ബെയ്ജിങ്: ലോകത്താദ്യമായി കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയത് ചൈനയിലെ വൂഹാന്‍ പ്രവിശ്യയിലെ മത്സ്യക്കച്ചവടക്കാരിയില്‍ തന്നെയെന്ന് ശാസ്ത്രജ്ഞര്‍. ജേണല്‍ സയന്‍സിലാണ് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വൂഹാനിലെ 41കാരനായ അക്കൗണ്ടന്റിനാണ് ആദ്യമായി കോവിഡ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ദന്ത ചികിത്സക്കായി ആശുപത്രിയില്‍ ചെന്നപ്പോഴാണ് ഡിസംബര്‍ 16ന് ഇദ്ദേഹത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ടത്. എന്നാല്‍ അതിനും എട്ടു ദിവസം മുമ്പേ മത്സ്യക്കച്ചവടക്കാരിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു. ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്കും രോഗം പടര്‍ന്നു. വൂഹാനില്‍ നിന്ന് 30 കി.മീ അകലെയാണ് അക്കൗണ്ടന്റ് താമസിച്ചിരുന്നത്.
സമൂഹ വ്യാപനത്തിലൂടെയാണ് ഇദ്ദേഹത്തിനു രോഗം പകര്‍ന്നത്. വൂഹാനിലെ വൈറോളജി ലാബ് ആണ് വൈറസിന്റെ പ്രഭവകേന്ദ്രമെന്ന് ആരോപണമുയര്‍ന്നിരുന്നു. ലോകത്ത് കോവിഡിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രസംഘം. ശാസ്ത്രജ്ഞനായ മൈക്കല്‍ വൊറോബിയാണ് അന്വേഷണസംഘത്തിന്റെ തലവന്‍.