തിരുവനന്തപുരം: ഏറെനാളത്തെ അനുപമയുടെ പോരാട്ടം ഫലം കണ്ടു. കുഞ്ഞിനെ കോടതിയില്‍ വച്ച് അനുപമയ്ക്ക് കൈമാറി. വഞ്ചിയൂര്‍ കുടുംബകോടതിയില്‍ നടന്നത് അസാധാരണമായ നടപടി ക്രമങ്ങളാണ്. ഡി.എന്‍.എ പരിശോധനാ ഫലം വന്ന സാഹചര്യത്തില്‍ കുഞ്ഞിനെ വേഗത്തില്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് അനുപമ അഡ്വാന്‍സ് പെറ്റീഷന്‍ നല്‍കിയിരുന്നു.
ഈ മാസം 30നാണ് കേസ് നേരത്തെ നിശ്ചയിച്ചിരുന്നത്. അതുവരെ കാത്തിരിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു. സര്‍ക്കാരും അനുകൂല നിലപാടെടുത്തു. ഡി.എന്‍.എ പരിശോധനാ ഫലം ഉള്‍പ്പെടെയുള്ള രേഖകള്‍ സി.ബ്ല്യു.സി കോടതിയില്‍ സമര്‍പ്പിച്ചു. അനുപമയുടെ ഹര്‍ജി പരിഗണിച്ച കോടതി കുഞ്ഞിനെ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. പാളയം കുന്നുകുഴിയിലെ നിര്‍മല ശിശുഭവനിലായിരുന്നു കുഞ്ഞ്. ശിശു ക്ഷേമ സമിതിയുടെ വാഹനത്തില്‍ പോലീസ് അകമ്പടിയോടെയാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്.
വൈദ്യപരിശോധന നടത്തുകയായിരുന്നു അടുത്ത ഘട്ടം. ഡോക്ടറെ ചേംബറിലേക്ക് കോടതി വിളിപ്പിച്ചു. അവിടെ വച്ച് വൈദ്യപരിശോധന നടത്തി. ഈ വേളയില്‍ അനുപമയും കോടതിയിലുണ്ടായിരുന്നു. പരിശോധനയ്ക്ക് ശേഷം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാന്‍ ജഡ്ജി ബിജു മേനോന്‍ നിര്‍ദേശിക്കുകയായിരുന്നു. കുഞ്ഞുമായി കോടതിയില്‍ നിന്ന് അനുപമ പുറത്തിറങ്ങുമ്പോള്‍ അതൊരു ചരിത്ര പിറവിയായിരുന്നു. പോരാട്ടത്തിലൂടെ തന്റെ കുഞ്ഞിനെ സ്വന്തമാക്കിയ അമ്മ രചിച്ച ചരിത്രം.
കോടതിക്ക് പുറത്ത് മാധ്യമങ്ങളും അനുമപയെ പിന്തുണയ്ക്കുന്നവരുമടക്കമുള്ള വലിയ സംഘം തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കെകെ രമയും അനുപമയെ സ്വീകരിക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. സിഡബ്ല്യുസി അധ്യക്ഷ കോടതിയില്‍ ഹാജരായി. കുഞ്ഞിനെ മാറോട് ചേര്‍ത്താണ് അനുപമയും അജിത്തും കോടതിക്ക് പുറത്തേക്ക് ഇറങ്ങി വന്നത്. എല്ലാവര്‍ക്കും നന്ദി പറഞ്ഞ അനുപമ കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് സംസാരിക്കാമെന്ന് അഭ്യര്‍ഥിച്ച ശേഷം വാഹനത്തില്‍ കയറി.
തുടര്‍ന്ന് കുഞ്ഞുമായി ശിശു ക്ഷേമ സമിതിയിലെ സമരപ്പന്തലില്‍ എത്തി. കുഞ്ഞിന്റെ അടുത്ത് ഇരിക്കാനാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ അവര്‍ കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്ന് പ്രതികരിച്ചു. എയ്ഡന്‍ അനു അജിത്ത് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിനെ എടുത്ത് അജിത്തിനൊപ്പം അനുപമ വീട്ടിലേക്ക് പോയി.
ദത്ത് വിവാദത്തിന്റെ ഒരു ഭാഗം ഇവിടെ അവസാനിച്ചിപിക്കുകയാണ്. കുറ്റക്കാര്‍ക്കതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തില്‍ നിന്ന് അനുപമ പിന്നോട്ട് പോകില്ലെന്നാണ് വിവരം. സമരം അവസാനിപ്പിക്കില്ല എന്നാണ് അറിയുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സമരം തുടരുമെന്ന് അനുപമയ്‌ക്കൊപ്പമുള്ള ഐക്യദാര്‍ഢ്യ സമിതി വ്യക്തമാക്കി.
ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ഉദ്യോഗസ്ഥ സംഘം ആന്ധ്രയിലെ അധ്യാപക ദമ്പതികളുടെ വീട്ടിലെത്തിയത്. കേരളത്തിലെ ദത്ത് വിവാദങ്ങളെ കുറിച്ച് അറിഞ്ഞ ദമ്പതികള്‍ ആദ്യംകുഞ്ഞിനെ വിട്ടുതരാന്‍ തയാറായിരുന്നില്ല. ഏറെ നേരത്തിന് ശേഷം അവര്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് കുഞ്ഞിനെ കൈമാറുകയായിരുന്നു.
ഞായറാഴ്ച രാത്രിയാണ് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചത്. ഈ സമയം അനുപമ ശിശുക്ഷേമ സമിതി ആസ്ഥാനത്തിന് മുന്നില്‍ സമരത്തില്‍ ആയിരുന്നു. അടുത്ത ദത്ത് നല്‍കുന്ന വേളയില്‍ ആജ്യം ആന്ധ്രയിലെ ദമ്പതികളെ പരിഗണിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.