ജീവിതത്തില്‍ സംഭവിച്ച നല്ല കാര്യങ്ങള്‍ക്ക് നന്ദി പറയാന്‍ വേണ്ടി മാത്രമായൊരു ദിനമുണ്ടാവുക എന്നത് മഹത്തായ കാര്യമാണ്. ആ ദിനമാണ് വരുന്ന നവംബര്‍ 25 എന്ന ‘താങ്ക്‌സ് ഗിവിങ് ഡേ…’ ഉപകാരസ്മരണയ്ക്ക് വേണ്ടിയുള്ള ദിവസം. എല്ലാം നവംബറിലേയും നാലാമത്തെ വ്യാഴാഴ്ച ഉപകാരസ്മരണയുടേതാണ്. നമുക്കത് താങ്ക്‌സ് ഗിവിംഗ് ഡേ.
പണ്ട് കാലത്ത് വന്‍ വിജയമാകുന്ന വിളവെടുപ്പുകള്‍ക്ക് ശേഷം നന്ദി പറയാന്‍ ആളുകള്‍ ഒത്തുകൂടിയിരുന്നു. അന്നേ ദിവസം പ്രകൃതിക്കും ദൈവത്തിനും അവര്‍ നന്ദി പറഞ്ഞു. നന്ദിസൂചക പ്രാര്‍ത്ഥനകളും സമൃദ്ധമായ ഭക്ഷണം കഴിക്കലും ബന്ധുക്കളുടെ ഒത്തുചേരലുമൊക്കെയാണ് മതപരമല്ലാത്ത ഈ ദേശീയ അവധി ദിവസത്തെ സുന്ദരമാക്കുന്നത്. നമുക്കന്ന് ഉണങ്ങിയ ധാന്യം കൊണ്ട് വീടുകള്‍ അലങ്കരിക്കാം…
ഒരു ദിവസം നമ്മള്‍ ഒരുപാട് പേരോട് ”താങ്ക് യൂ…” എന്നു പറയുന്നു. ഇതൊരു ഫോര്‍മാലിറ്റിയാണെങ്കിലും അതില്‍ നന്ദിയുടെയും പരസ്പര ബഹുമാനത്തിന്റെയും ആചാരപരമായ മര്യാദയുടെയും മാന്യമായ പെരുമാറ്റത്തിന്റെയും അടിയുറച്ച ശീലം നിഴലിക്കുന്നുണ്ട്. ഇനിയും നമുക്കൊരുപാട് പേരോട് നന്ദി പറയുവാനുണ്ട്.
ലോകമെമ്പോടുംമുള്ള മനുഷ്യ ജീവന്റെ നിലനില്‍പ്പിനെ മാരകമായി ബാധിക്കുന്ന കൊറോണ വൈറസിന്റെ വ്യാപനത്തില്‍നിന്ന് വാക്‌സിനിലൂടെ നാം സുരക്ഷിതത്വത്തിന്റെ തീരത്തിലെത്തിയിരിക്കുകയാണ്. കോവിഡ് 19ന്റെ പിടിയില്‍ നിന്ന് നമ്മെ സംരക്ഷിച്ച് നിര്‍ത്തുന്ന ആരോഗ്യപ്രവര്‍ത്തകരുടെ നിസ്സീമമായ ജാഗ്രതയ്ക്കു മുന്നില്‍ നന്ദി പറയുന്നു.
ഈ ഭൂമുഖത്തേയ്ക്ക് കടന്നുവന്ന വൈറസിനെ ഉന്മൂലനം ചെയ്യാന്‍ പ്രതിജ്ഞയെടുത്തുകൊണ്ട് വാക്‌സിന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്മാരോടും നന്ദി പറയേണ്ടതുണ്ട്. രോഗശയ്യയില്‍ കിടക്കുമ്പോള്‍ അതിജീവനത്തിന്റെ മന്ത്രം ഉപദേശിക്കുന്ന ഉറ്റവരോടും ഉടയവരോടും നന്ദി പറയേണ്ടതുണ്ട്.
കാലമിങ്ങനെ പോകുമ്പോള്‍ പ്രാര്‍ത്ഥനകളിലൂടെ ദൈവാനുഗ്രഹത്തിന്റെ ചൈതന്യം നമ്മിലേക്കെത്തിച്ചു തന്ന പുരോഹിതന്മാരോടും നന്ദി ചൊല്ലേണ്ടതുണ്ട്. എല്ലാറ്റിനും ഉപരിയായി നാളെ നമ്മള്‍ സ്വസ്ഥമായി ജീവിക്കാന്‍ കല്പിക്കപ്പെടുന്ന അദൃശമായ ശക്തിക്ക് മുന്നിലും കൃതജ്ഞതയുടെ വാക്കുകള്‍ അടിയറ വയ്‌ക്കേണ്ടതുണ്ട്.
നന്ദി എന്നത് കേവലം ഉപചാര വാക്കല്ല. അത് സുഖദുഖ സമ്മിശ്രമായ ഘട്ടങ്ങളില്‍ നമ്മെ കൈ പിടിച്ച് ജീവിതത്തിലേക്ക് അടുപ്പിച്ചവര്‍ക്കുള്ള മനസ്സിന്റെ ഗിഫ്റ്റാണ്. മാതാപിതാക്കളും സഹോദരങ്ങളും ബന്ധുമിത്രാദികളും ഏറെ പ്രിയപ്പെട്ടവരും എല്ലാദിവസവും കമ്ടുമുട്ടുന്നവരും നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ നിന്നുള്ള നന്ദി അവകാശപ്പെട്ടവരാണ്. അത് യഥാസമയം മനസറിഞ്ഞ്, ഹൃദയം തുറന്ന് പ്രകാശിപ്പിക്കണം.
നേര്‍കാഴ്ചയുടെ മാന്യ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി ചൊല്ലുന്നു. നാളത്തെ സ്‌നേഹത്തിന്റെ പൊന്‍പുലരിയിലേക്ക് കൃതജ്ഞതയുടെ നറുമലരുകള്‍ വിതറികൊണ്ട്…
”ഹാപ്പി താങ്ക്‌സ് ഗിവിങ് ഡേ…”
ആദരവോടെ,
സൈമണ്‍ വളാച്ചേരില്‍ (ചീഫ് എഡിറ്റര്‍), രാജേഷ് വര്‍ഗീസ് (ചെയര്‍മാന്‍)