പി.പി. ചെറിയാന്‍
സണ്ണിവെയ്ല്‍ (കലിഫോര്‍ണിയ): വിദേശ ജോലിക്കാരുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരം നല്‍കിയ കേസില്‍ ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായ പ്രമുഖന്‍ കിഷോര്‍ കുമാറിനെ യുഎസ് ഫെഡറല്‍ കോടതി 15 മാസം തടവിന് ശിക്ഷിച്ചു.
നവംബര്‍ 22-ന് യുണൈറ്റഡ് സ്റ്റേറ്റ് ഡിസ്ട്രിക്ട് ജഡ്ജി എഡ്വേര്‍ഡ് ജെ. ഡാവിലയാണ് വിധി പ്രസ്താവിച്ചതെന്ന് യുഎസ് ആക്ടിംഗ് അറ്റോര്‍ണി സ്റ്റെഫിനി എം. ഹിന്റ്‌സ് അറിയിച്ചു. ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പത്രക്കുറിപ്പിലാണ് വിധിയെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.
2021 മെയ് 24-ന് കിഷോര്‍ കുമാര്‍ സിഇഒ ആയി പ്രവര്‍ത്തിക്കുന്ന നാല് സ്റ്റാഫിംഗ് കമ്പനികള്‍ സാങ്കേതിക വിദ്യാഭ്യാസമുള്ള വിദേശ ജോലിക്കാരെ കുറിച്ച് തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് യുഎസിലെ എച്ച്1ബി വിസ കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കി എന്ന കുറ്റമാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
2009 മുതല്‍ 2017 വരെ വിവിധ ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് എച്ച്1ബി വിസ ലഭിക്കുന്നതിനു വിദേശ ജോലിക്കാരുടെ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചിരുന്നതായി കിഷോര്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. വിസ അപേക്ഷകരില്‍ നിന്ന് വന്‍ തുക ഇയാള്‍ ഈടാക്കിയിരുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കി ഏകദേശം 100 അപേക്ഷകള്‍ സമര്‍പ്പിക്കുകവഴി ഒന്നര മില്യന്‍ ഡോളര്‍ ഇയാള്‍ സമ്പാദിച്ചതായും കോടതി കണ്ടെത്തി. 2022 ഫെബ്രുവരി പത്തുമുതല്‍ ശിക്ഷാകാലാവധി ആരംഭിക്കും.