Tuesday, December 24, 2024

HomeMain Storyഒമിക്രോണ്‍ അപകടകാരി; അതിര്‍ത്തികളടച്ച് രാജ്യങ്ങള്‍; കടുത്ത ജാഗ്രതാ നിര്‍ദേശം

ഒമിക്രോണ്‍ അപകടകാരി; അതിര്‍ത്തികളടച്ച് രാജ്യങ്ങള്‍; കടുത്ത ജാഗ്രതാ നിര്‍ദേശം

spot_img
spot_img

ലണ്ടന്‍: ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ ഒമിക്രോണ്‍ എന്ന വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ അതിര്‍ത്തികള്‍ അടച്ച് ലോക രാജ്യങ്ങള്‍. പുതുതായി കണ്ടെത്തിയ വൈറസിന്റെ തീവ്രത ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.

ഈ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, നമീബിയ, സിംബാബ്‌വെ, എസ്വറ്റിനി, ലെസൂത്തു രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനും യു.എസ്, ബ്രിട്ടന്‍, സിങ്കപ്പൂര്‍, ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ്, കാനഡ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തി. ഇസ്രയേല്‍ രാജ്യങ്ങള്‍ സഞ്ചാര വിലക്കിന്റെ ചുവന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി. 12 മണിക്കൂറിലേറെ ഈ രാജ്യങ്ങളില്‍ തങ്ങുന്നവര്‍ രാജ്യത്തെത്തിച്ചേരുന്നത് ചെക്ക് റിപ്പബ്ലിക്കും വിലക്കി.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോണ്‍ എന്ന് നാമകരണം ചെയ്തു. അതിവേഗ ഘടനാ മാറ്റവും തീവ്ര വ്യാപന ശേഷിയും ഉള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.

യഥാര്‍ത്ഥ കൊറോണ വൈറസില്‍ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗ മുക്തരായവരിലേക്ക് വീണ്ടും പകരാന്‍ സാധ്യത കൂടുതലാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ വകഭേദം യൂറോപ്പിലെ ആദ്യ കേസ് ബെല്‍ജിയത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഈജിപ്റ്റില്‍ നിന്ന് വന്ന യാത്രക്കാരിയില്‍ ആണ് രോഗബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഇവര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുകയായിരുന്നു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും മേഖലയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല ഫണ്‍ ഡെര്‍ലെയ്‌നും പ്രതികരിച്ചു.

അതിനിടെ, അടിയന്തര സാഹചര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.) യോഗം ചേര്‍ന്നിരുന്നു. പുതിയ വകഭേദത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ദക്ഷിണാഫ്രിക്കയുടെ ആകെ ജന സംഖ്യയുടെ 24 ശതമാനത്തിന് മാത്രമേ ഇപ്പോള്‍ നിലവില്‍ വാക്‌സിന്‍ ലഭിച്ചിട്ടുള്ളൂ. എന്നാല്‍, ഇത് വകഭേദം വേഗത്തില്‍ വ്യാപിക്കാന്‍ കാരണമാകും എന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇതിനിടെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനവും അനിശ്ചിതത്വത്തിലായി. നിലവില്‍ ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യന്‍ എ ടീം പര്യടനം ഉപേക്ഷിച്ചേക്കും. ഹോളണ്ട് ടീം പര്യടനം ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി. ഒമിക്രോണിന്റെ വരവേടെ ലോകം മുഴുവന്‍ ഓഹരി വിപണികളിലും വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്.

കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതിനിടെ, ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദം ‘ബി.1.1.529’ ആഗോള തലത്തില്‍ കടുത്ത ആശങ്ക ഉയര്‍ത്തി. വ്യാപനശേഷി കൂടുതലായതിനാല്‍ ഇത് ഡെല്‍റ്റയെക്കാള്‍ അപകടകാരിയായേക്കുമോയെന്നാണ് ശാസ്ത്രജ്ഞര്‍ ഉറ്റുനോക്കുന്നത്. ബി.1.1.529 വകഭേദത്തിന് ആകെ 50 ജനിതക വ്യതിയാനങ്ങള്‍ ഇതിനകം സംഭവിച്ചു കഴിഞ്ഞു. ഇതില്‍ 30 എണ്ണം വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിലാണ്. നിലവിലെ വാക്‌സിനുകളുടെയെല്ലാം ലക്ഷ്യം സ്‌പൈക്ക് പ്രോട്ടീനാണ്.

ശരീരത്തിലെ കോശങ്ങളിലേക്ക് തുളച്ചുകയറാന്‍ വൈറസിനെ സഹായിക്കുന്ന ഭാഗമാണ് സ്‌പൈക്ക് പ്രോട്ടീനുകള്‍. അതുകൊണ്ട് മുമ്പത്തെ വകഭേദത്തെക്കാള്‍ വ്യാപനശേഷിയുള്ളതാക്കാന്‍ ഇടയാക്കുമോ പുതിയ വകഭേദമെന്ന അന്വേഷണത്തിലാണ് ഗവേഷകര്‍. ഡെല്‍റ്റ വകഭേദത്തിന് ജനിതകവ്യതിയാനം സംഭവിച്ചുണ്ടായ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ പ്രത്യേകത അതിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ സംഭവിച്ച കെ.417എന്‍ എന്ന ജനിതകവ്യതിയാനമാണ്. ഇപ്പോള്‍ പുതുതായി രൂപപ്പെട്ട ബി.1.1.529 വകഭേദം അക്കൂട്ടത്തില്‍പ്പെട്ടതാണോയെന്ന് വ്യക്തമല്ല.

എയ്ഡ്‌സ് പോലെ പ്രതിരോധശേഷി കുറവുള്ള ഒരു രോഗിയിലുണ്ടായ കടുത്ത അണുബാധയില്‍നിന്നായിരിക്കാം ഈ വകഭേദം രൂപപ്പെട്ടതെന്ന് ലണ്ടന്‍ ആസ്ഥാനമായ യു.സി.എല്‍. ജനറ്റിക്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഫ്രാങ്കോയിസ് ബലൂക്‌സ് പറഞ്ഞു. ഈയാഴ്ച ദക്ഷിണാഫ്രിക്കയിലാണ് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന്, ബോട്‌സ്വാന ഉള്‍പ്പെടെയുള്ള സമീപരാജ്യങ്ങളിലേക്കും വ്യാപിച്ചു. ഹോങ് കോങ്ങിലും രണ്ടുകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ദക്ഷിണാഫ്രിക്കയില്‍നിന്നുള്ളവരിലാണ് ഇതുകണ്ടെത്തിയത്. ഹോട്ടലുകളില്‍ വ്യത്യസ്തമുറികളില്‍ താമസിച്ചിരുന്നവരാണ് ഇവര്‍. അതിനാല്‍ത്തന്നെ രോഗാണുവ്യാപനം വായുവിലൂടെയാകാനാണ് സാധ്യതയെന്നും സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയും പ്രത്യേക മുന്‍കരുതലെടുത്തു. വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍നിന്നെത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. രാജ്യത്ത് ഇതുവരെ ഈ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments