 2020 മെയ് 2021 നവംബര്‍ കാലയളവിലാണ് ഗ്രാമങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഭൂട്ടാന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെയാണ് പുതിയ ഗ്രാമങ്ങള്‍ പണിതിരിക്കുന്നത്.
ഇന്ത്യയാണ് വിദേശ നയങ്ങളിലും മറ്റും ഭൂട്ടാനുമായി സഹകരിക്കുന്നതും ഉപദേശങ്ങള്‍ നല്‍കുന്നതും. ഭൂട്ടാന്‍ സേനയെ പരിശീലിപ്പിക്കുന്നതും ഇന്ത്യയാണ്. ഭൂട്ടാനുമായി അതിര്‍ത്തി പ്രശ്നം പരിഹരിക്കുന്നതിന് ചൈന വലിയ സമ്മര്‍ദം ചെലുത്തുന്നുമുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഭൂട്ടാന് സമീപത്തായി നാല് ഗ്രാമങ്ങള്‍ പണിതിരിക്കുന്നത്.
നേരത്തെ അരുണാചല്‍ പ്രദേശിന് സമീപത്തും ചൈന ഗ്രാമങ്ങള്‍ പണിതിരുന്നു. സൈനിക വിന്യാസത്തിനായിരുന്നു ഇത്. യുദ്ധസമാനമായ സാഹചര്യമുണ്ടായാല്‍ സൈനിക നീക്കങ്ങള്‍ക്കായി ഗ്രാമങ്ങളെ ഒഴിപ്പിക്കാനാണ് ദോക്?ലാമിലും സമാനമായ നീക്കം.