Tuesday, December 24, 2024

HomeMain Storyമോഫിയ പര്‍വിന്റെ ആത്മഹത്യ: മറ്റൊരു ഉത്ര വധം, സി.ഐയെ സ്ഥലം മാറ്റി

മോഫിയ പര്‍വിന്റെ ആത്മഹത്യ: മറ്റൊരു ഉത്ര വധം, സി.ഐയെ സ്ഥലം മാറ്റി

spot_img
spot_img

കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വിന്റെ (21) ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്ന ആലുവ സി.ഐ സുധീര്‍ ഉത്ര വധക്കേസ് ഉള്‍പ്പെടെ രണ്ടിലേറെ കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്‍. സംഭവത്തില്‍ ആലുവ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി. സി.ഐയെ സ്‌റ്റേഷന്‍ ചുമതലകളില്‍നിന്ന് നീക്കി.

ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഭാര്യ ഉത്രയെ കടിപ്പിച്ച് കൊന്ന കേസിന്റെ അന്വേഷണ ഘട്ടത്തില്‍ ഇയാള്‍ വീഴ്ച വരുത്തിയെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. 2020 ജൂണില്‍ അഞ്ചല്‍ ഇടമുളയ്ക്കലില്‍ മരിച്ച ദമ്പിതിമാരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച വിവാദത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്.

ആലുവ സി.ഐ സ്‌റ്റേഷനിലെത്തിയ തന്നോട് മോശമായി പെരുമാറിയതായി മോഫിയയുടെ പിതാവും വ്യക്തമാക്കി. സ്‌റ്റേഷനിലേക്കു കയറിച്ചെന്നപ്പോള്‍ താന്‍ തന്തയാണോടോ എന്നാണ് സി.ഐ. ചോദിച്ചത്. മരുമകന്റേയും അവരുടെ വീട്ടുകാരുടേയും മുന്നില്‍വെച്ച് തന്നോടും മകളോടും മോശമായാണ് സി.ഐ പ്രതികരിച്ചതെന്നും ഇര്‍ഷാദ് പറഞ്ഞു.

സ്‌റ്റേഷനില്‍നിന്ന് വന്ന തിരിച്ചുവന്നപ്പോള്‍, നമുക്ക് നീതി കിട്ടുന്നില്ലല്ലോ പപ്പാ എന്നാണ് മകള്‍ പറഞ്ഞത്. നീതി കിട്ടുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ സി.ഐ ഞങ്ങളുടെ മുമ്പില്‍ വെച്ച് ഇങ്ങനെ സംസാരിക്കില്ലല്ലോ എന്നാണ് അവള്‍ പറഞ്ഞത്. പോലീസിന്റെ ഭാഗത്ത് നിന്ന് അല്പം കരുണയാണ് വേണ്ടിയിരുന്നത്. കരുണ കിട്ടിയിരുന്നെങ്കില്‍ മകള്‍ ആത്മഹത്യ ചെയ്യില്ലായിരുന്നു. ഇര്‍ഷാദ് പറഞ്ഞു.

മോഫിയ ആത്മഹത്യാക്കുറിപ്പില്‍ സ്ഥലം സിഐ സുധീറിനും ഭര്‍തൃവീട്ടുകാര്‍ക്കും ഭര്‍ത്താവിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

”ഞാന്‍ മരിച്ചാല്‍ അവന്‍ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. എന്നെ മാനസിക രോഗിയാക്കി കഴിഞ്ഞു. എനിക്ക് ഇനി ഇത് കേട്ടുനില്‍ക്കാന്‍ വയ്യ. ഞാന്‍ ഒരുപാടായി സഹിക്കുന്നു. പടച്ചോന്‍ പോലും നിന്നോട് പൊറുക്കൂല. സുഹൈദ് എന്റെ പ്രാക്ക് നിന്നോട് കൂടെയുണ്ടാകും. സി.ഐക്കെതിരെ നടപടിയെടുക്കണം. സുഹൈല്‍, ഫാദര്‍, മദര്‍ ക്രിമിനലുകളാണ്. അവര്‍ക്ക് മാക്‌സിമം ശിക്ഷ കൊടുക്കണം. എന്റെ അവസാനത്തെ ആഗ്രഹം…” എന്നാണ് രണ്ടു പേജിലായി മോഫിയ കുറിച്ചിരിക്കുന്നത്.

എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനിയായിരുന്നു മോഫിയയുടെയും സുഹൈലിന്റെയും പ്രണയവിവാഹമായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസത്തിനുള്ളില്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയ മോഫിയ ഇന്നലെയാണ് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കാന്‍ ആലുവ പൊലീസ് സ്‌റ്റേഷനിലെത്തിയത്.

സ്ത്രീധനത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന കടുത്ത മാനസിക പീഡനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവിലാണ് മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തതെന്ന് അടുത്ത ബന്ധു വ്യക്തമാക്കി. പൊലീസ് സ്‌റ്റേഷനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം കുറച്ചുനേരം ഒറ്റക്കിരിക്കട്ടെയെന്ന് പറഞ്ഞ് മോഫിയ മുറിയില്‍ കയറി, അല്‍പ സമയത്തിനുള്ളില്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

ബന്ധവിന്റെ വാക്കുകള്‍ ”വീട്ടിലെത്തി അല്‍പസമയം ഒറ്റക്കിരിക്കട്ടെ എന്നുപറഞ്ഞ് മുറിയില്‍ കയറി വാതിലടച്ചു. ഇടക്കിടെ വാതിലില്‍ മുട്ടിയപ്പോള്‍ അവള്‍ മൂളുന്നുണ്ടായിരുന്നു. എന്നാല്‍, പിന്നീട് അനക്കമില്ലാതായി. ജനലിലെ ഗ്ലാസ് പൊട്ടിയ ഇടത്ത് നോക്കിയപ്പോള്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറുകയായിരുന്നു…”

”സ്ത്രീധനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞ് മാനസികവും ശാരീരികവുമായും ഭര്‍ത്താവും കുടുംബവും അവളെ ഉപദ്രവിക്കുമായിരുന്നു. എല്ലാം ക്ഷമിച്ചും സഹിച്ചും ദിവസങ്ങളോളം മോഫിയ പിടിച്ചു നിന്നു. നിവൃത്തികെട്ടപ്പോഴാണ് വീട്ടുകാരെ വിവരങ്ങള്‍ അറിയിച്ചത്. ഒക്ടോബര്‍ 28ന് ഭര്‍ത്താവ് ആലുവ പള്ളിയില്‍ തലാഖ് നോട്ടീസ് നല്‍കി. അതില്‍ ഞങ്ങള്‍ സഹകരിച്ചില്ല. പിന്നീടാണ് പൊലീസില്‍ പരാതിപ്പെട്ടത്. ഇന്നലെ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാരെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ.”ബന്ധു പറഞ്ഞു.

അതേസമയം, മോഫിയയുടെ മരണത്തില്‍ പൊലീസിന്റെ വീഴ്ച്ചയുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി അറിയിച്ചു. ഗാര്‍ഹിക പീഡനത്തിന് മോഫിയ വനിതാ കമ്മീഷനും പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസിനും പരാതി നല്‍കിയതിനാലാണ് അവര്‍ നടപടി സ്വീകരിക്കട്ടെയെന്ന് കരുതിയത്.

ഈ മാസം 17നാണ് വനിതാ കമ്മീഷന് പരാതി ലഭിച്ചത്. വിഷയത്തില്‍ ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. പൊലീസ് സ്‌റ്റേഷനില്‍ വെച്ച് നീതിരഹിതമായ പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായും സതീദേവി അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments