പി.പി. ചെറിയാൻ
ന്യുയോര്‍ക്ക് : യൂറോപ്പ് ഉള്‍പ്പെടെ പല രാഷ്ടങ്ങളിലും വീണ്ടും കോവിഡ് വ്യാപകമാകുന്ന റിപ്പോര്‍ട്ട് ലഭിച്ചതിന്റെ വെളിച്ചത്തില്‍ വാക്‌സിനേറ്റ് ചെയ്തവരും അല്ലാത്തവരും മാസ്‌കും സാമൂഹിക അകലവും പാലിക്കണമെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഡ്‌നം നിര്‍ദ്ദേശിച്ചു .
കോവിഡിന്റെ വ്യാപനം അവസാനിച്ചുവെന്നും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ പൂര്‍ണ്ണ സുരക്ഷിതരാണെന്നും തെറ്റിദ്ധരിച്ചു ചില രാജ്യങ്ങളും ചില കമ്മ്യുണിറ്റികളും മാസ്‌കിന്റെ ഉപയോഗവും സാമൂഹിക അകലവും പാലിക്കുന്നത് അവസാനിപ്പിച്ചിരിക്കുന്നു , ഇത് ശരിയല്ലെന്ന് നവം. 24 ബുധനാഴ്ച ഡയറക്ടര്‍ ടെഡ്രോസ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു .
വാക്‌സിനേഷന്‍ പല വിലപ്പെട്ട ജീവനുകളും സംരക്ഷിച്ചു എന്നത് ശരിയാണ് എന്നാല്‍ വാക്‌സിനേറ്റ് ചെയ്തവരിലും വീണ്ടും വൈറസ് വ്യാപിക്കുന്നതിനുളള സാധ്യത തള്ളിക്കളയാനാകില്ല , മാത്രമല്ല മറ്റുള്ളവരിലേക്ക് രോഗം പടരുന്നതിനും ഇടയാക്കും . ഇതാണ് മാസ്‌ക് ധരിക്കണമെന്നും അകലം പാലിക്കണമെന്നും നിര്‍ദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .
യൂറോപ്പ് ഇപ്പോള്‍ പാന്‍ഡമിക്കിന്റെ എപ്പിസെന്റര്‍ ആയി മാറിയിരിക്കുന്നു. കഴിഞ്ഞ വാരം ലോകത്തിലെ ആകെ കോവിഡ് കേസ്സുകളില്‍ 67% (2.4 മില്യണ്‍ ) യൂറോപ്പിലാണ് ഉണ്ടായത് . അത് മുന്‍ ആഴ്ചയേക്കാള്‍ 11% വര്‍ദ്ധനവാണ് . യൂറോപ്പിലും ഏഷ്യയിലും ഇത് വരെ 1.5 മില്യണ്‍ കോവിഡ് മരണങ്ങളാണ് നടന്നിട്ടുള്ളത് 2022 മാര്‍ച്ചില്‍ 700,000 കോവിഡ് മരണത്തെ കൂടെ സംഭവിക്കാന്‍ ഇടയുണ്ടെന്നും ഡയറക്ടര്‍ പറഞ്ഞു .