കൊച്ചി: നോക്കുകൂലി ആവശ്യപ്പെടുന്ന തൊഴിലാളിക്കും ബന്ധപ്പെട്ട യൂണിയന്‍ നേതാക്കള്‍ക്കുമെതിരെ പിടിച്ചുപറി കേസടക്കം രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈകോടതി. നോക്കുകൂലി സംബന്ധിച്ച പരാതി ലഭിച്ചാല്‍ ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരം സാധ്യമായ എല്ലാ വകുപ്പുകളനുസരിച്ചും കേസെടുക്കാന്‍ നിര്‍ദേശിച്ച് സംസ്ഥാന പൊലീസ് മേധാവി ഡിസംബര്‍ എട്ടിനകം സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.
നോക്കുകൂലി ആവശ്യപ്പെട്ടെന്ന് കണ്ടെത്തിയാല്‍ ചുമട്ടുതൊഴിലാളി ലൈസന്‍സ് റദ്ദാക്കാനും പിഴയീടാക്കാനും വ്യവസ്ഥ ചെയ്ത് കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നത് സംബന്ധിച്ച് അറിയിക്കാനും നിര്‍ദേശിച്ചു. ചുമട്ടു തൊഴിലാളി നിയമത്തില്‍ ഭേദഗതിക്ക് ആലോചനയുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വിശദീകരണം തേടിയത്. നോക്കുകൂലി ആവശ്യപ്പെട്ട് തൊഴിലാളി യൂനിയനുകള്‍ ഹോട്ടല്‍ നിര്‍മാണം തടസ്സപ്പെടുത്തുന്നതായി കാട്ടി കൊല്ലം അഞ്ചല്‍ സ്വദേശി ടി.കെ. സുന്ദരേശന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
വെറുതെ നോക്കിനില്‍ക്കുന്നതിന് കൂലി എന്നത് ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്തതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കേരളത്തില്‍ മാത്രമേ ഇങ്ങനെ നടക്കൂ. നോക്കുകൂലി സംബന്ധിച്ച് പരാതി ലഭിച്ചാല്‍ തൊഴിലാളിയെ മാത്രം ശിക്ഷിച്ചതുകൊണ്ട് കാര്യമില്ല. യൂനിയന്‍ നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടായാലേ ഇത്തരം അപരിഷ്‌കൃത രീതികള്‍ തടയാനാവൂ.
വെറുതെ ഉത്തരവിട്ടതുകൊണ്ട് മാത്രമായില്ലെന്ന് വിലയിരുത്തിയ കോടതി തുടര്‍ന്നാണ് പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്ന് നിര്‍ദേശിച്ചത്. ചുമട്ടുതൊഴിലാളി നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള നീക്കം നോക്കുകൂലി വിഷയത്തില്‍ കോടതിയുടെ ഇടപെടല്‍കൊണ്ടാണ് ഉണ്ടായതെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. തുടര്‍ന്ന് ഹരജി വീണ്ടും ഡിസംബര്‍ എട്ടിന് പരിഗണിക്കാന്‍ മാറ്റി.