ബ്രാറ്റ്‌സ് ലവ(സ്ലോവാക്യ): ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമൈക്രോണ്‍ എന്ന കൊറോണ വൈറസിന്റെ തീവ്രതയേറിയ വകഭേദം കണ്ടെത്തിയതിനു പിന്നാലെ യൂറോപ്പിലെ സ്ലോവാക്യയും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.
കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ യൂറോപ്പില്‍ രണ്ട് രാജ്യങ്ങളാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ആദ്യം ഓസ്ട്രിയായാണ് രാജ്യം അടച്ചിട്ടത്. ഇപ്പോള്‍ സ്ലൊവാക്യയും 14 ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. രാജ്യത്ത് 90 ദിവസത്തെ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമാണ് സ്ലൊവാക്യ.
ലോക്ഡൗണ്‍, അടിയന്തരാവസ്ഥ എന്നിവയിലൂടെ കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെയെല്ലാം അടച്ചിട്ടിരിക്കുകയാണ്.
അവശ്യ സാധനങ്ങള്‍ വാങ്ങല്‍, ജോലിയുമായി ബന്ധപ്പെട്ട യാത്രകള്‍, വാക്‌സിനേഷന്‍ എടുക്കല്‍ എന്നിവക്ക് മാത്രമേ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ. അടിയന്തരാവസ്ഥാക്കാലത്ത് ആറിലധികം ആളുകള്‍ ഒത്തുകൂടുന്നതും നിരോധിച്ചിട്ടുണ്ട്. ഒരേ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഇത് ബാധകമല്ല.
യൂറോപ്പിലെ ഏറ്റവും കുറഞ്ഞ വാക്‌സിനേഷന്‍ നിരക്കില്‍ സ്ലൊവാക്യ മൂന്നാം സ്ഥാനത്താണ്. ഇതുവരെ, ഏകദേശം 45 ശതമാനം പേര്‍ മാത്രമേ പൂര്‍ണ്ണമായി വാക്‌സിന്‍ എടുത്തിട്ടുള്ളൂ.
സ്ലൊവാക്യയുടെ അയല്‍ രാജ്യങ്ങളിലും കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ചെക്ക് റിപ്പബ്ലിക്കിലും ഹംഗറിയിലും കഴിഞ്ഞദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു.