ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് വകഭേദത്തിന്റെ പശ്ചാതലത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും മറ്റ് അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെ കര്‍ശനമായി പരിശോധിക്കണമെന്ന് ഇന്ത്യ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.
ഈ മാസമാദ്യത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തിയിരുന്നു ഈ സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ബി.1.1.529 എന്ന പുതിയ കോവിഡ് വകഭേദം വളരെ അപകടകാരിയാണെന്നും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
പുതിയ കോവിഡ് വകഭേദത്തിന് ഉയര്‍ന്ന പകര്‍ച്ച സാധ്യയതുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതിനാല്‍ അന്താരാഷ്ട്ര യാത്രകള്‍ക്ക് രാജ്യം നല്‍കിയ ഇളവുകള്‍ പൊതുജനാരോഗ്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
ഏഷ്യയിലെ മറ്റ് രാജ്യങ്ങള്‍ അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും, യാത്രക്കാരില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും ശ്രമിക്കുമ്പോള്‍ ഇന്ത്യ ഇതുവരെ ഒരു മാര്‍ഗവും സ്വീകരിക്കുന്നില്ലെന്ന് ഉയര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയം പൂര്‍ണ്ണമായും പഠിച്ചിട്ടില്ലെന്നും വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യയിലേക്കുള്ള വിദേശ സഞ്ചാരികളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇന്ത്യ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കൊറോണ രോഗികളുടെ വര്‍ധനവില്‍ ലോക രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ, ഈ ആഴ്ചയിലെ റിപ്പോര്‍ട്ട് പ്രകാരം കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തിയത്.
വര്‍ധിച്ചുവരുന്ന പ്രതിരോധ കുത്തിവെപ്പുകളാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സാധിച്ചതെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. ഇന്ത്യയില്‍ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 34.56 മില്യണാണ്. സെപ്റ്റംബര്‍ മുതലാണ് ഇന്ത്യയില്‍ പ്രതിദിന കോവിഡ് രേഗികളുടെ എണ്ണത്തില്‍ കുറവ് വന്നത്.