തിരുവനന്തപുരം: ദത്ത് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ കുഞ്ഞിനെ ആന്ധ്രയിലെ ശിശുക്ഷേമ സമിതി ഏറ്റുവാങ്ങി. ആന്ധ്ര സ്വദേശികളായ ദമ്പതികളില്‍ നിന്നാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ഞായറാഴ്ച കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിക്കും.
ആന്ധ്ര ദമ്പതികള്‍ക്ക് ദത്ത് നല്‍കിയ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിച്ച് ഡി.എന്‍.എ പരിശോധന നടത്താന്‍ കഴിഞ്ഞ ദിവസം ചൈല്‍ഡ് വെല്‍ഫെയര്‍ സമിതി ഉത്തരവിട്ടിരുന്നു. ശനിയാഴ്ച വൈകീട്ടായിരുന്നു ശിശുക്ഷേമ സമിതി അംഗങ്ങള്‍ ആന്ധ്രയിലെ ജില്ലാ കേന്ദ്രത്തില്‍ എത്തിയത്. തുടര്‍ന്ന് ആന്ധ്രയിലെ ദമ്പതികളുമായി സംഘം സംസാരിച്ചു. ഇതിന് പിന്നാലെയാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.
ശിശു ക്ഷേമ സമിതിക്കായിരിക്കും കോടതി നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് വരെ കുഞ്ഞിന്റെ ഉത്തരവാദിത്വം. അതേസമയം കുഞ്ഞ് കേരളത്തില്‍ എത്തിയാല്‍ ഉടന്‍ തന്നെ അനുപമയുടേയും അജിത്തിന്റേയും കുഞ്ഞിന്റേയും ഡി എന്‍ എ സാമ്പിളുകള്‍ പരിശോധിക്കും. പരിശോധന ഫലം പോസിറ്റീവായാല്‍ അനുപമയ്ക്ക് കുഞ്ഞിനെ വിട്ട് നല്‍കാനുള്ള നടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കും.
കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്ന് അനുപമ പരാതിയില്‍ പറയുന്ന ഒക്ടോബര്‍ 22 ന് 2 ആണ്‍കുട്ടികളെയായിരുന്നു ശിശുക്ഷേമ സമിതിക്ക് ലഭിച്ചത്. ഇതില്‍ ഒരുകുട്ടി അനുപമയുടേത് അല്ലെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. സാഹചര്യ തെളിവുകള്‍ വെച്ചാണ് ഇപ്പോള്‍ ആന്ധ്ര സ്വദേശികള്‍ കൈമാറിയ കുട്ടി അനുപമയുടേതാണെന്ന നിഗമനത്തില്‍ എത്തിയത്.