തിരുവനന്തപുരം; തര്‍ക്കങ്ങള്‍ക്കിടെ ഇന്ന് സീറോ മലബാര്‍ സഭയുടെ കീഴിലുള്ള പള്ളികളില്‍ പരിഷ്‌കരിച്ച ക്രമം അനുസരിച്ചുള്ള കുര്‍ബാനകള്‍ നടന്നു. കുര്‍ബാനയുടെ ആദ്യ ഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായുമാണ് പുതിയ ക്രമം അനുസരിച്ചുള്ള കുര്‍ബാന നടന്നത്.
വൈദികരുടേയും വിശ്വാസികളുടേയും കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടെയാണ് പള്ളികളില്‍ സിനഡ് തീരുമാന പ്രകാരമുള്ള ഏകീകരണ കുര്‍ബ്ബാന ക്രമം നടപ്പായത്. പ്രതിഷേധം കണക്കിലെടുത്ത് പലദേവലായങ്ങള്‍ക്ക് മുന്‍പിലും ശക്തമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം എറണാകുളം അങ്കമാലി അതിരൂപതയിലും ഇരിങ്ങാലക്കുട രൂപതയിലും ഫരീദാബാദ് രൂപതകളും ജനാഭിമുഖ കുര്‍ബാനയാണ് തുടര്‍ന്നത്.
എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പ്രസന്നപുരം ഹോളി ഫാമിലി ചര്‍ച്ചില്‍ ഒഴികെ മറ്റെല്ലായിടങ്ങളിലും പഴയ രീതിയില്‍ ജനാഭിമുഖ കുര്‍ബാനയാണ് രാവിലെ മുതല്‍ നടന്നത്. സഭയടെ ആസ്ഥാന ദേവാലമായ സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ ഉള്‍പ്പെടെ ജനാഭിമുഖ കുര്‍ബാനയായിരുന്നു. നേരത്ത തങ്ങള്‍ ജനാഭിമുഖ കുര്‍ബാന തുടരുമെന്ന് അതിരൂപത വ്യക്തമാക്കിയിരുന്നു.
അതിരൂപത മെത്രാപ്പോലീത്തന്‍ ട്രസ്റ്റി മാര്‍ ആന്റണി കരിയില്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക അനുമതി ഇതിനായി നേടിയെടുത്തുവെന്ന് അവകാശപ്പെട്ടിരുന്ന. ഇതിന് പിന്നാലെ ജനാഭിമുഖ കുര്‍ബാന നടത്തുമെന്ന് അതിരൂപത സര്‍ക്കുലറിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം പഴയ രീതിയിലാണെങ്കിലും പുതിയ രീതിയിലാണ് പ്രാര്‍ത്ഥന നടപടികള്‍ കൈക്കൊണ്ടത്. നിലവില്‍ പ്രതിഷേധങ്ങള്‍ ഒന്നും ഇല്ലേങ്കിലും ദേവാലയത്തിന് പുറത്ത് ശക്തമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിിട്ടുണ്ട്.
പ്രസന്നപുരം ഹോളി ഫാമിലി ചര്‍ച്ചില്‍ സിനഡ് തിരുമാനം അനുസരിച്ചുള്ള കുര്‍ബാന ക്രമമാണ് നടന്നത്. നേരത്തേ സിനഡ് തിരുമാനം സംബന്ധിച്ച സര്‍ക്കുലര്‍ വായിച്ച അതിരൂപതയ്ക്ക് കീഴിലെ പള്ളികൂടിയാണ് ഇത്. എട്ട് പളളികളിലായിരുന്നു നേരത്തേ സര്‍ക്കുലര്‍ വായിച്ചിരുന്നത്.
നേരത്തേ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കാനായിരുന്നു തിരുമാനിച്ചതെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് സഭാ ആസ്ഥാനമായ എറണാകുളം മൗണ്ട് സെന്റ് തോമസിലാണ് കുര്‍ബാന അര്‍പ്പിക്കുക. അള്‍ത്താരയ്ക്ക് അഭിമുഖമായി പുതിയ രീതിയിലായിരിക്കും കുര്‍ബാന. രാവിലെ 10 നാണ് കുര്‍ബാന അര്‍പ്പണം.
അതേസമയം ഇരിങ്ങാലക്കുട രൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരാനാണ് രൂപതാ തീരുമാനം. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനാണ് പഴയ രീതി പിന്തുടരുന്നതിന് അനുമതി നല്‍കിയത്. തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നലെ രാത്രി വൈദിക കൂട്ടായ്മയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
നിലവില്‍ താമരശേരി അതിരൂപയ്ക്ക് കീഴിലുള്ള120 പള്ളികളില്‍ ഇന്ന് പുതുക്കിയ കുര്‍ബാന ക്രമം അനുസരിച്ചാണ് കുര്‍ബാന അര്‍പ്പിച്ചത്. മാനന്തവാടി രൂപതയിലും പുതിയ രീതിയാണ് പിന്തുടര്‍ന്നത്. തലശേരി രൂപത നേരത്തേ തന്നെ ജാനാഭിമുഖ കുര്‍ബാനയാണ് നടത്തുന്നത്. പാലക്കാട്, തൃശൂര്‍, ചങ്ങനാശ്ശേരി, താമരശ്ശേരി അതിരൂപതകളും പരിഷ്‌കരിച്ച കുര്‍ബാനക്രമം നടപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സഭയില്‍ നിലവിലുണ്ടായിരുന്ന മൂന്ന് വ്യത്യസ്ത കുര്‍ബാനയര്‍പ്പണ രീതികള്‍ സംയോജിപ്പിച്ചാണ് ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് കുര്‍ബാനയില്‍ വിശ്വാസപ്രമാണം മുതല്‍ ദിവ്യകാരുണ്യ സ്വീകരണം വരെയുള്ള ഭാഗം അള്‍ത്താരാഭിമുഖമായിട്ടായിരിക്കും. ബാക്കി ഭാഗം ജനാഭിമുഖവും.
വര്‍ഷങ്ങള്‍ നീണ്ട എതിര്‍പ്പുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് സിറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന ക്രമം നടപ്പിലാക്കുന്നത്. 1999 ലാണ് സിറോ മലബാര്‍ സഭയിലെ ആരാധനാക്രമം പരിഷ്‌കരിക്കാന്‍ സിനഡ് ശുപാര്‍ശ ചെയ്തത്. അതിന് വത്തിക്കാന്‍ അനുമതി നല്‍കിയത് ഈ വര്‍ഷം ജൂലൈയിലാണ്.