ഹേഗ്: ഡച്ച് സര്‍ക്കാറിന്റെ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ നെതര്‍ലന്‍ഡ്‌സില്‍ തെരുവിലിറങ്ങി ജനം. ഹേഗില്‍ പ്രതിഷേധക്കാര്‍ പൊലീസിനു നേരെ കല്ലും പടക്കങ്ങളും എറിഞ്ഞു. റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കുകളും സൈക്കിളുകളും അഗ്‌നിക്കിരയാക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഏഴുപേരെ അറസ്റ്റ് ചെയ്തു. രാജ്യത്തെ മറ്റു നഗരങ്ങളിലും പ്രതിഷേധം ശക്തമാണ്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ് രേഖപ്പെടുത്തിയതോടെ ഡച്ച് സര്‍ക്കാര്‍ രാജ്യത്ത് മൂന്നാഴ്ചത്തേക്ക് ലോക്ഡൗണ്‍ നടപ്പാക്കിയിരുന്നു. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. കൂടാതെ, വാക്‌സിന്‍ സ്വീകരിക്കാത്തവരെ പൊതുസ്ഥലങ്ങളില്‍ പ്രവേശിപ്പിക്കുന്നത് വിലക്കുന്നതും സര്‍ക്കാറിന്റെ പരിഗണനയിലാണ്.
മധ്യ നെതര്‍ലന്‍ഡ്‌സിലെ യുഓര്‍ക്ക് നഗരത്തിലും ലിംബര്‍ഗ് മേഖലയിലും ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി. രോഷകുലരായ ജനം രണ്ടു ഫുട്ബാള്‍ മത്സരങ്ങളും തടസ്സപ്പെടുത്തി. അല്‍കമാറില്‍ ഫസ്റ്റ് ഡിവിഷന്‍ മത്സരവും കിഴക്കന്‍ നഗരമായ അല്‍മിലോയില്‍ മറ്റൊരു മത്സരവും ഏതാനും സമയം തടസ്സപ്പെടുത്തിയതായി ഡച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റോട്ടര്‍ഡാം നഗരത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയവര്‍ക്കുനേരെ വെള്ളിയാഴ്ച പൊലീസ് വെടിയുതിര്‍ത്തതിനു പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. പ്രതിഷേധക്കാരെ മേയര്‍ അക്രമാസക്തിയുള്ളവര്‍ എന്ന് വിളിച്ചതും ജനത്തെ ചൊടിപ്പിച്ചു. ഇവിടെ മാത്രം 51 പേരെയാണ് അറസ്റ്റ് ചെയ്തത്.
യുറോപ്യലെ മറ്റു രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഇവിടങ്ങളില്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. ആസ്ട്രിയ, ക്രൊയേഷ്യ, ഇറ്റലി എന്നിവിടങ്ങളില്‍ സര്‍ക്കാറിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ജനം തെരുവിലിറങ്ങി. യൂറോപ്പില്‍ കോവിഡ് വ്യാപിപ്പിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി.