ബംഗളൂരു: ബലാത്സംഗക്കേസില്‍ പ്രതി ഇരയെ പിന്നീട് വിവാഹം കഴിച്ചാലും പോക്‌സോ കേസ് ഒഴിവാക്കാനാവില്ലെന്ന് കര്‍ണാടക ഹൈകോടതി വിധി. തങ്ങള്‍ വിവാഹിതരായെന്നും ഒരു കുട്ടിയുണ്ടെന്നും പോക്‌സോ കേസിലെ നടപടികള്‍ പിന്‍വലിക്കണമെന്നും ചൂണ്ടിക്കാട്ടി പ്രതിയും ഇരയും ചേര്‍ന്ന് നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതി നിലപാട് വ്യക്തമാക്കിയത്.
കുറ്റകൃത്യത്തിന്റെ ഗൗരവവും സാമൂഹികാഘാതവും കണക്കിലെടുത്താല്‍ കോടതിക്ക് കേസ് തള്ളിക്കളയാനാവില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാണിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തിയത്.
വിജയപുര ജില്ലയിലെ ബസവന ബാഗെവാഡി കോടതിയുടെ പരിഗണനയിലുള്ള ബലാത്സംഗക്കേസ് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് പ്രതിയും ഇരയും ഹൈകോടതിയിലെ കലബുറഗി ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ശാരീരികബന്ധം നടക്കുമ്പോള്‍ തനിക്ക് 19 വയസ്സുണ്ടായിരുന്നെന്നും പരാതിയില്‍ പറയുന്നപോലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയായിരുന്നില്ലെന്നും പെണ്‍കുട്ടി വാദിച്ചെങ്കിലും ജസ്റ്റിസ് എച്ച്.പി. സന്ദേശിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വാദം പരിഗണിച്ചില്ല.
ഇരയായ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായോ ഇല്ലയോ എന്നത് വിചാരണ കോടതിയുടെ പരിധിയിലാണ് വരേണ്ടതെന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരെ െഎ.പി.സി 376 (ബലാത്സംഗം) പ്രകാരം കുറ്റകൃത്യം നടന്നാല്‍ അനുമതിയോടെയാണോ അല്ലയോ എന്നത് പരിശോധിക്കേണ്ടതില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
സി.ആര്‍.പി.സി 320 പ്രകാരം നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഇരുപാര്‍ട്ടിയും ഒത്തുതീര്‍പ്പിലെത്തിയാല്‍ സി.ആര്‍.പി.സി 482 ാം വകുപ്പ് ഉപയോഗിച്ച് ക്രിമിനല്‍ കോടതിക്ക് കേസ് ഒഴിവാക്കാനാവും. എന്നാല്‍, ഈ കേസ് അതില്‍നിന്ന് വ്യത്യസ്തമാണെന്നും പോക്‌സോ കേസില്‍ പ്രതി കുറ്റം സമ്മതിച്ച സ്ഥിതിക്ക് ഒത്തുതീര്‍പ്പ് സാധ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.